ആപ്പ്ജില്ല

അവധി ദിനത്തിലെ മാറ്റം; യുഎഇ സ്‌കൂളുകള്‍ പ്രവൃത്തി സമയം ദീര്‍ഘിപ്പിക്കും

നഷ്ടമാവുന്ന ഉച്ചയ്ക്കു ശേഷമുള്ള സമയം വീണ്ടെടുക്കുന്നതിനു വേണ്ടി മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ കൂടുതല്‍ നേരം സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

Samayam Malayalam 11 Dec 2021, 1:07 pm
ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച ഉച്ച വരെ പ്രവൃത്തി സമയവും വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷവും ശനി, ഞായര്‍ ദിവസങ്ങളും അവധിയുമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതിന് അനുസൃതമായി സ്‌കൂള്‍ സയമങ്ങളില്‍ മാറ്റം വരുത്തിയേക്കും. അടുത്ത വര്‍ഷം ആരംഭം മുതല്‍ തന്നെ അബുദാബി, ദുബായ് എമിറേറ്റുകളിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളും പുതിയ അവധി മാറ്റത്തിന് അനുസൃതമായി വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
Samayam Malayalam uae schools will change working hours following the change in holidays
അവധി ദിനത്തിലെ മാറ്റം; യുഎഇ സ്‌കൂളുകള്‍ പ്രവൃത്തി സമയം ദീര്‍ഘിപ്പിക്കും


​സ്‌കൂള്‍ പ്രവൃത്തി സമയം വര്‍ധിപ്പിക്കും

പുതിയ സാഹചര്യത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ സ്‌കൂളുകളിലെ വാരാന്ത്യ അവധി തുടങ്ങും. ശനി, ഞായര്‍ ദിനസങ്ങളിലും അവധിയായിരിക്കും. നേരത്തേ ഉണ്ടായിരുന്ന ശനിയാഴ്ച പ്രവൃത്തി ദിവസത്തിന് പകരമാണ് വെള്ളിയാഴ്ച ഉച്ച വരെ ക്ലാസ്സെടുക്കുന്നത്. നഷ്ടമാവുന്ന ഉച്ചയ്ക്കു ശേഷമുള്ള സമയം വീണ്ടെടുക്കുന്നതിനു വേണ്ടി മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ കൂടുതല്‍ നേരം സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. പുതിയ അവധി മാറ്റം ആരംഭിക്കുന്ന അടുത്ത വര്‍ഷം തുടക്കം മുതല്‍ തന്നെ ഇത് നടപ്പില്‍ വരുത്താനാണ് ആലോചന.

​ഒന്നോ ഒന്നരയോ മണിക്കൂര്‍ കൂടുതല്‍ എടുക്കും

തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള നാലു പ്രവൃത്തി ദിനങ്ങളില്‍ ഒരു മണിക്കൂറോ ഒന്നര മണിക്കൂറോ അധിക സമയം ക്ലാസ്സുകള്‍ എടുക്കാനാണ് സ്‌കൂള്‍ മാനേജ്മെന്റ് ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രക്ഷിതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ് അധികൃതര്‍. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പില്‍ നിന്നുള്ള അനുമതിയും ഇതിനായി വാങ്ങേണ്ടതുണ്ട്. നിലവില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മൂന്നു മണി വരെയോ 3.30 വരെയോ ആയി ദീര്‍ഘിപ്പിക്കും. വെള്ളിയാഴ്ചയുണ്ടാകുന്ന സമയ നഷ്ടം പരിഹരിക്കുന്നതിനു വേണ്ടിയാണിത്.

​ഷാര്‍ജയില്‍ സ്‌കൂളുകള്‍ക്ക് മൂന്നു ദിവസം അവധി

നിലവിലെ പൊതു അവധി വെള്ളിയാഴ്ചയില്‍ നിന്ന് ശനിയാഴ്ചയിലേക്ക് മാറ്റിക്കൊണ്ടുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമനാത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ഉള്‍പ്പെടെ മൂന്നു ദിവസം അവധി നല്‍കാനാണ് ഷാര്‍ജ അധികൃതരുടെ തീരുമാനം. അതിന് അനുസൃതമായി ഷാര്‍ജയിലെ സ്‌കൂളുകള്‍ക്കും മൂന്നു ദിവസം അവധിയായിരിക്കും. അതിനാല്‍ മറ്റു നാലു ദിവസങ്ങളില്‍ ചുരുങ്ങിയത് ഒന്നര മണിക്കൂര്‍ കൂടുതല്‍ സമയം ക്ലാസ്സ് എടുക്കാനാണ് ഷാര്‍ജ എമിറേറ്റിലെ സ്‌കൂള്‍ മാനേജ്മെന്റുകള്‍ ആലോചിക്കുന്നത്. ഇക്കാര്യം ഷാര്‍ജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റിയുമായി ചര്‍ച്ച ചെയ്യാനിരിക്കുകായണ് അധികൃതര്‍. ഈ മാസം സ്‌കൂള്‍ അവധിക്കാലം തുടങ്ങുന്നതിനു മുമ്പ് തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അതേസമയം, ഷാര്‍ജയിലെ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി നല്‍കേണ്ടതുണ്ടോ എന്ന രീതിയിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതേസമയം, രക്ഷിതാക്കള്‍ക്ക് അവധി നല്‍കുകയും കുട്ടികള്‍ക്ക് സ്‌കൂള്‍ ഉണ്ടാവുകയും ചെയ്യുന്നത് കൊണ്ട് കാര്യമില്ലെന്ന അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്.

​പുതിയ അവധി മാറ്റം നിലവില്‍ വരിക ജനുവരി മുതല്‍

ശനിയാഴ്ച അവധി നല്‍കിക്കൊണ്ടുള്ള തീരുമാനം അടുത്ത വര്‍ഷം ജനുവരി ഒന്നു മുതലാണ് നിലവില്‍ വരിക. ഇതുപ്രകാരം തൊട്ടടുത്ത പ്രവൃത്തി ദിനമായ ജനുവരി മൂന്നാം തീയതി മുതല്‍ പുതുക്കിയ സമയക്രമത്തിലായിരിക്കും സ്‌കൂള്‍ പ്രവര്‍ത്തിക്കുക. ഇതിനുസരിച്ചുള്ള ക്രമീകരണങ്ങള്‍ അതിനു മുമ്പു തന്നെ പൂര്‍ത്തിയാക്കാനാണ് പദ്ധതി. ശനി, ഞായര്‍ ദിവസങ്ങളില്‍ വാരാന്ത്യ അവധി പിന്തുടരുന്ന രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോള തലതത്തിലെ രീതിയിലേക്ക് യുഎഇ ഭരണകൂടം അവധികള്‍ മാറ്റിയത്. പുതിയ മാറ്റത്തിലൂടെ ലോകത്തെ ഏറ്റവും കുറവ് പ്രവൃത്തി സമയമുള്ള രാജ്യമായി യുഎഇ മാറും. വെള്ളിയാഴ്ചയിലെ നിലവിലെ അവധി ശനിയാഴ്ചയിലേക്ക് മാറ്റുകയും വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം അവധി നല്‍കുകയും ചെയ്തതോടെ നാലര ദിവസം മാത്രമായി ആഴ്ചയിലെ പ്രവൃത്തി ദിനങ്ങള്‍ ചുരുങ്ങിയിരിക്കുകയാണ്.

Video-ബൂസ്റ്റർ എടുത്തിട്ടും ഒമിക്രോൺ

ആര്‍ട്ടിക്കിള്‍ ഷോ