ആപ്പ്ജില്ല

രാജ്‌കുമാറിനെ മർദ്ദിച്ചത് കൊല്ലാൻ വേണ്ടി തന്നെയെന്ന് കൂട്ടു പ്രതി ശാലിനി

വരുന്ന പോലീസുകാരെല്ലാം രാജ്‌കുമാറിനെ മർദ്ദിച്ചിരുന്നെന്ന് കൂട്ടുപ്രതി ശാലിനിയുടെ മൊഴി. വേദന കൊണ്ട് രാജ്‌കുമാർ നിലവിളിച്ചെന്നും ശാലിനി മാധ്യമങ്ങളോട് പറഞ്ഞു. എസ്‌പിയുടെയും ഡിവൈഎസ്‌പിയുടെയും മൊഴികലെ തള്ളുന്നതാണ് ശാലിനിയുടെ വെളിപ്പടുത്തൽ.

Samayam Malayalam 7 Jul 2019, 12:49 pm
ഇടുക്കി: പോലീസുകാരിൽ നിന്ന് രാജ്‌കുമാറിനൊപ്പം തനിക്കും ക്രൂര പീഡനമേറ്റെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ കൂട്ടു പ്രതി ശാലിനി. തങ്ങളെ ഉപദ്രവിച്ച പൊലീസുകാരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും ശാലിനി പറഞ്ഞു. പോലീസിനെ ഏൽപിക്കുന്നതിന് മുൻപ് നാട്ടുകാർ തങ്ങളെ മർദ്ദിച്ചിരുന്നു, എന്നാൽ ഒരാൾ മരിക്കാൻ തക്കവണ്ണം ക്രൂരമായി നാട്ടുകാർ മർദ്ദിച്ചില്ലെന്നും ശാലിനി വ്യക്തമാക്കി.
Samayam Malayalam rajkumar custody


ഒമ്പത് പോലീസുകാരാണ് മർദ്ദിച്ചത്. അവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്ന് ശാലിനി വ്യക്തമാക്കി. തങ്ങൾക്ക് നേരെ പച്ചമുളക് പ്രയോഗം നടന്നെന്നും ശാലിനി പറഞ്ഞു. കൊല്ലാൻ വേണ്ടി തന്നെയാണ് പോലീസുകാർ രാജ്‌കുമാറിനെ മർദ്ദിച്ചത്. രാജ്‌കുമാറിന്റെ മുണ്ടിൽ ചോര പുരണ്ടിരുന്നു. വേദന കൊണ്ട് രാജ്‌കുമാർ നിലവിളിച്ചെന്നും ശാലിനി പറഞ്ഞു.

ഗീതു, റസിയ എന്നീ വനിതാ പോലീസുകാർ തന്നെ അടിച്ച ശേഷം രഹസ്യ ഭാഗത്ത് പച്ചമുളക് അരച്ചൊഴിച്ചെന്ന് ശാലിനി വെളിപ്പെടുത്തി. രാജ്‌കുമാറിന്റെ കണ്ണിൽ എസ്‌ഐ മുളക് ഞെരുടിയൊഴിച്ചു. വരുന്ന പോലീസുകാരെല്ലാം രാജ്‌കുമാറിനെ മർദ്ദിച്ചെന്നും ശാലിനി വെളിപ്പെടുത്തി. എസ്പിയും ഡിവൈഎസ്‌പിയും ഉൾപ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ തന്നെയാണ് രാജ്‌കുമാറിനെ മർദ്ദിച്ചതെന്ന് ശാലിനി പറഞ്ഞു.

വയർലെസിലൂടെ അപ്പപ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയിരുന്നെന്ന് മനസിലായിരുന്നു. കൈക്കൂലിക്ക് വേണ്ടിയായിരുന്നു പോലീസുകാർ രാജ്‌കുമാറിനെ മർദ്ദിച്ചത്. ഷുക്കൂർ എന്ന പോലീസുകാരൻ 5000 രൂപയും എസ്‌ഐ സാബു 50000 രൂപയും കൈക്കൂലിയായി ചോദിച്ചു. കൈക്കൂലി നൽകാൻ രാജ്‌കുമാർ തീരുമാനിച്ചിരിക്കെയാണ് പോലീസ് അറസ്റ്റ് ചെയ്തതും ക്രൂരമായി മർദ്ദിച്ചതെന്നും ശാലിനി പറഞ്ഞു.

നാട്ടുകാരുടെ മർദ്ദനം ഒരിക്കലും മരണത്തിലേക്ക് നയിക്കുന്നതായിരുന്നില്ല. തട്ടിപ്പ് നടത്തിയ ഒരാളെ മർദ്ദിക്കും പോലെ നാട്ടുകാർ മർദ്ദിച്ചതേയുള്ളൂ.രാജ്‌കുമാർ നടത്തിയിരുന്ന സ്ഥാപനത്തിൽ കോടികളുടെ ഇടപാട് നടന്നിട്ടില്ലെന്നും ശാലിനി കൂട്ടിച്ചേർത്തു. 15 ലക്ഷം രൂപയുടെ ഇടപാട് മാത്രമാണ് അവിടെ നടന്നത്. താനും അവിടെ സാമ്പത്തിക സാധ്യം തേടി ചെന്നതാണ്. രാജ്‌കുമാർ തന്നെയാണ് പിന്നീട് തന്നെ സ്ഥാപനത്തിലെ ജീവനകക്രിയക്കിയതെന്നും ശാലിനി വെളിപ്പെടുത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്