ആപ്പ്ജില്ല

UAE Golden Visa: ജോലിയില്ലെങ്കിലും യുഎഇ ഗോള്‍ഡന്‍ വിസ നേടാം; ഇതാ മാര്‍ഗങ്ങള്‍

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ പ്രൊഫഷനലുകള്‍, മാധ്യമങ്ങള്‍, ഐടി, മറ്റ് വ്യവസായങ്ങള്‍ എന്നിവയിലെ പ്രൊഫഷണലുകള്‍ക്ക് 30,000 ദിര്‍ഹമോ അതില്‍ കൂടുതലോ പ്രതിമാസ ശമ്പളമുണ്ടെങ്കില്‍ ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ ഇത്തരം ജോലികളൊന്നുമില്ലാത്ത റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, സംരംഭകര്‍, മികച്ച വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിക്കും.

Authored byനിഷാദ് അമീന്‍ | Samayam Malayalam 3 Feb 2024, 1:30 pm

ഹൈലൈറ്റ്:

  • മികച്ച വിദ്യാര്‍ഥികള്‍ക്കും പ്രതിഭകള്‍ക്കും വിസ നേടാം
  • കൊവിഡ് മുന്‍നിര പോരാളികള്‍ക്കും ഗോള്‍ഡന്‍ വിസ
  • നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും ഗോള്‍ഡന്‍ വിസ അര്‍ഹത

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam GOLDEN VISA
ദുബായ്: പ്രതിമാസം 30,000 ദിര്‍ഹത്തില്‍ കുറയാത്ത ശമ്പളമുള്ള പ്രൊഫഷനലുകള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നതെങ്കിലും ഇതൊന്നുമില്ലാതെയും ഈ വിസ നേടാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ വിദേശികള്‍ക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും അനുവദിക്കുന്ന 5-10 വര്‍ഷത്തെ റെസിഡന്‍സ് പെര്‍മിറ്റാണ് ഗോള്‍ഡന്‍ വിസ. നിബന്ധനകള്‍ പാലിച്ചവര്‍ക്ക് വിസ കാലഹരണപ്പെടുമ്പോള്‍ 10 വര്‍ഷത്തേക്ക് കൂടി പുതുക്കാവുന്നതാണ്.
കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യല്‍, ആറ് മാസത്തിലധികം യുഎഇക്ക് പുറത്ത് താമസിക്കാനുള്ള സൗകര്യം, ഗാര്‍ഹിക ജോലിക്കാരെ നിയമിക്കുന്നതിനുള്ള ഇളവ് എന്നിവ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ ഈ വിസ ലഭിക്കുന്നവര്‍ക്ക് ലഭിക്കും. 2019ലാണ് ഗോള്‍ഡന്‍ വിസ പദ്ധതി ആരംഭിച്ചത്. ഇതിനകം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കിയിട്ടുണ്ട്.


ഗോള്‍ഡന്‍ വിസ അര്‍ഹരായ വിഭാഗങ്ങളും ആവശ്യകതകളും

1. റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍

യുഎഇയില്‍ പ്രോപര്‍ട്ടി ഉള്ളവര്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്. ഒന്നോ അതിലധികമോ പ്രോപര്‍ട്ടികളുടെ മൊത്തം മൂല്യം 20 ലക്ഷം ദിര്‍ഹമോ അതിനുമുകളിലോ ആയിരിക്കണം. വസ്തുവിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നതിന് അധികാരികളില്‍ നിന്നുള്ള രേഖ ഹാജരാക്കണം.

അബുദാബി ക്ഷേത്ര സന്ദര്‍ശനത്തിന് മാര്‍ച്ച് 1 മുതല്‍ രജിസ്റ്റര്‍ ചെയ്യണം; ഉദ്ഘാടത്തിന് മുമ്പായി കൂടുതല്‍ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ടു
2. സംരംഭകര്‍
മികച്ച പ്രോജക്റ്റ് നേടിയ സംരംഭകര്‍ക്കും ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. എന്നാല്‍ ഇവ നൂതനവും റിസ്‌ക് ഏറ്റെടുക്കുന്നതും സാങ്കേതിക മേന്മയുള്ളതും ഭാവിസാധ്യതകളുള്ളതുമായിരിക്കണം. സംരംഭത്തിന്റെ ചുരുങ്ങിയ മൂലധന നിക്ഷേപം അഞ്ചു ലക്ഷം ദിര്‍ഹത്തില്‍ കുറയരുത്. യുഎഇയില്‍ നിന്നുള്ള ഒരു അംഗീകൃത ഓഡിറ്ററുടെ സാക്ഷ്യപത്രവും ഹാജരാക്കണം. യുഎഇയില്‍ നിര്‍ദ്ദിഷ്ട പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് അംഗീകാരമുള്ള ബിസിനസ് ഇന്‍കുബേറ്റര്‍ ആയിരിക്കണം.

പ്രവാസികള്‍ക്ക് ആശ്വാസം; ജോലി മാറ്റം അനുവദിക്കാത്ത സൗദി സ്‌പോണ്‍സര്‍മാര്‍ക്ക് തിരിച്ചടിയായി റീ എന്‍ട്രി നിയമഭേദഗതി പ്രാബല്യത്തില്‍
3. പ്രത്യേക പ്രതിഭ
ഈ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, സര്‍ഗശേഷിയുള്ളവര്‍, കണ്ടുപിടുത്തക്കാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍, കായികതാരങ്ങള്‍, ഡോക്ടറല്‍ ബിരുദധാരികള്‍ എന്നിവരുള്‍പ്പെടെ വിവിധ തൊഴിലുകളും കഴിവുകളും ഉള്‍പ്പെടുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, കമ്പ്യൂട്ടര്‍/ഇലക്ട്രോണിക്/സോഫ്റ്റ്വെയര്‍/ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ജനിതകശാസ്ത്രം, ബയോടെക് എന്‍ിനീയറിങ്, കൊവിഡ് മുന്നണിപോരാളികള്‍ തുടങ്ങിയ എഞ്ചിനീയറിംഗ്, സയന്‍സ് മേഖലകളിലെ പ്രൊഫഷണലുകളും ഇതില്‍ ഉള്‍പ്പെടുന്നു.

വിസ യോഗ്യത തെളിയിക്കുന്നതിന് വ്യക്തികള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന പ്രസക്തമായ രേഖകള്‍ സമര്‍പ്പിക്കണം.

4. മികച്ച വിദ്യാര്‍ഥികള്‍
ഉന്നത നിലവാരം കാഴ്ചവയ്ക്കുന്ന യുഎഇ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുഎഇ സര്‍വകലാശാലകളില്‍ നിന്നും ലോകമെമ്പാടുമുള്ള മികച്ച 100 സര്‍വകലാശാലകളില്‍ നിന്നുമുള്ള മികച്ച ബിരുദധാരികള്‍ക്കും വിസ ലഭ്യമാണ്.

വിദ്യാര്‍ഥിക്ക് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം എ അല്ലെങ്കില്‍ ബി റേറ്റുചെയ്ത ഒരു യൂണിവേഴ്‌സിറ്റി രേഖ, ഒരു ശുപാര്‍ശ കത്ത് അല്ലെങ്കില്‍ അംഗീകൃത ബിരുദ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.

5. മുന്‍നിര നായകന്മാര്‍
കൊവിഡ്-19 പോലുള്ള പ്രതിസന്ധികളില്‍ അസാധാരണമായ പ്രകടനം കാഴ്ചവെച്ച മുന്‍നിര പോരാളികള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ ശുപാര്‍ശ ചെയ്യുന്ന പക്ഷം ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹതയുണ്ട്. നഴ്സുമാര്‍, മെഡിക്കല്‍ അസിസ്റ്റന്റുമാര്‍, ലാബ് ടെക്നീഷ്യന്‍മാര്‍, ഫാര്‍മക്കോളജിസ്റ്റുകള്‍, ഫ്രണ്ട്ലൈന്‍ ഹീറോസ് ഓഫീസ് അംഗീകരിച്ച മറ്റ് കേഡര്‍മാര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.

താല്‍പ്പര്യമുള്ള വ്യക്തികള്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അല്ലെങ്കില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) ദുബായ് വെബ്‌സൈറ്റ് വഴി ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാം. 2022ലെ ആദ്യ പകുതിയില്‍ നല്‍കിയ ഗോള്‍ഡന്‍ വിസകളുടെ എണ്ണം 2023ലെ അതേ കാലയളവിനെ അപേക്ഷിച്ച് ദുബായില്‍ മാത്രം 52 ശതമാനം വര്‍ധിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ