ആപ്പ്ജില്ല

രാഹുൽ ഗാന്ധിയെ വംശീയമായി അധിക്ഷേപിച്ച് ബിജെപി നേതാവ്

വിദേശിയായ സ്ത്രീയിൽ നിന്നുണ്ടായ വ്യക്തിയ്ക്ക് രാജ്യസ്നേഹിയാകാൻ കഴിയില്ലെന്ന് കൈലാഷ് വിജയ്‍‍വര്‍ഗിയ

Samayam Malayalam 16 Dec 2018, 12:09 pm
Samayam Malayalam kailash vijayvargiya
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കെതിരെ വംശീയ അധിക്ഷേപം ചൊരിഞ്ഞ് ബിജെപി നേതാവ് കൈലാഷ് വിജയ്‍‍വര്‍ഗിയ. ഒരു വിദേശിയായ സ്ത്രീയിൽ ജനിച്ച സന്തതിയായ രാഹുലിന് ഒരിക്കലും ദേശഭക്തനാകാൻ കവിയില്ലെന്നും ഹൃദയത്തിൽ തൊടുന്ന ദേശീയ താത്പര്യം അവര്‍ക്കുണ്ടാകില്ലെന്നുമായിരുന്നു ബിജെപി നേതാവിന്‍റെ പരാമര്‍ശം.

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി കടുത്ത തോൽവി ഏറ്റുവാങ്ങുകയും രാജ്യത്ത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിജയ്‍‍വര്‍ഗിയയുടെ ട്വീറ്റ്. ഇറ്റലിയിൽ ജനിച്ച സോണിയാ ഗാന്ധിയ്ക്കും അവരുടെ മകനും ദേശഭക്തിയുണ്ടാകില്ലെന്ന തരത്തിലായിരുന്നു ബിജെപി നേതാവിന്‍റെ അഭിപ്രായപ്രകടനം.

അതേസമയം, ബിജെപി നേതാവിന്‍റെ ട്വീറ്റിനോട് കോൺഗ്രസ് നേതാക്കള്‍ രൂക്ഷമായി പ്രതികരിച്ചു. തെര‍ഞ്ഞെടുപ്പ് പരാജയത്തിൽ നിന്നേറ്റ മുറിവ് ആഴത്തിലുള്ളതാണെന്നും അദ്ദേഹത്തിന് മാനസികാരോഗ്യത്തിന് ചികിസ്ത ലഭ്യമാക്കണമെന്നും കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി മറുപടി നല്‍കി.

വിജയ്‍‍വര്‍ഗിയ വിവാദപരാമര്‍ശം നടത്തി പ്രതിരോധത്തിലാകുന്നത് ഇതാദ്യമല്ല. 2013ൽ ബലാത്സംഗത്തെ ന്യായീകരിച്ചു കൊണ്ടുള്ള ഇയാളുടെ പ്രസ്താവന വിവാദമായിരുന്നു. ചില അതിരുകള്‍ ലംഘിക്കുന്ന സ്ത്രീകള്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ബിജെപി നേതാവിന്‍റെ അഭിപ്രായപ്രകടനം.

രാജ്യസ്നേഹികള്‍ ഷാറൂഖ് ഖാന്‍ ചിത്രം റയീസിനല്ല ഹൃത്വിക് റോഷൻ അഭിനയിച്ച കാബിലിനാണ് പിന്തുണ നല്‍കേണ്ടതെന്ന പ്രസ്താവനയും വിവാദമായിരുന്നു. റായീസ് നമ്മുടെ രാജ്യത്തിന്‍റെ ചിത്രമല്ലെന്നും യഥാര്‍ത്ഥ രാജ്യസ്നേഹിയാണെങ്കിൽ കാബിലിനെ പിന്തുണയ്ക്കണമെന്നുമായിരുന്നു കൈലാഷ് വിജയ്‍‍വര്‍ഗിയയുടെ പരാമര്‍ശം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്