ആപ്പ്ജില്ല

20 വർഷം ഒളിവിൽ; പിടിയിലായ ഇജാസ് ലക്ഡാവാലയിലൂടെ മലയാളി വ്യവസായിയുടെ ഘാതകനെ കണ്ടെത്താൻ കഴിയുമോ?

സോണിയയിലൂടെയാണ് ഇജാസിനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ ആദ്യം സോണിയയാണ് അറസ്റ്റിലായത്.

Samayam Malayalam 10 Jan 2020, 8:19 pm
Samayam Malayalam ijaas


പാറ്റ്ന: ഇരുപത് വർഷത്തെ ഒളിവ് ജീവിതത്തതിന് ശേഷം ഇജാസ് ലക്ഡാവാല പിടിയിലായപ്പോൾ ഉയരുന്നത് ഒരു പ്രധാന ചോദ്യം. മലയാളിയായ വ്യവസായി തഖിയുദ്ദീൻ വാഹിദിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും അനുയായി ആയിരുന്നു കഴിഞ്ഞ ബുധനാഴ്ച പിടിയിലായ ഇജാസ് ലക്ഡാവാല.

വർക്കല സ്വദേശിയയായ തഖിയുദ്ദീൻ വാഹിദ് 1995 നവംബർ 13നാണ് മുംബൈയിലെ തന്റെ ഓഫീസിന് സമീപത്ത് വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. രാജ്യത്തെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് മാനേജിങ് ഡയറക്ടറായിരുന്നു തഖിയുദ്ദീൻ. മുംബൈ ബാന്ദ്രയിലെ ഓഫീസിൽ നിന്ന് വീട്ടിലേക്കുള്ള വഴിമധ്യേയാണ് തഖിയുദ്ദീനെ മൂന്നംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്.

Also Read: 'ജെഎൻയു ആക്രമണത്തിനു പിന്നിൽ ഓയ്ഷി ഘോഷും'; തെളിവുകളുമായി ഡൽഹി പോലീസ്

ഇജാസും തഖിയുദ്ദീനെ വെടിവെച്ച സംഘത്തിൽ ഉണ്ടായിരുന്നെന്നാണ് പൊലീസിന് അന്ന് ലഭിച്ച സൂചന. പെട്ടന്ന് തഖിയുദ്ദീന്റെ കമ്പനിക്കുണ്ടായ വളർച്ചയെ തുടർന്ന് വ്യവസായരംഗത്തെ മറ്റൊരു പ്രമുഖൻ ക്വട്ടേഷൻ നൽകി കൊലപാതകം നടത്തിയതാണെന്ന വാദവും അന്ന് നിലനിന്നിരുന്നു.ഛോട്ടാ രാജന്റെ സംഘം തഖിയുദ്ദീനെ വധിച്ചെന്നായിരുന്നു റിപ്പോർട്ടുകൾ. ഛോട്ടാ രാജൻ ഇക്കാര്യം പിന്നീടൊരിക്കൽ ഒരു ഇംഗ്ളീഷ് മാസികക്ക് നൽകിയ അഭിമുഖത്തിൽ സമ്മതിക്കുകയും ചെയ്തിരുന്നു.

തഖിയുദ്ദീൻ കൊല്ലപ്പെട്ട് എട്ട് വർഷങ്ങൾക്ക് ശേഷം ദാവൂദ് ഇബ്രാഹിമിന്റെ സംഘമാണ് കൊലക്ക് പിന്നിലെന്നും വാർത്ത വന്നിരുന്നു. കേസ് പുനരന്വേഷിക്കാൻ റോ നിർദേശം നല്കിയെങ്കിലും പിന്നീട് അന്വേഷണം കാര്യമായി മുന്നോട്ട് പോയില്ല. തഖിയുദ്ദീനെ കൊലപ്പെടുത്തിയ സംഘത്തിലെ ഇജാസിനെ കഴിഞ്ഞ ബുധനാഴ്ചയാണ് മകളെ അറസ്റ്റ് ചെയ്ത ശേഷം പിടികൂടിയത്. ഇജാസിന്റെ മകൾ സോണിയ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. ജനുവരി 21 വരെ ഇജാസിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. സോണിയിൽ നിന്നാണ് പൊലീസിന് ഇജാസിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്