ആപ്പ്ജില്ല

കുത്തിവെയ്പ്പിന് എസ്എംഎസ്, ക്യൂആർ കോഡ് രസീതും ട്രാക്കിങും: ഇന്ത്യയിൽ കൊവിഡ് വാക്സിൻ കിട്ടുന്നത് ഇങ്ങനെ

അടുത്ത വര്‍ഷം രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

Samayam Malayalam 25 Oct 2020, 2:28 pm
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് 19 പ്രതിരോധ വാക്സിൻ വിതരണം എങ്ങനെയെന്നത് സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്ത്. ഫലപ്രദമായ വാക്സിൻ കണ്ടെത്തി അനുമതി നല്‍കിയാലുടൻ എത്രയും പെട്ടെന്ന് വാക്സിൻ വിതരണം ചെയ്യാൻ ആവശ്യമായ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആദ്യഘട്ടത്തിൽ രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് വാക്സിൻ നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയതിനു പിന്നാലെയാണ് വാക്സിൻ വിതരണത്തിൻ്റെ നടപടികള്‍ സംബന്ധിച്ച് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Samayam Malayalam vaccine
വാക്സിൻ വിതരണവും സംഭരണവും നിരീക്ഷിക്കാൻ ഡിജിറ്റൽ മാർഗങ്ങൾ സ്വീകരിക്കും. Photo: BCCL/File


വാക്സിനേഷന് ദിവസങ്ങള്‍ക്ക് മുൻപ് തന്നെ വാക്സിനെടുക്കുന്നയാള്‍ക്ക് സ്ഥലവും തീയതിയും സംബന്ധിച്ച് എസ്എംഎസ് ലഭിക്കും. ഓരോ ഡോസ് വാക്സിൻ സ്വീകരിക്കുമ്പോളും ഇത് വ്യക്തമാക്കുന്ന ക്യൂ ആര്‍ കോഡ് അടങ്ങിയ സര്‍ട്ടിഫിക്കറ്റും ലഭിക്കും. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ശൃംഖലയിലൂടെയായിരിക്കും വാക്സിൻ വിതരണം ചെയ്യുക, ഇതിനായി വൻതോതിൽ ആരോഗ്യപ്രവര്‍ത്തകരെയും അണി നിരത്തും. അതിവേഗത്തിൽ വാക്സിൻ വിതരണം ചെയ്യാനായി പൊതുതെരഞ്ഞെടുപ്പിൻറെ മാതൃകയിലുള്ള നടപടികളായിരിക്കും സ്വീകരിക്കുക. രാജ്യത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിയായിരിക്കും അടുത്ത വര്‍ഷം അരങ്ങേറുകയെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോര്‍ട്ട്.

Also Read: മുതിർന്ന അൽ ഖ്വയ്ദ നേതാവിനെ വധിച്ചതായി അഫ്ഗാൻ

വാക്സിൻ വിതരണത്തിനായുള്ള കേന്ദ്ര വിദഗ്ധ സമിതിയ്ക്കായിരിക്കും വിതരണം ഏകോപിപ്പിക്കാനുള്ള ചുമതല. വാക്സിൻ രാജ്യത്തിൻ്റെ എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കാനായി തെരഞ്ഞെടുപ്പിൻ്റെ മാതൃകയിലുള്ള നടപടികള്‍ സ്വീകരിക്കമമെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നു. ജൂലൈ 2021നോടു കൂടി രാജ്യത്തെ 20-25 കോടി ജനങ്ങള്‍ക്ക് കുത്തിവെയ്പ്പെടുക്കാനും അതുവഴി 40 കോടി മുതൽ 50 കോടി വരെ ഡോസ് വാക്സിൻ വിതരണം ചെയ്യാനുമാണ് കേന്ദ്രസര്‍ക്കാരിൻ്റെ പദ്ധതി. മുൻഗണനാവിഭാഗത്തിൽപ്പെട്ടവര്‍ക്കായിരിക്കും വാക്സിൻ ആദ്യം വിതരണം ചെയ്യുക.

"കൊവിഡ് 19 വാക്സിനേഷൻ പദ്ധതി ആരോഗ്യകേന്ദ്രതലത്തിലും താഴെ പ്രവര്‍ത്തിക്കണം. ആരോഗ്യകേന്ദ്രതലം എന്നത് പ്രാഥമിക ആരോഗ്യകേന്ദ്രമോ സാമൂഹ്യ ആരോഗ്യകേന്ദ്രമോ ജില്ലാ ആശുപത്രിയോ ആകാം. പക്ഷെ ഈ കേസിൽ ഒരു തെരഞ്ഞെടുപ്പ് നടത്തുന്നതു പോലെ വേണം നടപടികള്‍ ഏകോപിപ്പിക്കാൻ. അതുകൊണ്ട് അതിനു താഴെ മറ്റൊരു സംവിധാനം കൂടി വേണം. അതൊരു സ്കൂളാകാം, ഇലക്ഷൻ ദിവസം തുറക്കുന്ന തെരഞ്ഞെടുപ്പ് ബൂത്തു പോലെ, അവ സജ്ജീകരിക്കണം." ഒരു സോഴ്സ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read: നേപ്പാളിലെ ഏഴു ജില്ലകളിൽ ചൈനീസ് കടന്നുകയറ്റം: കമ്മ്യൂണിസ്റ്റ് സര്‍ക്കാർ അനങ്ങുന്നില്ലെന്ന് ഇൻ്റലജിൻസ് മുന്നറിയിപ്പ്

ഇലക്ട്രോണിക് വാക്സിൻ ഇൻ്റലിജൻസ് നെറ്റ് വര്‍ക്ക് അഥവാ ഇവിൻ നടപ്പാക്കാനുള്ള തീരുാമനവും സ്വീകരിച്ചതായി അവര്‍ വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കുന്നയാളെ ട്രാക്ക് ചെയ്യാനുള്ളതാണ് ഈ സംവിധാനം. നിലവിൽ ഈ സംവിധാനം നടപ്പാക്കി തുടങ്ങിയിട്ടില്ലെന്നും രാജ്യമെമ്പാടുമായി 28000 കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ സജ്ജീകരിക്കാനുള്ള നടപടികളാണ് തുടരുന്നതെന്നും സോഴ്സുകള്‍ വ്യക്തമാക്കി. ഈ കേന്ദ്രങ്ങളിലെ താപനില, അവിടെ നിന്ന് ആരോഗ്യകേന്ദ്രങ്ങളിലേയ്ക്കുള്ള വാക്സിൻ്റെ സഞ്ചാരം തുടങ്ങിയവ ട്രാക്ക് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഒന്നിലധികം ഡോസ് വാക്സിൻ നല്‍കേണ്ടതിനാൽ സെഷനുകള്‍ ക്രമീകരിക്കാനും പാര്‍ശ്വഫലങ്ങളുണ്ടോ എന്ന് നിരീക്ഷിക്കാനുമാണ് ഇലക്ട്രോണിക് ട്രാക്കിങ് രീതി അവലംബിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്