ആപ്പ്ജില്ല

ചോക്സിയ്ക്ക് പൗരത്വം നല്‍കിയത് ഇന്ത്യ പോലീസ് ക്ലിയറൻസ് നല്‍കിയ ശേഷം

പൗരത്വം നല്‍കുന്നതിനെതിരെ വിദേശകാര്യമന്ത്രാലയം തക്കതായ യാതൊരു വിവരങ്ങളും നല്‍കിയിരുന്നില്ലെന്ന് ആന്‍റിഗ

Samayam Malayalam 3 Aug 2018, 1:35 pm
ന്യഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികള്‍ തട്ടിയ ശേഷം രാജ്യം വിട്ട വിവാദവ്യവസായി മെഹുൽ ചോക്സിയ്ക്ക് പൗരത്വം അനുവദിച്ചത് ഇന്ത്യയിൽ നിന്ന് പോലീസ് ക്ലിയറൻസ് ലഭിച്ച ശേഷമെന്ന് ആൻ്റിഗ സര്‍ക്കാര്‍. ചോക്സിയ്ക്ക് എതിരെ യാതൊരു വിവരവും ഇന്ത്യ നല്‍കിയിരുന്നില്ലെന്നും ആന്‍റിഗ വ്യക്തമാക്കി.
Samayam Malayalam mehul choksi.


ആന്‍റിഗ, ബാര്‍ബുഡ രാജ്യങ്ങളിലേയ്ക്ക് മെഹുൽ ചോക്സി വിസയ്ക്കായി അപേക്ഷ നല്‍കുമ്പോള്‍ അപേക്ഷ നിരസിക്കാൻ തക്കതായ വിവരങ്ങളൊന്നും വിദേശകാര്യമന്ത്രാലയവും മുബൈ റീജിയണൽ പാസ്പോര്‍ട്ട് ഓഫീസും നല്‍കിയില്ലെന്നാണ് പോലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് തെളിയിക്കുന്നതെന്ന് സിറ്റിസൺഷിപ്പ് ബൈ ഇൻവെസ്റ്റിഗേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വജ്രവ്യാപാരിയായ നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്സിയും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പാ തട്ടിപ്പിലൂടെ 13500 കോടി രൂപ കൈക്കലാക്കിയ ശേഷമാണ് രാജ്യം വിട്ടത്. കഴിഞ്ഞ വര്‍ഷം നവംബറിൽ ആന്‍റിഗയിൽ പൗരത്വം നേടിയ ചോക്സി ജനുവരി ആദ്യവാരമാണ് ഇന്ത്യ വിട്ടത്. തുടര്‍ന്ന് ജനുവരി 29ന് മാത്രമാണ് ഇവര്‍ക്കെതിരെ സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പല മാര്‍ഗങ്ങളിലൂടെ അന്വേഷണം നടത്തിയ ശേഷമാണ് ചോക്സിയ്ക്ക് പൗരത്വം നല്‍കിയതെന്ന് ആന്‍റിഗ സര്‍ക്കാര്‍ പറയുന്നു. ഇന്‍റര്‍നെറ്റിലൂടെ ആര്‍ക്കും ലഭിക്കുന്ന വിവരങ്ങള്‍ക്കു പുറമെ തോംസൺ റോയിട്ടേഴ്സ് വേള്‍ഡ് ചെക്ക്, വിവിധ ഇന്‍റലിജൻസ് ഏജൻസികള്‍, ഇന്‍റര്‍പോള്‍, തേര്‍ഡ് പാര്‍ട്ടി ഏജൻസികള്‍ എന്നിവ വഴി ചോക്സിയെക്കുറിച്ച് അന്വേഷിച്ചുവെന്ന് ആന്‍റിഗ സര്‍ക്കാര്‍ വിശദീകരിക്കുന്നു.

അതേസമയം 2014ലും 2017ലും മെഹുൽ ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിനെതിരെ സെബി അന്വേഷണം നടത്തിയതായി ആന്‍റിഗ സര്‍ക്കാരിന്‍റെ പ്രസ്താവനയിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്