ആപ്പ്ജില്ല

രക്ഷിച്ചവര്‍ക്ക് നന്ദി; നടുക്കടലിലെ അനുഭവം പങ്കുവെച്ച് അഭിലാഷ് ടോമി

രക്ഷിച്ച ശേഷമുള്ള അഭിലാഷിന്‍റെ ചിത്രം നാവികസേന പുറത്തുവിട്ടു

Samayam Malayalam 26 Sept 2018, 9:13 pm
കാൻബറ: പ്രക്ഷുബ്ധമായ കടലിൽ നിന്ന് തന്നെ സാഹസികമായി രക്ഷപെടുത്തിയതിന് നന്ദി അറിയിച്ച് കമാൻഡര്‍ അഭിലാഷ് ടോമി. രക്ഷാപ്രവര്‍ത്തനത്തിൽ പങ്കാളികളായ എല്ലാവര്‍ക്കും കൂടാതെ നാവികസേനയ്ക്കും അഭിലാഷ് ടോമി നന്ദി പറഞ്ഞു. അകപടത്തിൽപ്പെട്ട് ബോട്ടിൽ കഴിഞ്ഞിരുന്ന അഭിലാഷിനെ രക്ഷിച്ച ശേഷമുള്ള ആദ്യ ചിത്രവും സന്ദേശവും ഇന്ത്യൻ നാവികസേനയാണ് പുറത്തുവിട്ടത്.
Samayam Malayalam abhilash tomy


അപകടം നടക്കുമ്പോള്‍ അവിശ്വസനീയമായ വിധത്തിൽ കടൽ അശാന്തമായിരുന്നുവെന്ന് അഭിലാഷ് ടോമി പറഞ്ഞു. പ്രകൃതിയുടെ ശക്തിയോട് പൊരുതിയാണ് താനും ബോട്ടും പിടിച്ചുനിന്നതെന്നും തന്‍റെ ഉള്ളിലെ സൈനികബലമാണ് തുണയായതെന്നും അഭിലാഷ് പറഞ്ഞു. പായ്‍‍വഞ്ചിയോട്ടത്തിലെ വൈദഗ്ധ്യവും നാവികസേനയിൽ നിന്ന് ലഭിച്ച വിദഗ്ധപരിശീനവും സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ച കമാൻഡര്‍ അഭിലാഷ് ടോമിയുടെ പരിക്ക് അതീവഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശോധനാഫലം വിഗദ്ധസംഘം പരിശോധിച്ച ശേഷമായിരിക്കും തുടര്‍ചികിത്സയുടെ കാര്യം തീരുമാനിക്കുകയെന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ഓസ്ട്രേലിയൻ മാരിടൈം സേഫ്റ്റി അതോരിറ്റി അറിയിച്ചു.


ഗോള്‍ഡൻ ഗ്ലോബ് റേസിനിടെ കടൽക്ഷോഭത്തിൽ നടുവിനു പരിക്കേറ്റ അഭിലാഷിനെയും ഐറിഷ് നാവികൻ ഗ്രിഗര്‍ മക്ഗൂകിനെയും ചൊവ്വാഴ്ച രാവിലെ 9.30നാണ് ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചത്. ദ്വീപിലെ പരിമിതമായ സൗകര്യങ്ങളുള്ള ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഫ്രഞ്ച് മത്സ്യബന്ധനക്കപ്പലായ ഒസിരിസ് ആണ് ഇരുവരെയും ദ്വീപിലെത്തിച്ചത്. ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻസ് സത്പുരയോ ഓസ്ട്രേലിയൻ നാവികസേനാ കപ്പലായ എച്ചഎഎംഎസ് ബലാരറ്റോ ദ്വീപിലെത്തുന്ന മുറയ്ക്ക് അഭിലാഷിനെ തുടര്‍ചികിത്സയ്ക്കായി മൗറീഷ്യസിലേയ്ക്കോ ഓസ്ട്രേലിയയിലേയ്ക്കോ മാറ്റും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്