മുംബൈ: 6 മാസത്തിനുള്ളില്‍ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ താഴെ വീഴുമെന്നും ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറായിക്കൊള്ളാനും അണികളോട് ആഹ്വാനം ചെയ്ത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഞായറാഴ്ച നടന്ന എന്‍സിപി നേതാക്കളുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശരദ് പവാര്‍. ഏക്നാഥ് ഷിന്‍ഡെയുടെ ഒപ്പം പോയ വിതമ എംഎല്‍എമാര്‍ ഇപ്പോള്‍ അതൃപ്തരാണെന്നും ഉടന്‍ തന്നെ പൊട്ടിത്തെറികള്‍ തുടങ്ങുമെന്നും ശരദ് പവാര്‍ പറഞ്ഞതായി എന്‍സിപി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജൂണ്‍ 30നാണ് ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റത്. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസ് ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം വിമത എംഎല്‍എമാരാണ് ഉദ്ധവ് താക്കറെ നേതൃത്വം നല്കിയ സഖ്യസര്‍ക്കാരിനെ താഴെയിറക്കിയത്. 10 ദിവസത്തോളം നീണ്ടു നിന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു. 2019ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം മഹാ വികാസ് അഘാഡി എന്ന പേരില്‍ കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന സഖ്യം അധികാരമേല്‍ക്കുകയായിരുന്നു.