ആപ്പ്ജില്ല

മാസ്ക്കുമില്ല, സാമൂഹികാകലവുമില്ല; മാനദണ്ഡങ്ങൾ ലംഘിച്ച് പിറന്നാളാഘോഷവുമായി ബിജെപി എംപി അപരാജിത

ജന്മദിനാഘോഷത്തിനിടയില്‍ അപരാജിത കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടി ഡിഎസ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയ്ക്ക് കത്തയച്ചിട്ടുണ്ട്. നിരവധി സ്ത്രീകൾക്കൊപ്പം എംപി പാട്ടുപാടുന്നതിന്‍റെയും നൃത്തം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

Samayam Malayalam 10 Oct 2020, 4:19 pm
ന്യൂഡൽഹി: രാജ്യം കൊവിഡ് വ്യാപനത്തിൽ നിന്നും മുക്തി നേടാൻ ശ്രമിക്കവെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പിറന്നാളാഘോഷവുമായി ബിജെപി ദേശീയ വക്താവും എംപിയുമായ അപരാജിത സാരംഗി. ബിജെപിയുടെ പുതുതായി നിയമിക്കപ്പെട്ട ദേശീയ വക്താവായ സാരംഗി, ഭുവനേശ്വറിൽ നിന്നുള്ള ലോക് സഭാംഗമാണ്.
Samayam Malayalam Aparajita Sarangi
അപരാജിത സാരംഗി. Photo: TNN


തന്‍റെ പിറന്നാൾ ദിനത്തിലാണ് മാസ്ക് ധരിക്കാതെയും സാമൂഹികാകലം പാലിക്കാതെയും അപരാജിത സാരംഗി വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ആഘോഷ വേളയിൽ എംപി നിരവധി സ്ത്രീകൾക്കൊപ്പം പാട്ടുപാടുന്നതിന്‍റെയും നൃത്തം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവത്തിന്‍റെ വീഡിയോ ഒഡീഷ ആഭ്യന്തര സഹമന്ത്രി ഡിഎസ് മിശ്ര ട്വീറ്റ് ചെയ്തിട്ടുമുണ്ട്.


Also Read : സൈനികർക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത വാഹനം; മോദിയ്ക്ക് 8400 കോടിയുടെ വിമാനം; ഇത് നീതിയാണോയെന്ന് രാഹുൽ

എംപിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തവരാരും മാസ്ക് ധരിച്ചിട്ടില്ലെന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ജന്മദിനാഘോഷത്തിനിടയില്‍ അപരാജിത കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടി ഡിഎസ് മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയ്ക്ക് കത്തയക്കുകയും ചെയ്തു.

മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നൂറോളം സ്ത്രീകള്‍ അപരാജിത സാരംഗിക്ക് ചുറ്റും നില്‍ക്കുന്നതായി വീഡിയോയില്‍ വ്യക്തമാണെന്നാണ് മിശ്ര കത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇ- മെയിലിലൂടെ അയച്ച പരാതിയിൽ സംഭവത്തിന്റെ വീഡിയോ ക്ലിപ്പും അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. എംപി നിരന്തരമായി മാനദണ്ഡങ്ങൾ ലംഘിക്കുകയാണെന്നും മന്ത്രി കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി.

Also Read : 'ഹിന്ദുക്കൾക്ക് രാജ്യത്ത് മേൽക്കൈയുണ്ടെന്ന് മുസ്ലീങ്ങൾ അംഗീകരിക്കണം': ആർഎസ്എസ് മേധാവി

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച അപരാജിത സാരംഗി കൊവിഡ് മാനദണ്ഡങ്ങളുടെ ഒരു ലംഘനവും അവിടെ നടന്നിട്ടില്ലെന്നാണ് പറയുന്നത്. 'എന്‍റെ ജന്മദിനത്തോടനുബന്ധിച്ച്, മിശ്ര എനിക്ക് ജന്മദിനാശംസകള്‍ അയക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ അദ്ദേഹം എന്നെക്കുറിച്ച് പരാതിയാണ് എഴുതിയിരിക്കുന്നത്' സാരംഗി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

നേരത്തെയും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന ആരോപണം നേരിട്ട നേതാവാണ് സാരംഗി. പാർട്ടി പ്രവർത്തകർക്കൊപ്പമുള്ള യോഗത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത എംപിയുടെ ചിത്രങ്ങളും വിവാദത്തിലകപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്