ആപ്പ്ജില്ല

സ്‌കൂളിലെത്തിയാല്‍ കുട്ടികളുടെ സംരക്ഷണച്ചുമതല അധ്യാപകര്‍ക്ക്; പെരുമാറ്റച്ചട്ടവുമായി യുഎഇ

രക്ഷിതാക്കളോടും സമൂഹത്തോടും നല്ല രീതിയില്‍ പെരുമാറാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുക.

Samayam Malayalam 6 Sept 2022, 9:16 am
ദുബായ്: അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടവുമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂളിലെത്തിയാല്‍ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും അധ്യാപകരുടെ ചുമതലയാണെന്ന് വ്യക്താമക്കുന്നതാണ് പെരുമാറ്റച്ചട്ടം. നിലവിലുള്ള പെരുമാറ്റച്ചട്ടം പരിഷ്‌ക്കരിച്ചാണ് വിദ്യാഭ്യാസ മന്ത്രാലയം പുതിയത് ഇറക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
Samayam Malayalam uae sets code of conduct for all teachers and school staff
സ്‌കൂളിലെത്തിയാല്‍ കുട്ടികളുടെ സംരക്ഷണച്ചുമതല അധ്യാപകര്‍ക്ക്; പെരുമാറ്റച്ചട്ടവുമായി യുഎഇ



​അധ്യാപകർ അല്ലാത്ത ജീവനക്കാര്‍ക്കും പെരുമാറ്റച്ചട്ടം ബാധകം


റാഗിംഗ്, ഭീഷണിപ്പെടുത്തല്‍, കളിയാക്കല്‍, പീഡനങ്ങള്‍, ചൂഷണങ്ങള്‍ തുടങ്ങി എല്ലാതരം ദുരനുഭവങ്ങളില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിച്ച് പരിപാലിക്കേണ്ട ചുമതല അധ്യാപകര്‍ക്കുണ്ടെന്ന് പെരുമാറ്റച്ചട്ടം വ്യക്തമാക്കുന്നു. അധ്യാപകര്‍ക്ക് പുറമെ വിദ്യാലയങ്ങളിലെ മറ്റു ജീവനക്കാരും പൊതുവായി പാലിക്കേണ്ട മാര്യാദകളും സ്വഭാവഗുണങ്ങളും മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ ഭദ്രതയ്ക്കും കുട്ടികളുടെ സ്വഭാവ സംസ്‌ക്കരണത്തിനും രാജ്യത്തിന്റെ താല്‍പര്യത്തിനും അനുഗുണമാവുന്ന രീതിയിലുള്ള മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കേണ്ട ഉത്തരവാദിത്തവും സ്‌കൂള്‍ ജീവനക്കാര്‍ക്കുണ്ടെന്നും പെരുമാറ്റച്ചട്ടം വ്യക്തമാക്കുന്നു.

​പുതിയ പെരുമാറ്റച്ചട്ട പ്രകാരം അധ്യാപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്


- ഭീഷണിപ്പെടുത്തല്‍, അവഗണന, ചൂഷണം ഉള്‍പ്പെടെ എല്ലാ തരം പീഡനങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ സംരക്ഷിക്കല്‍.

- വിദ്യാര്‍ഥികളെ കുറിച്ചും അവരുടെ കുടംബത്തെ കുറിച്ചുമുള്ള സ്വകാര്യമായ വിവരങ്ങള്‍ പുറത്തുവിടാന്‍ പാടില്ല.

- വിദ്യാര്‍ഥികളില്‍ ഗുണാത്മകമായ മൂല്യങ്ങള്‍ പ്രോല്‍സാഹിപ്പിക്കണം.

- യുഎഇ സമൂഹത്തിന് അസ്വീകാര്യമായ ആശയങ്ങള്‍, പെരുമാറ്റങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് വിദ്യാര്‍ഥികളെ സംരക്ഷിച്ചു നിര്‍ത്തുക.

- സഹിഷ്ണുതയുടെയും സഹജീവി സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റേതുമായ മൂല്യങ്ങള്‍ വിദ്യാര്‍ഥികളില്‍ വളര്‍ത്തിയെടുക്കുക.

- വളര്‍ച്ചയിലേക്കും അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കുമുള്ള യുഎഇയുടെ ജൈത്രയാത്രയില്‍ കുട്ടികളില്‍ അഭിമാനം സൃഷ്ടിക്കുക.

- രാഷ്ട്ര നിര്‍മാണത്തിലും ദേശീയ പരിപാടികളിലും സജീവമായ പങ്കാളിത്തം വഹിക്കാന്‍ വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കുക.

- തെറ്റായ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികളെ തടയുക.

- ഏത് സാഹചര്യത്തിലായാലും മറ്റു വിദ്യാര്‍ഥികളുടെ ശരീരത്തെയോ മനസ്സിനെയോ വേദനിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികൡ നിന്ന് വിട്ടുനില്‍ക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുക.

- രക്ഷിതാക്കളോടും സമൂഹത്തോടും നല്ല രീതിയില്‍ പെരുമാറാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുക.

- ഇസ്ലാമിക മൂല്യങ്ങളോടും പാരമ്പര്യങ്ങളോടും ഇമാറാത്തി സംസ്‌ക്കാരത്തോടും ബഹുമാനവും ആദരവും വിദ്യാര്‍ഥികളില്‍ സൃഷ്ടിക്കുക

​ജീവനക്കാര്‍ പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


പുതിയ മാര്‍ഗ നിര്‍ദ്ദേശം അനുസരിച്ച് സ്‌കൂളുകളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ജോലിസ്ഥലത്തെ സാംസ്‌കാരികവും മതപരവും വംശീയവുമായ വൈവിധ്യത്തെ മാനിക്കണമെന്നും അനുശാസിക്കുന്നുണ്ട്. സഹപ്രവര്‍ത്തകരോടോ സ്ഥാപനത്തോടോ ഏതെങ്കിലും തരത്തിലുള്ള അവഗണനയോ വിവേചനമോ പുലര്‍ത്താന്‍ പാടില്ല. സ്‌കൂളില്‍ പുകവലിയോ മറ്റേതെങ്കിലും ലഹരി ഉല്‍പന്നങ്ങളുടെ ഉപയോഗമോ പാടില്ലെന്നും പെരുമാറ്റച്ചട്ടം നിഷ്‌ക്കര്‍ഷിക്കുന്നു. എല്ലാ ജീവനക്കാരും യുഎഇയുടെ സാംസ്‌കാരിക പാരമ്പര്യത്തെ മാനിക്കുന്ന രീതിയിലുള്ള വസ്ത്രധാരണം പാലിക്കണം. ശരീര ഭാഗങ്ങള്‍ പുറത്തുകാണിക്കുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് സ്‌കൂളിലേക്ക് വരാന്‍ പാടില്ല.

​എല്ലാ പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകം


രാജ്യത്തെ അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്നവര്‍ പാലിക്കേണ്ട മൂല്യങ്ങളുടെ ചട്ടക്കൂടാണ് പുതിയ പെരുമാറ്റച്ചട്ടത്തിലൂടെ രൂപപ്പെടുത്തിയതെന്ന് വിദ്യഭ്യാസ മന്ത്രി ഡോ. അഹമ്മദ് അല്‍ ഫലാസി പറഞ്ഞു. മന്ത്രാലയം അംഗീകരിച്ച കരിക്കുലം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകള്‍ക്കും നിയമം ബാധകമാണെന്നും മന്ത്രി അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ