ആപ്പ്ജില്ല

ഉന്നാവോ പ്രതിയായ എംഎല്‍എ സസ്‍പെന്‍ഷനില്‍ എന്ന് ബിജെപി

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ട്രക്ക് ഇടിച്ച് ലൈംഗിക പീഡനക്കേസ് പരാതിക്കാരിക്ക് പരിക്കേറ്റ സംഭവത്തില്‍ ബിജെപി എംഎല്‍എക്ക് എതിരെ ആരോപണം ശക്തം. പീഡനക്കേസില്‍ ഒന്നാം പ്രതിയായ എംഎല്‍എയെ പുറത്താക്കാതെ ബിജെപി.

Samayam Malayalam 30 Jul 2019, 5:54 pm

ഹൈലൈറ്റ്:

  • ഉന്നാവോ കേസിലെ എംഎല്‍എയ്ക്ക് സസ്‍പെന്‍ഷന്‍
  • കുല്‍ദീപ് സിങ് സെന്‍ഗാര്‍ സസ്‍പെന്‍ഷന്‍ നേരിടുന്നയാള്‍
  • സെന്‍ഗാറിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Lucknow: A relative of the Unnao rape survivor talks to the media outside KGMC H...
ഉന്നാവോ പെൺകുട്ടിയുടെ ബന്ധു മാധ്യമങ്ങളെ കാണുന്നു
ലഖ്‍നൗ: ഉന്നാവോ ലൈംഗിക പീഡനക്കേസില്‍ മുഖ്യപ്രതിയായ ബിജെപി എംഎല്‍എയെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കെ ഇയാള്‍ സസ്‍പെന്‍ഷനിലാണെന്ന് വ്യക്തമാക്കി ബിജെപി ഉത്തര്‍പ്രദേശ് ഘടകം.
ഉന്നാവോ ലൈംഗിക പീഡനക്കേസിലും ഇപ്പോള്‍ ഉന്നാവോ കേസിലെ പരാതിക്കാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും പ്രതി ചേര്‍ക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെയാണ് പാര്‍ട്ടി വളരെ നാളുകള്‍ക്ക് മുന്‍പ്‍ സസ്‍പെന്‍ഡ്‍ ചെയ്‍തതായി ബിജെപി പറയുന്നത്.

ഉന്നാവോയില്‍ അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിക്കൊപ്പമാണ് ബിജെപിയും ഉത്തര്‍പ്രദേശ് സര്‍ക്കാരും. സെന്‍ഗാര്‍ നാളുകളായി സസ്‍പെന്‍ഷനിലാണ്. അതില്‍ മാറ്റമില്ല - ബിജെപി ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ റായ്‍‍ബറേലിയിൽ വച്ച് ഞായറാഴ്‍ച്ച രാത്രി ഉന്നാവോ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ടുപേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പരാതിക്കാരിയും അഭിഭാഷകനും ചികിത്സയിലാണ്.

അപകടത്തിന് പിന്നില്‍ സെന്‍ഗാര്‍ ആണെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

അപകടമുണ്ടാക്കിയ ട്രക്കിന്‍റെ നമ്പര്‍ പ്ലെയ്റ്റ് ചുരണ്ടിയ നിലയില്‍ ആയിരുന്നു. രണ്ട് വനിത പോലീസുകാരും ഒരു സായുധ പോലീസുകാരനും പെണ്‍കുട്ടിയുടെ സുരക്ഷയ്‍ക്ക് ഉണ്ടായിരുന്നു. അപകടം നടന്ന സമയത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്നില്ല. ഇതും സംശയത്തിന് കാരണമായി.

പ്രതിപക്ഷവും സോഷ്യല്‍ മീഡിയയിലെ പ്രതിഷേധങ്ങളും ശക്തമായതോടെ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍ മനോജ് സിങ് സെന്‍ഗാര്‍ മറ്റ് എട്ടുപേര്‍ എന്നിവര്‍ക്ക് എതിരെ പോലീസ് എഫ്‍ഐആര്‍ രജിസ്റ്റര്‍ ചെയ്‍തു.

ബിജെപി എംഎല്‍എ സെന്‍ഗാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്രയും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി വിശദീകരണവുമായി എത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് ബിജെപി എംഎല്‍എയ്ക്ക് എതിരെ പെണ്‍കുട്ടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. പരാതി നല്‍കിയതിന് പിന്നാലെ പെൺകുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തിയിരുന്നു. പെൺകുട്ടിയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിലിരിക്കേ മരിച്ചതും വിവാദമായി.

ഞായറാഴ്‍ച്ച നടന്ന അപകടത്തിന് കാരണമായ ട്രക്കിന്‍റെ ഉടമ ദേവേന്ദ്ര സിങ്ങ്, ഡ്രൈവര്‍ ആശിഷ് പാല്‍ എന്നിവര്‍ കസ്റ്റഡിയിലാണ്. ഫോറൻസിക് സംഘവും തെളിവ് ശേഖരിച്ചു.

ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വസതിക്ക് മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് ഉന്നാവോ കേസ് ദേശീയശ്രദ്ധയാകര്‍ഷിച്ചത്.

ബംഗര്‍മോയിൽ നിന്നുള്ള ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാര്‍ തന്നെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി ആരോപിക്കുന്നത്. എംഎൽഎയെ പോലീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം വിവാദമായതോടെ യുപി സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഇയാളെയും സഹായികളെയും കഴിഞ്ഞ വര്‍ഷം സിബിഐ അറസ്റ്റ് ചെയ്‍തിരുന്നു.

അപകടത്തിന് ശേഷം പെണ്‍കുട്ടിയുടെ അമ്മ സംസാരിച്ചിരുന്നു. മാധ്യമങ്ങളോട്, കുടുബത്തെ തുടച്ചുനീക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. അപകടം നടന്ന രീതി സംശയം ഉണ്ടാക്കുന്നതാണെന്ന് അഭിഭാഷകന്‍റെ പിതാവും പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്