ആപ്പ്ജില്ല

തമിഴ്‍നാട്ടില്‍ ദുരഭിമാനക്കൊല: മകളെ വിവാഹം കഴിച്ച ഇതര ജാതിക്കാരനെ കൊലപ്പെടുത്തി

തമിഴ്‍നാട്ടില്‍ ദുരഭിമാനക്കൊലപാതകം. മകളെ പ്രണയിച്ച് വിവാഹം കഴിച്ച ഇതരജാതിക്കാരനായ യുവാവിനെ പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. അരാണി താലൂക്കിൽ വർഗീയ സംഘർഷ സാധ്യതയെന്ന് പോലീസ്

Samayam Malayalam 31 Mar 2020, 2:51 pm
തിരുവണ്ണാമലൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. മകളെ പ്രണയിച്ച ഇതര ജാതിക്കാരനായ യുവാവിനെ പിതാവും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. തിരുവണ്ണാമലൈ ജില്ലയിലെ മൊറപ്പന്തങ്ങൽ ഗ്രാമത്തിലെ എം സുധാകർ (24) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്.
Samayam Malayalam murder caste fb
ദുരഭിമാനക്കൊലപാതകം - Representative Photo


വാണ്ണിയാർ സമുദായത്തിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചെന്നാരോപിച്ചാണ് കീഴ് ജാതിക്കാരനായ യുവാവിനെ പ്രതികൾ കൊലപ്പെടുത്തിയത്. കേസിൽ പെൺകുട്ടിയുടെ പിതാവ് മൂർത്തി (45), ബന്ധു കെ കതിരവൻ (25) എന്നിവരെ അറസ്റ്റ് ചെയ്തതായി അരാണി പോലീസ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ഒണ്ടികുഡിസായ് ഗ്രാമത്തിലെ പത്തൊമ്പതുകാരി എം ഷർമിളയുമായി സുധാകർ പ്രണയത്തിലായിരുന്നു. ആറുമാസം മുമ്പ് ഇരുവരും ഒളിച്ചോടി പോകുകയും വലാജപേട്ടയിലെ ഒരു ക്ഷേത്രത്തിൽവച്ച് വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ, ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. വിവാഹശേഷം ഇവർ പ്രദേശത്തെ ഒരു വീട്ടിൽ പത്ത് ദിവസത്തോളം വാടകയ്ക്ക് താമസിച്ചിരുന്നു.

Also Read: നിസാമുദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത മലയാളി മരിച്ചു

ഇതിനിടെ ഇവർ താമസിക്കുന്ന വീട് കണ്ടെത്തിയ മൂർത്തിയും സംഘവും അവിടെ എത്തുകയും ഷർമിളയെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടർന്ന് നാട്ടുമുഖ്യസ്ഥൻമാരുടെ സാന്നിധ്യത്തിൽ ഷർമിളയയുടെയും സുധാകറിന്റെയും ബന്ധം വേർപ്പടുത്തി. ഇതിന് പിന്നാലെ തന്റെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ സുധാകർ ചെന്നൈയിൽ മുമ്പ് ജോലി ചെയ്തിരുന്നിടത്തേക്ക് തിരിച്ചുപോയി.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ആഴ്ചയാണ് സുധാകർ നാട്ടിലേക്ക് മടങ്ങിയെത്തിയത്. സംഭവം നടന്ന ദിവസം രാവിലെ നടക്കാനിറങ്ങിയതായിരുന്നു സുധാകർ. ഇതിനിടെ പിന്തുടർന്നെത്തിയ മൂർത്തിയും കതിരവനും സുധാകറിനെ കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, കീഴ് ജാതിക്കാരനായ സുധാകറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അരാണി താലൂക്കിൽ വർഗീയ സംഘർഷം നിലനിൽക്കുകയാണെന്നും പൊലീസ് പറഞ്ഞു.

തമിഴ്നാട്ടിൽ ഇതിന് മുമ്പും ദുരഭിമാനക്കൊലകൾ നടന്നിട്ടുണ്ട്. 2016 മാർച്ച് 13ന് ഉദുമൽപേട്ട ബസ് സ്റ്റാൻഡിൽ നടന്ന ദുരഭിമാനക്കൊല തമിഴ്നാടിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. എൻജിനീയറിങ് വിദ്യാർഥിയായ ശങ്കറിനെ ഭാര്യ കൗസല്യയുടെ പിതാവ് ചിന്നസ്വാമിയടക്കമുള്ള പ്രതികൾ വെട്ടിക്കൊല്ലുകയായിരുന്നു. തടയാൻ ശ്രമിച്ച കൗസല്യയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ കേസിൽ ആറു പേർക്ക് ഇരട്ട വധശിക്ഷയാണ് കോടതി വിധിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്