ആപ്പ്ജില്ല

ക്രൈസ്റ്റ് ചർച്ച് ഭീകരൻ ഇന്ത്യയിൽ തങ്ങിയത് എവിടെ? ആർക്കൊപ്പം? അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ

ഇന്ത്യയിൽ മൂന്ന് മാസത്തോളം തങ്ങിയ സമയത്ത് ഇയാള്‍ ഏതെല്ലാം നഗരങ്ങളിലാണ് എത്തിയതെന്നും ആരെയെല്ലാമാണ് കണ്ടതെന്നുമാണ് കേന്ദ്ര ഏജൻസികള്‍ പരിശോധിക്കുക.

Samayam Malayalam 9 Dec 2020, 11:24 am
ന്യൂഡൽഹി: ന്യൂ സീലാൻഡിലെ മുസ്ലീം പള്ളിയിൽകയറി നിരവധി പേരെ വെടിവെച്ചു കൊന്ന കേസിലെ പ്രതി ബ്രൻ്റൺ ടാറൻ്റ് മൂന്ന് മാസത്തോളം ഇന്ത്യയിൽ തങ്ങിയതു സംബന്ധിച്ച് വിശദമായ പരിശോധനയ്ക്ക് കേന്ദ്ര ഏജൻസികള്‍. കൂട്ടക്കൊലയ്ക്ക് മുന്നോടിയായി ബ്രന്‍റൺ മൂന്നു മാസത്തോളം ഇന്ത്യയിൽ തങ്ങിയെന്ന ന്യൂസീലാൻഡ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇന്ത്യ അന്വേഷണത്തിനൊരുങ്ങുന്നത്. ഇന്‍റലിജൻസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam brenton tarrant
ബ്രെൻ്റൺ ടാറൻ്റ് Photo: AP


2015 നവംബര്‍ 21നും 2016 ഫെബ്രുവരി 18നും ഇടയിൽ മൂന്ന് മാസത്തോളം ഇയാള്‍ ഇന്ത്യയിൽ തങ്ങിയെന്നാണ് റോയൽ കമ്മീഷൻ്റെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. 2014 ഏപ്രിൽ 15ും 2017 ഓഗസ്റ്റ് 17നും ഇടയിൽ ഇയാള്‍ നിരവധി രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്തിരുന്നുവെന്നാണ് അന്വഷണ റിപ്പോര്‍ട്ടിൻ്റെ കോപ്പി ലഭിച്ചെന്ന അവകാശപ്പെട്ട ഹിന്ദുസ്ഥാൻ ടൈംസ് വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തത്. പലപ്പോഴും തനിച്ചായിരുന്നു യാത്ര. മൂന്ന് വര്‍ഷത്തിനിടയ്ക്ക് ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലുമായി ഇയാള്‍ 57 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ഇതിൽ ഏറ്റവുമധികം കാലം സന്ദര്‍ശിച്ചത് ഇന്ത്യയാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്.

Also Read: വാക്സിനരികെ രാജ്യം; 24 മണിക്കൂറിനിടെ 32,080 കൊവിഡ് കേസുകൾ മാത്രം; രോഗമുക്തർ 92 ലക്ഷം കടന്നു

നേപ്പാളിൽ 23 ദിവസം തങ്ങിയതിനു ശേഷമാണ് ഇയാള്‍ ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. കൂടാതെ ജപ്പാൻ, തായ്‍ലൻഡ്, വിയറ്റനാം, ദക്ഷിണ കൊറിയ, മ്യാൻമര്‍, റഷ്യ, സെര്‍ബിയ, ക്രൊയേഷ്യ, സ്ലൊവേനിയ തുടങ്ങിയ രാജ്യങ്ങളിലും ഇയാള്‍ ഒരു മാസത്തിലകം താമസിച്ചു.

Also Read: LIVE: കര്‍ഷക സമരം: നിലപാടില്‍ മാറ്റമില്ല, സമരം തുടരും

ഇന്ത്യൻ സന്ദര്‍ശനത്തിനിടെ ഭീകരൻ ഏതെല്ലാം നഗരങ്ങളിലെത്തിയെന്നും ആര്‍ക്കൊപ്പമാണ് താമസിച്ചതെന്നും പരിശോധിക്കുമെന്ന് ഒരു തീവ്രവാദ വിരുദ്ധ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു. ഇയാള്‍ ആരെല്ലാമായി ബന്ധപ്പെട്ടെന്നും പരിശോധിക്കും. അതേസമയം, ഇയാള്‍ക്കെതിരെ ഇന്ത്യയിൽ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. ന്യൂസീലാൻഡിൻ്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമുള്ള പരിശോധന മാത്രമാണ് നടത്തുന്നതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്