ആപ്പ്ജില്ല

മുളക് പൊടി വിതറി വ്യാപാരിയെ ആക്രമിച്ച് സ്വർണക്കവർച്ച: അഞ്ച് പേർ അറസ്റ്റിൽ

ദീർഘനാളത്തെ നിരീക്ഷണത്തിന് ശേഷം വ്യക്തമായ പദ്ധതിയുണ്ടാക്കിയാണ് സംഘം ആക്രമണം നടത്തിയത്. ബിജുവിന്റെ സ്ഥാപനത്തിൽ പത്ത് വർഷത്തോളം ജോലി ചെയ്ത ആനിൽകുമാറാണ് ബിജു നടത്താറുള്ള യാത്രകളെ കുറിച്ച് സംഘത്തിന് വിശദമായ വിവരം നൽകിയത്

Samayam Malayalam 7 Jul 2019, 3:23 pm
തിരുവനന്തപുരം: വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ അഞ്ചു പേർ അറസ്റ്റിൽ. തൃശൂർ കടങ്ങോട്ട് വീട്ടിൽ അനികുമാർ (42) ഒല്ലൂക്കര മണ്ണുത്തി മംഗലശ്ശേരി വീട്ടിൽ റിയാസ്(36), വെള്ളിയാലിക്കൽ കണിമംഗലം തോട്ടുങ്കൽ വീട്ടിൽ നവീൻ(29), ആലപ്പറ കണ്ണറ പയ്യംകൂട്ടിൽ സതീഷ്(40), പേരാമംഗലംആലംപാണ്ടിയത്ത് വീട്ടിൽ മനു എന്നു വിളിക്കുന്ന സനോജ്(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Samayam Malayalam arrest


സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് ഫോർട്ട് പോലീസ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയായിരുന്നു വ്യാപാരിയെ സംഘം ആക്രമിച്ച് സ്വർണം കവർന്നത്. തിരുവനന്തപുരത്ത് സ്വർണ വ്യാപാരിയായ ബിജുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒന്നരക്കിലോ സ്വർണമാണ് ബിജുവിൽ നിന്ന് സംഘം കവർന്നത്. വർഷങ്ങളോളം ബിജുവിന്റെ സ്ഥാപനത്തിലെ ജീവനകകരനായിരുന്ന അനിൽകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കവർച്ച നടത്തിയത്.

തമ്പാനൂർ റെയിവേസ്റ്റേഷനിൽ ബിജുവിനെ കാർ എടുക്കാൻ വരുന്ന സമയത്ത് പാർക്കിങ് ഏരിയയിൽ വെച്ച് ആക്രമിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, അവിടുത്തെ തിരക്ക് കാരണം സംഘം ആക്രമണ സ്ഥലം മാറ്റി. പാർക്കിങ്ങിൽ നിന്ന് വാഹനമെടുത്ത് വീട്ടിലേക്ക് തിരിച്ച ബിജുവിനെ പിന്തുടർന്ന് ശ്രീവരാഹത്തിന് സമീപത്ത് വെച്ച് ആക്രമിക്കുകയായിരുന്നു.

ജാക്കി ലിവർ കൊണ്ട് വാഹനം തടഞ്ഞു നിർത്തി ചില്ലുകൾ തകർത്ത ശേഷം ബിജുവിന്റെ കണ്ണിൽ മുളക് പൊടി വിതറിയാണ് കവർച്ച നടത്തിയത്. കവർച്ച നടത്തിയ ശേഷം സംഘം അവർ സഞ്ചരിച്ച കാർ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ ഉപേക്ഷിച്ചു.

ബിജു നൽകിയ അക്രമികളെ കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പോലീസ് അന്വേഷണം ആരംഭിച്ചത്. പത്ത് വർഷത്തോളം ബിജുവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അനിൽകുമാർ കൃത്യമായി ബിജുവിന്റെ നീക്കങ്ങൾ മനസിലാക്കി സംഘത്തിലുള്ളവർക്ക് നിർദേശങ്ങൾ നൽകിയിരുന്നു.

തൃശൂരിൽ നിന്ന് ബിജു ട്രെയിനിൽ കയറിയപ്പോൾ മുതൽ സംഘം രണ്ടു കറുകളിലായി തിരുവനന്തപുരം വരെ ബിജുവിനെ നിരീക്ഷിച്ചിരുന്നു. ബിജുവിന്റെ യാത്രകൾ സംഘം കുറച്ച് നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. നാളുകളായി ബിജുവിനെ നിരീക്ഷിച്ച് തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു ആക്രമണവും കവർച്ചയുമെന്ന് പോലീസ് പറഞ്ഞു. ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് ഫോർട്ട് പോലീസ് കവർച്ചാ സംഘത്തെ പിടികൂടിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്