ആപ്പ്ജില്ല

'വിശപ്പിലും വലുതല്ലല്ലോ കൊറോണ': ജോലിസ്ഥലത്തേയ്ക്ക് മടങ്ങിയെത്താൻ കുടിയേറ്റ തൊഴിലാളികൾ

ഉത്തര്‍ പ്രദേശിലെ ചെറുപട്ടണങ്ങളിലേയ്ക്ക് മടങ്ങിയെത്തുന്ന നിരവധി പേരുടെ പരാതി സംസ്ഥാനത്ത് തൊഴിൽ ലഭിക്കാനില്ലെന്നാണ്. ഈ സാഹചര്യത്തിലാണ് തൊഴിലാളികൾ മടങ്ങാൻ ഒരുങ്ങുന്നത്.

Samayam Malayalam 28 Jun 2020, 1:34 pm
ലഖ്നൗ: ലോക്ക്ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ ജോലിസ്ഥലത്തേയ്ക്ക് തിരികെയെത്തുന്നു. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള മാതൃസംസ്ഥാനങ്ങളിൽ തിരികെയെത്തി ആഴ്ചകള്‍ക്കു ശേഷവും ജോലിയില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് കുടിയേറ്റ തൊഴിലാളികള്‍ വൻനഗരങ്ങളിലേയ്ക്ക് മടങ്ങുന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഗോരഖ്പൂ‍ര്‍ ഉള്‍പ്പെടെയുള്ള ഉത്തര്‍ പ്രദേശിലെ നഗരങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലേയ്ക്കും ഗുജറാത്തിലേയ്ക്കും ട്രെയിനുകള്‍ ലഭിക്കും. ഗോരഖ്പൂര്‍ വഴി നിരവധി കുടിയേറ്റ തൊഴിലാളികളാണ് ദിവസവും ജോലി സ്ഥലങ്ങളിലേയ്ക്ക് മടങ്ങുന്നതെന്നാണ് എൻഡിടിവിയുടെ റിപ്പോര്‍ട്ട്. മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങള്‍ ലോക്ക് ഡൗണിനു ശേഷം പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെങ്കിലും എന്തെങ്കിലും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍ മിക്കവരും ട്രെയിൻ കയറുന്നത്. മാതൃസംസ്ഥാനങ്ങളിൽ ജോലി ലഭിക്കുമായിരുന്നെങ്കിൽ തിരിച്ചു പോകില്ലായിരുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

Also Read: സുഹൃത്താകാം, പക്ഷെ അടിച്ചാൽ തിരിച്ചടിക്കും: ചൈനയ്ക്ക് മുന്നറിയിപ്പുമായി മോദി

"ഉത്തര്‍ പ്രദേശിൽ തന്നെ ജോലി ലഭിക്കുമായിരുന്നെങ്കിൽ തിരിച്ചു പോകില്ലായിരുന്നു. എന്‍റെ കമ്പനി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. പക്ഷെ എന്തെങ്കിലും ജോലി കണ്ടുപിടിക്കാൻ കഴിയും. വിശപ്പിലും നല്ലത് കൊറോണ തന്നെയാണ്. കുട്ടികള്‍ കൊവിഡ് വന്നു മരിക്കുന്നതിലും ഭേദം ഞാൻ മരിക്കുന്നതാണ്. ഇങ്ങനെയായിരുന്നു ഒരു തൊഴിലാളിയുടെ പ്രതികരണം. ലോക്ക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ സ്ഥാപനങ്ങള്‍ മിക്കതും തുറന്നു പ്രവര്‍ത്തിക്കാൻ തുടങ്ങിയതും തൊഴിലാളികളുടെ തിരിച്ചൊഴുക്കിന് കാരണമായിട്ടുണ്ട്. കൊവിഡ് ഭീതിയുണ്ടെങ്കിലും മടങ്ങിപ്പോകാതെ മറ്റുവഴിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

Also Read: രണ്ട് ഡോക്ടര്‍മാര്‍ക്ക് അടക്കം അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ്࿒ മലപ്പുറത്ത് ആശങ്ക ഉയരുന്നു

ലോക്ക്ഡൗൺ കാലത്ത് തൊഴിലാളികള്‍ വൻതോതിൽ തിരിച്ചെത്തിയതോടെ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം 60 ലക്ഷം തൊഴിലാളികള്‍ ജോലിയ്ക്കെത്തിയെന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പറയുന്നത്. ഇത് സര്‍വകാല റെക്കോഡാണ്. എന്നാൽ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്നും നിരവധി പേര്‍ പരാതിപ്പെടുന്നുണ്ട്. സംസ്ഥാനത്ത് തൊഴിലും കിട്ടാനില്ലെന്നാണ് ഇവര്‍ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്