ആപ്പ്ജില്ല

പ്രതിപക്ഷ ഐക്യത്തിന് നാന്ദി കുറിച്ച് ബെംഗലുരുവിലെ വേദി

പ്രധാന പ്രതിപക്ഷ കക്ഷി നേതാക്കളെല്ലാം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാവേദിയിൽ

Samayam Malayalam 23 May 2018, 5:53 pm
ബെംഗലുരു: കര്‍ണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങളിലേയ്ക്കുള്ള എച്ച് ഡി കുമാരസ്വാമിയുടെയും പിസിസി അധ്യക്ഷൻ ജി പരമേശ്വരയുടെയും സത്യപ്രതിജ്ഞയെക്കാള്‍ ശ്രദ്ധിക്കപ്പെട്ടത് വേദിയിൽ ചടങ്ങിനു ശേഷമുണ്ടായ കാഴ്ചകളായിരുന്നു. വേദിയിൽ രാജ്യത്തെ പ്രതിപക്ഷപാര്‍ട്ടികളുടെയെല്ലാം നേതാക്കള്‍ അണിനിരന്ന കാഴ്ച രാജ്യത്താകമാനം ബിജെപിവിരുദ്ധ മുന്നണി ശക്തിപ്പെടുന്നതിൻ്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
Samayam Malayalam karnataka unity


കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ആംആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒഴികെയുള്ള ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെയും സംഗമവേദിയായി ബെംഗലുരുവിലെ വിധാൻ സൗധ. ചന്ദ്രശേഖര്‍ റാവു ഇന്നലെ തന്നെ കുമാരസ്വാമിയെ കണ്ട് ആശംസ അറിയിച്ചിരുന്നു.

പശ്ചിമബംഗാളിൽ പരസ്പരം പോരടിക്കുന്ന തൃണമൂൽ കോൺഗ്രസിന്‍റെയും സിപിഐഎമ്മിന്‍റെയും നേതാക്കള്‍ വേദിയിൽ സംസാരിച്ചതും കോൺഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും നേതാക്കള്‍ വേദി പങ്കിട്ടതും ശ്രദ്ധയാകര്‍ഷിച്ചു.

നാളെ ചേരുന്ന നിയമസഭായോഗത്തിൽ സ്പീക്കർ തിരഞ്ഞടുപ്പിനു പിന്നാലെ മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസവോട്ട് തേടും. 117 എംഎൽഎമാരുടെ പിന്തുണയാണു ജെഡിഎസ് – കോൺഗ്രസ് സഖ്യത്തിനുള്ളത്. എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമം അവസാനിപ്പിച്ചിട്ടില്ലെന്ന സൂചനയെത്തുടര്‍ന്ന് ഇരു പാർട്ടികളും ജാഗ്രതയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്