ആപ്പ്ജില്ല

'പള്ളിവക കെട്ടിടം ഒഴിപ്പിക്കാന്‍ ഇടവക കമ്മറ്റിയുടെ ക്വട്ടേഷന്‍'; യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് യുവാവും പള്ളിയും തമ്മിൽ തർക്കം നിലനിന്നിരുന്നു, വികാരിയുടെ നേതൃത്വത്തിൽ കടയൊഴിപ്പിക്കാൻ ശ്രമം നടന്നിരുന്നുവെന്നും യുവാവ് പറയുന്നു.

Samayam Malayalam 28 Nov 2020, 11:23 pm
ഇടുക്കി: പള്ളിവക വാടക കെട്ടിടത്തിൽ അതിക്രമിച്ചുകയറി കച്ചവടം നടത്തിയെന്നാരോപിച്ച് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. മൂന്നാർ കാർമൽ ബിൽഡിങിൽ പ്രവർത്തിക്കുന്ന ഫ്രൻസ് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിന്റെ ഉടമ റോയി (45)നെയാണ് വെട്ടി പരിക്കേൽപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെ ആയുധങ്ങളുമായി എത്തിയ ഒരു സംഘമാണ് റോയിയെ ആക്രമിച്ചത്.
Samayam Malayalam police
പ്രതീകാത്മക ചിത്രം |TOI


മൂന്നാർ കാർമൽ ദേവാലയത്തിനു സമീപത്തെ കാർമൽ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പള്ളിയും റോയിയും വർഷങ്ങളായി തർക്കം നിലനിന്നിരുന്നു. പള്ളി വികാരിയുടെ നേതൃത്വത്തിൽ റോയിയെ ഒഴിപ്പിക്കാൻ ശ്രമം നടന്നിരുന്നു. പള്ളിക്ക് ഇടവകയുടെ പിന്തുണ ലഭിച്ചതോടെ കടയിലാണ് റോയി അന്തിയുറങ്ങിയിരുന്നത്. വ്യാഴാഴ്ച പുലർച്ചെ മൂന്നിന് പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് കടയുടെ ഷട്ടർ ബലമായി തുറന്ന് കമ്പിയും വടിവാളുമുപയോഗിച്ച് തന്നെ ആക്രമിച്ചതെന്ന് റോയി പറഞ്ഞു.

തന്നെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയശേഷം പെരിയവാര പാലത്തിനു സമീപത്തുവെച്ച് മർദ്ദിച്ചു. തുടർന്ന് പള്ളിക്ക് സമീപത്തെ കെട്ടിടത്തിൽ പൂട്ടിയിട്ടും മർദ്ദിച്ചു. കടയിലെ സാധനങ്ങൾ മറ്റൊരു വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്നും റോയി പറഞ്ഞു. തന്നെ മർദ്ദിച്ചശേഷം ആശുപത്രിയിൽ എത്തിച്ചത് അക്രമികൾ തന്നെയാണെന്ന് റോയി പറഞ്ഞു. അക്രമത്തിന് നേതൃത്വം കൊടുത്ത ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അടിമാലി സിഐ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കടയിലെ സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, വധശ്രമം, പിടിച്ചുപറി, വീടുകയറി ആക്രമിക്കൽ അടക്കം ആറോളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിന് ഏഴംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്, ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്