ആപ്പ്ജില്ല

ജഗൻമോഹൻ സര്‍ക്കാരിൽ നിന്ന് തിരിച്ചടി: ആന്ധ്രാ പ്രദേശിൽ ഇനി നിക്ഷേപം നടത്താനില്ലെന്ന് ലുലു ഗ്രൂപ്പ്

ടിഡിപി സര്‍ക്കാര്‍ കൺവെൻഷൻ സെന്‍റര്‍ നിര്‍മിക്കാനായി വിശാഖപട്ടണത്ത് ഭൂമി അനുവദിച്ച നടപടി ജഗൻമോഹൻ റെഡ്ഡി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതോടെയാണ് 2200 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ച് ലുലു ഗ്രൂപ്പ് സംസ്ഥാനം വിടുന്നത്.

Samayam Malayalam 20 Nov 2019, 3:56 pm
വിശാഖപട്ടണം: ആന്ധ്രാ പ്രദേശിലെ വൈഎസ്ആര്‍ കോൺഗ്രസ് സര്‍ക്കാരിന് തിരിച്ചടിയായി ലുലു ഗ്രൂപ്പ് സംസ്ഥാനം വിടുന്നു. ആന്ധ്രാ പ്രദേശിൽ ഇനി ഒരിക്കലും നിക്ഷേപം നടത്താനില്ലെന്ന് വ്യക്തമാക്കിയാണ് പ്രവാസി നിക്ഷേപകൻ എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് സംസ്ഥാനം വിടുന്നത്. മുൻപ് ഭരണത്തിലിരുന്ന ടിഡിപി സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് ഏറ്റെടുത്ത് നല്‍കിയ ഭൂമി പുതിയ സര്‍ക്കാര്‍ തിരിച്ചെടുത്തതോടെയാണ് ലുലു ഗ്രൂപ്പ് ആന്ധ്രാ വിടുന്നത്.
Samayam Malayalam ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി
ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി


വിശാഖപട്ടണത്ത് ഇൻ്റര്‍നാഷണൽ കൺവെൻഷൻ സെൻ്റര്‍ തുടങ്ങാൻ ആവശ്യമായ ഭൂമി അനുവദിച്ച നടപടി റദ്ദാക്കിയതോടെ തങ്ങള്‍ സംസ്ഥാനത്തെ പദ്ധതികള്‍ ഉപേക്ഷിക്കുകയാണെന്ന് ചൊവ്വാഴ്ച കമ്പനി അറിയിച്ചു. വളരെ സുതാര്യമായ നടപടിയിലൂടെ മുൻ സര്‍ക്കാര്‍ പദ്ധതിയ്ക്കായി ഭൂമി അനുവദിച്ചിരുന്നു. എന്നാൽ ഈ നടപടി റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നു. എന്നാൽ ഇനി ഒരിക്കലും ആന്ധ്രാ പ്രദേശിൽ നിക്ഷേപം നടത്താനില്ലെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.

Also Read: കശ്‍മീരി ആപ്പിൾ ഒമാനില്‍ എത്തി; കടല്‍ കടത്തിയത് ലുലു ഗ്രൂപ്പ്; രുചി നോക്കി ഇന്ത്യന്‍ സ്ഥാനപതി

വളരെ സുതാര്യമായ ലേലനടപടിയിലൂടെയാണ് തങ്ങളെ പദ്ധതിയ്ക്കു വേണ്ടി സര്‍ക്കാര്‍ തെരഞ്ഞെടുത്തതെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്കായി വലിയ ചെലവാണ് ഉണ്ടായത്. ഇതിന്‍റെ ഭാഗമായി അന്താരാഷ്ട്ര തലത്തിൽ പ്രമുഖരായ കൺസള്‍ട്ടന്‍റുമാരെ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്‍പ്പെടെ നിയമിച്ചിരുന്നു. പദ്ധതി രൂപകൽപ്പന ചെയ്തത് ലോകപ്രശസ്തരായ ആര്‍ക്കിടെക്റ്റുകളായിരുന്നു. ഭൂമി അനുവദിച്ച നടപടി റദ്ദാക്കുന്ന സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആന്ധ്രാ പ്രദേശിലെ ഒരു പുതിയ പദ്ധതിയിലും നിക്ഷേപിക്കാനില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ അനന്ത് റാം അറിയിച്ചു.

കൺവെൻഷനുകള്‍ക്കും ഷോപ്പിങിനും വേണ്ടിയുള്ള കേന്ദ്രമെന്ന നിലയിൽ വിശാഖപട്ടണത്തെ വികസിപ്പിക്കാനായി 2200 കോടി രൂപ മുതൽ മുടക്കി അന്താരാഷ്ട്ര കൺവെൻഷൻ സെന്‍ററും പഞ്ചനക്ഷത്ര ഹോട്ടലും ഷോപ്പിങ് മാളും നിര്‍മിക്കാനായിരുന്നു ലുലു ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. വിവിധോദ്ദേശ പദ്ധതി നടപ്പിലാകുന്നതോടെ പ്രദേശത്ത് 7000ത്തിലധികം യുവാക്കള്‍ക്ക് തൊഴിൽ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നതായും ലുലു ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.

Also Read: ലുലു ഗ്രൂപ്പ് അഭിമുഖം; തൃശ്ശൂരില്‍ എത്തിയത് ആയിരങ്ങള്‍

അതേസമയം, കേരളത്തിൽ ഉള്‍പ്പെടെ നിലവിൽ നിര്‍മാണം പുരോഗമിക്കുന്ന പദ്ധതികള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. കേരളം, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് തടസ്സമുണ്ടാകില്ല.

മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവായിരുന്നു വിശാഖപട്ടണത്തേയ്ക്ക് ആഗോള സംരംഭകരെ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി അന്താരാഷ്ട്ര കൺവെൻഷൻ സെന്‍റര്‍ നിര്‍മിക്കാനായി ലുലു ഗ്രൂപ്പിനെ ക്ഷണിച്ചത്. എന്നാൽ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതികള്‍ റദ്ദാക്കുന്നതിന്‍റെ ഭാഗമായി ലുലു ഗ്രൂപ്പുമായുള്ള കരാറും ജഗൻ മോഹൻ റെഡ്ഡി നയിക്കുന്ന വൈഎസ്ആര്‍ കോൺഗ്രസ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. ഒക്ടോബര്‍ 30നായിരുന്നു നടപടി. മുൻപ് അമരാവതിയിൽ സ്റ്റാര്‍ട്ടപ്പ് പദ്ധതി ആരംഭിക്കാനായി സിംഗപ്പൂരിലെ കൺസോര്‍ഷ്യവുമായി ഒപ്പിട്ട കരാറും ജഗൻമോഹൻ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്