ആപ്പ്ജില്ല

ബിഹാറില്‍ അക്കൗണ്ട് തുറന്ന് ഒവൈസിയുടെ പാര്‍ട്ടി; ജെഡിയുവിന് മൂന്നിടത്ത് തോല്‍വി

കിഷന്‍ഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷവുമായാണ് എഐഎംഐഎം ബിഹാറില്‍ അക്കൗണ്ട് തുറന്നത്

Samayam Malayalam 24 Oct 2019, 8:04 pm

ഹൈലൈറ്റ്:

  • ഭരണകക്ഷിയായ ജെഡിയുവിന് മത്സരിച്ച നാല് സീറ്റുകളില്‍ മൂന്നിടത്തും തോല്‍വി
  • രണ്ടിടത്ത് ആര്‍ജെഡിക്ക് ജയം
  • സമസ്‍തിപുര്‍ ലോക്സഭാ സീറ്റ് എല്‍ജെപി നിലനിര്‍ത്തി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam 4344aa2e-71ae-4904-b31b-4ff02f8d5173.
പാറ്റ്‍ന: അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍ (എഐഎംഐഎം) പാര്‍ട്ടിക്ക് ബിഹാറില്‍ ചരിത്ര വിജയം. ഉപതെരഞ്ഞെടുപ്പ് നടന്ന കിഷന്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷവുമായാണ് ബിഹാര്‍ നിയമസഭയില്‍ എഐഎംഐഎം അക്കൗണ്ട് തുറന്നത്. ഇതോടെ ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും മഹാരാഷ്ട്രയ്ക്കും പുറമേ ഹിന്ദി ഭൂമിയില്‍ കൂടി ഒവൈസിയുടെ പാര്‍ട്ടിക്ക് പ്രാതിനിധ്യമായി.
ഹൈദരാബാദില്‍ നിന്നുള്ള എംപി യായ അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തില്‍ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് എഐഎംഐഎം. ബിജെപി സ്ഥാനാര്‍ത്ഥി സ്വീറ്റി സിങ്ങിനെ 10,204 വോട്ടുകള്‍ക്കാണ് എഐഎംഐഎം സ്ഥാനാര്‍ത്ഥി ഖമറുല്‍ ഹോഡ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസിന്‍റെ സീറ്റായിരുന്നു ഇത്. അതേ സമയം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സീറ്റുകളില്‍ മൂന്നിടത്തും ജനതാദള്‍ യുണൈറ്റഡ് പരാജയപ്പെട്ടത് മുഖ്യമന്ത്രി നിതീഷ് കുമാറിന് കനത്ത തിരിച്ചടിയായി. ദറൗണ്ട, സിമ്രി ബക്തിയാര്‍പുര്‍, ബേല്‍ഹര്‍ മണ്ഡലങ്ങളിലാണ് ജെഡിയു പരാജയപ്പെട്ടത്.

നത്‍നഗര്‍ മണ്ഡലത്തില്‍ മാത്രമാണ് ജെ‍ഡിയുവിന് മുന്നേറാനായത്. രണ്ടിടത്ത് ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ക്കായിരുന്നു ജയം. ദറൗണ്ടയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ഉപതെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടി ബിജെപി-ജെഡിയു സഖ്യത്തില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ ഒന്നു കൂടെ രൂക്ഷമാകാന്‍ ഇടയാക്കും. ജെ‍ഡിയു തോറ്റ പല മണ്ഡലങ്ങളിലും ബിജെപി വോട്ടുകള്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പോയതായി ആരോപണമുയര്‍ന്നിട്ടുണ്ട്.

ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ കൂട്ടത്തോടെ ആര്‍ജെഡിക്ക് പോയതും നിതീഷ് കുമാറിനെ ആശങ്കയിലാക്കുന്നുണ്ട്. അതേ സമയം സമസ്‍തിപുര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജെഡിയു സഖ്യത്തില്‍ മത്സരിച്ച ലോക് ജനശക്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രിന്‍സ് രാജ് ഒരു ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഇവിടെ എംപിയായിരുന്ന എല്‍ജെപിയുടെ
രാം ചന്ദ്ര പാസ്വാന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്