ആപ്പ്ജില്ല

മോദി സർക്കാരിൻ്റെ 'കരിനിയമം': കർഷകരെ അടിമകളാക്കരുത്; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കര്‍ഷകരെ കുത്തകകളുടെ അടിമകളാക്കരുതെന്ന് രാഹുൽ ഗാന്ധി. കാര്‍ഷിക ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതിനെതിരെ വൻ പ്രതിഷേധം.

Samayam Malayalam 20 Sept 2020, 5:04 pm
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ ഞായറാഴ്ച രാജ്യസഭ പാസാക്കിയതിനു പിന്നാലെ കേന്ദ്രത്തിനെതിരെ വൻ വിമര്‍ശനവുമായി രാഹുൽ ഗാന്ധി. ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്‍റിൽ പാസാക്കിയ കാര്‍ഷിക ബില്ലുകളെ 'കരിനിയമം' എന്നു വിശേഷിപ്പിച്ച രാഹുൽ ഗാന്ധി കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ അടിമകളാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ചു.
Samayam Malayalam rahul gandhi
രാഹുൽ ഗാന്ധി


കേന്ദ്രത്തിൻ്റെ വിവാദ ബില്ലുകള്‍ക്കെതിരെ രണ്ട് ചോദ്യങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. കാര്‍ഷിക വിള വിപണന സമിതികള്‍ അല്ലെങ്കിൽ കിസാൻ മാര്‍ക്കറ്റുകള്‍ നിര്‍ത്തലാക്കിയ ശേഷം എങ്ങനെയാണ് മിനിമം താങ്ങുവില കൊടുക്കുന്നത് എന്നായിരുന്നു ആദ്യ ചോദ്യം. ബില്ലിൽ എന്തുകൊണ്ടാണ് മിനിമം താങ്ങുവില ഉറപ്പു നല്‍കാത്തത് എന്നായിരുന്നു രണ്ടാമത്തെ ചോദ്യം. "മോദി കര്‍ഷകരെ കുത്തകളുടെ അടിമകളാക്കുകയാണ്. ഇത് വിജയിപ്പിക്കാൻ രാജ്യം അനുവദിക്കില്ല." രാഹുൽ ഗാന്ധി വ്യക്തമാക്കി.

Also Read: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ രാജ്യസഭ കാർഷിക ബിൽ 2020 പാസാക്കി

കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നീ രണ്ട് ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ന് രാജ്യസഭയിൽ പാസാക്കിയത്. വിവാദമായ ബില്ലുകള്‍ വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് അന്ത്യം കുറിയ്ക്കുമെന്നും കര്‍ഷകരുടെ പരമ്പരാഗത രീതികള്‍ക്ക് എതിരാണെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ചെവികൊടുക്കുന്നില്ലെന്ന് ഇന്നലെ പ്രിയങ്ക ഗാന്ധിയും ആരോപിച്ചിരുന്നു.



Also Read: ബിജെപിക്കുവേണ്ടി ഏതറ്റം വരെയും പോകും, കുഞ്ഞാലിക്കുട്ടി യുഎഇയെ കള്ളക്കടത്ത് രാജ്യമായി പ്രഖ്യാപിക്കുകയാണ്: കോടിയേരി

പ്രതിപക്ഷാംഗങ്ങളുടെ വൻ ബഹളത്തിനും പ്രതിഷേധത്തിനും ഇടയിലായിരുന്നു വിവാദമായ രണ്ട് ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ സഭയിൽ പാസാക്കിയത്. ബിൽ പാസാക്കുന്നതിനു തൊട്ടു മുൻപ് രാജ്യസഭയിൽ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ബിൽ പാസാക്കുന്നത് മാറ്റി വെക്കണമെന്നും സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്നുമുള്ള ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയും സഭാധ്യക്ഷൻറെ ഡയസിനു നേര്‍ക്ക് ഇരച്ചെത്തുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ ഡെപ്യൂട്ടി ചെയര്‍മാൻ്റെ റൂള്‍ ബുക്ക് വലിച്ചു കീറാനും സഭാധ്യക്ഷൻ്റെ മൈക്ക് പിടിച്ചു മാറ്റാനും ശ്രമിച്ചു. "ഇത് പാര്‍ലമെന്‍ററി ജനാധിപത്യ സംവിധാനത്തിൻ്റെ ക്രൂരമായ കൊലപാതകമാണ്." അദ്ദേഹം വിളിച്ചു പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് സഭ 10 മിനിട്ടോളം നിര്‍ത്തി വെച്ചു.

എന്നാൽ താൻ റൂള്‍ ബുക്ക് കീറിയെറിയാൻ ശ്രമിച്ചിട്ടിലെന്ന് അദ്ദേഹം പിന്നീട് ദേശീയ മാധ്യമമായ എൻഡിടിവിയോട് വിശദീകരിച്ചു. ബിൽ പാസാക്കാൻ ആവശ്യമായ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടെന്നും താൻ റൂള്‍ ബുക്ക് കീറിയെന്ന് തെളിഞ്ഞാൽ രാജി വെക്കുമെന്നും അദ്ദേഹം പറഞ്ഞു. സഭാധ്യക്ഷനെതിരെ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്