ആപ്പ്ജില്ല

മയക്കുമരുന്ന് വേട്ട: പ്രതി എക്‌സൈസ് ഉദ്യോഗസ്ഥനെ വെടിവെച്ചു

പ്രതി എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ നാല് റൗണ്ട് വെടിയുതിർത്തു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Samayam Malayalam 30 Jul 2019, 7:07 pm
മലപ്പുറം: മയക്കുമരുന്ന് കേസിലെ പ്രതിയെ പിടകൂടാനുള്ള ശ്രമത്തിനിടെ എക്‌സൈസ് ഇന്‍സ്‌പെകടര്‍ക്ക് വെടിയേറ്റു. നിലമ്പൂര്‍ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിനാണ് കാലിന് വെടിയേറ്റത്. വെടിവെച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കോട്ടയം സ്വദേശി ജോർജുകുട്ടി(36)യെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്നലെ അര്‍ദ്ധരാത്രി പന്ത്രണ്ടു മണിയോടെയാണ് സംഭവം.
Samayam Malayalam georgekutty


മനോജ് കുമാറിന്റെ ചികിത്സക്ക് വേണ്ട സഹായങ്ങൾ ചെയ്യണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിസാഹസികമായി ലഹരി മരുന്ന് കള്ളക്കടത്തുകാരനെ പിടികൂടിയ എക്സൈസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. വെടിയേറ്റ ഇൻസ്പെക്ടർ മനോജിന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

മയക്കുമരുന്നു കടത്തുകാർ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നു എന്നത് അതീവ ഗൗരവമുള്ള അവസ്ഥയാണ്. ലഹരി വ്യാപനത്തിന് എതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കും. ബഹുജനങ്ങളുടെയും മാധ്യമങ്ങളുടെയും അകമഴിഞ്ഞ പിന്തുണ ഇതിനു വേണ്ടതുണ്ട്.

ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ വിജയത്തിനായി മുഴുവൻ ജനങ്ങളുടെയും സഹായം അഭ്യർത്ഥിക്കുന്നു. യുവജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് ഇതിൽ ഫലപ്രദമായി ഇടപെടാനാകും. മയക്കുമരുന്ന്മുക്ത സമൂഹം യാഥാർത്ഥ്യമാക്കുന്നതിന് സർക്കാർ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


20 കിലോഗ്രാം ഹാഷിഷ് ഓയിലുമായി കഴിഞ്ഞ മാസം ജൂൺ 23ന് ജോർജ്‌കുട്ടി പിടിയിലായിരുന്നു. എന്നാൽ, ഈ മാസം അഞ്ചാം തീയതി തെളിവെടുപ്പിനിടെ ബെംഗലൂരുവിൽ വച്ച് എക്‌സൈസിന്റെ കസ്റ്റഡിയില്‍ നിന്നും ജോര്‍ജ്ജുകുട്ടി രക്ഷപെട്ടു. 27 ന് രാത്രി ജോർജ് കുട്ടി ബെംഗലൂരുവിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ ബെംഗലൂരുവിൽ എത്തി.എന്നാൽ, അപ്പോഴേക്കും ജോർജുകുട്ടി ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.

പോലീസ് കസ്റ്റഡിയിൽ നിന്ന് പ്രതിയെ രക്ഷപെടാൻ സഹായിക്കുകയും ഒളി താവളം ഒരുക്കുകയും ചെയ്ത കുഞ്ഞുണ്ണി എന്ന അനിരുദ്ധൻ, മുഹമ്മദ് ഷാഹീർ എന്നിവരെ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തതോടെ ഇയാള്‍ മലപ്പുറം വണ്ടൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുട്ടിപ്പാറ എന്ന സ്ഥലത്തുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കുട്ടിപ്പാറയിലാണ് ജോർജുകുട്ടിയുടെ ഭാര്യ വീട്. പ്രതി അവിടെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.


ലഭിച്ച വിവരം സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറം ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ നിലമ്പൂര്‍, വഴിക്കടവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് കുമാര്‍ സജിമോന്‍ എന്നിവറങ്ങുന്ന എക്‌സൈസ് സംഘം രാത്രിയില്‍ വീടുവളഞ്ഞു. സംഭവം തിരിച്ചറിഞ്ഞ പ്രതി ജോര്‍ജ്ജുകുട്ടി വീട്ടിന്റെ പിറകുവശത്തെ വാതിൽ തുറന്ന് തോക്ക് കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

ഇരുട്ടില്‍ നടത്തിയ വെടിവെപ്പില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ വലതുകാലിന് മുട്ടിനുതാഴെ വെടികൊണ്ടു. ഇയാള്‍ നാല് റൗണ്ട് വെടിയതുര്‍ത്തതായാണ് റിപ്പോര്‍ട്ട്.തിര തീര്‍ന്നതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ എക്‌സൈസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടി. വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പ്രതിയില്‍ നിന്നും കണ്ടെടുത്തെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്