ആപ്പ്ജില്ല

കൊവിഡ് ചികിത്സയിലുള്ള ഭർത്താവിന് രഹസ്യമായി മദ്യം എത്തിച്ചു നൽകി; ഭാര്യക്കെതിരെ കേസ്

ഭർത്താവിനെ സന്ദർശിച്ച ഭാര്യ ഭക്ഷണങ്ങളടങ്ങിയ ബാഗ് ഇയാൾക്ക് നൽകിയിരുന്നു. ഇവർ മടങ്ങിയതിന് പിന്നാലെ ഭർത്താവ് ബഹളം വയ്ക്കാൻ തുടങ്ങിയതോടെയാണ് മദ്യപിച്ചെന്ന് മനസിലായത്

Samayam Malayalam 17 Aug 2020, 8:11 pm
Samayam Malayalam woman secretly supplies alcohol to covid 19 positive husband in hospital in tamil nadu
കൊവിഡ് ചികിത്സയിലുള്ള ഭർത്താവിന് രഹസ്യമായി മദ്യം എത്തിച്ചു നൽകി; ഭാര്യക്കെതിരെ കേസ്

ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലുള്ള ഭർത്താവിന് രഹസ്യമായി മദ്യം എത്തിച്ച് നൽകിയ ഭാര്യയ്ക്കെതിരെ കേസ്. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലാണ് സംഭവം. മദ്യപിച്ച ഭർത്താവ് ആശുപത്രിയിൽ ബഹളം വെച്ചതോടെയാണ് സംഭവം പുറത്തറിയുന്നതും 38കാരിയ്ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നതും.

ഓഗസ്റ്റ് 12 ന് ചിദംബരത്തിലെ രാജ മുത്തയ്യ മെഡിക്കൽ കോളേജിലാണ് സംഭവം. ഒരാഴ്ച മുമ്പാണ് ടി മുത്തുകുമാരൻ എന്ന 48കാരന് കൊവിഡ്-19 സ്ഥിരീകരിക്കുന്നത്. തുടർന്ന് ചികിത്സയ്ക്കായി ഇയാളെ ആർ‌എം‌എം‌സി‌എച്ചിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് മുത്തുകുമാരന്‍റെ ഭാര്യ കലൈമംഗെ ആശുപത്രിയിൽ ഇയാളെ സന്ദർശിച്ചത്. തുടർന്ന് ഭക്ഷണങ്ങളടങ്ങിയ ബാഗ് നൽകുകയും ചെയ്തു .

Also Read: കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; ഹോട്ട്സ്പോട്ടുകളുടെ എണ്ണം 571 ആയി; വിശദാംശങ്ങൾ

ഭാര്യ മടങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോൾ മുത്തുകുമാരൻ ആശുപത്രി വാർഡിൽ നിന്ന് ബഹളം വയ്ക്കാൻ ആരംഭിക്കുകയായിരുന്നു. ശല്യം തുടർന്നതോടെ മറ്റ് രോഗികൾ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് സ്റ്റാഫും വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും എത്തിയപ്പോഴാണ് ഇയാൾ മദ്യപിച്ചിരുന്നെന്ന് വ്യക്തമായത്. അന്വേഷണത്തിൽ ഭാര്യ കൈമാറിയ ബാഗിൽ മദ്യക്കുപ്പിയുണ്ടെന്നും വ്യക്തമായി.

തുടർന്ന് വിഎഒ ചിദംബരം അണ്ണാമലൈ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഐപിസി സെക്ഷൻ 269, 271, 294 വകുപ്പുകൾ പ്രകാരം മുത്തുകുമാരനും ഭാര്യയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്