ആപ്പ്ജില്ല

പഠനം ഇനിയും വീട്ടിൽ തുടരാം; രാജ്യത്ത് സ്കൂളുകൾ തുറക്കാൻ വൈകും

രാജ്യത്ത് സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു സമയരേഖയും തീരുമാനിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള എഎൻഐ റിപ്പോര്‍ട്ട്.

Samayam Malayalam 11 Aug 2020, 11:50 am
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് സ്കൂളുകള്‍ ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. രോഗവ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ ചണ്ഡീഗഡ് ഒഴികെയുള്ള ഏതെങ്കിലും സംസ്ഥാനമോ കേന്ദ്രഭരണപ്രദേശമോ സ്കൂളുകള്‍ തുറക്കാനുള്ള അനുമതി തേടി കേന്ദ്രത്തെ സമീപിപ്പിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോര്‍ട്ട്.

രാജ്യത്ത് സ്കൂളുകള്‍ തുറക്കാനുള്ള ഒരു സമയരേഖയും സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നാണ് വാര്‍ത്താ ഏജൻസിയുടെ റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്ന സാഹചര്യം അനുസരിച്ച് മാത്രമായിരിക്കും സ്കൂളുകള്‍ തുറക്കുന്നത്. അതുവരെ ഓൺലൈൻ ക്ലാസുകള്‍ തുടരാനാണ് സര്‍ക്കാര്‍ നീക്കം.

Also Read: രാജസ്ഥാനിൽ കോൺഗ്രസിന് ആശ്വാസം, മണിപ്പൂരിൽ കനത്ത തിരിച്ചടിയും; BJP സർക്കാർ വിശ്വാസ വോട്ട് നേടി

ഇതിനിടെ ഓൺലൈൻ ക്ലാസുകള്‍ മൂന്നാം ക്ലാസിനു മുകളിലേയ്ക്കുള്ള കുട്ടികളെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പാര്‍ലമെൻ്ററി പാനലിനെ അറിയിച്ചു. എട്ടാം ക്ലാസു വരെയുള്ള കുട്ടികള്‍ക്ക് പരിമിതമായ ക്ലാസുകള്‍ മാത്രമായിരിക്കും ലഭ്യമാക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂളുകള്‍ തുറക്കുന്ന സമയം സംബന്ധിച്ച് രക്ഷിതാക്കളുടെ പ്രതികരണം തേടാൻ സംസ്ഥാനങ്ങള്‍ക്ക് മുൻപ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

Also Read: ഇന്ത്യയിൽ കൊവിഡ് വാക്സിൻ ഡിസംബറോടെ

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനു മുൻപേ മാര്‍ച്ച് മാസം പകുതിയോടെയാണ് രാജ്യത്ത് സ്കൂളുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. രോഗവ്യാപനം അതിവേഗം പകരുന്നത് ചെറുക്കാനായി പരീക്ഷകള്‍ ഒഴിവാക്കി സ്കൂളുകള്‍ നേരത്തെ അടയ്ക്കുകയായിരുന്നു. ലോക്ക് ഡൗൺ കാലത്തിനു ശേഷം പല ഇളവുകളും നല്‍കിയെങ്കിലും സ്കൂളുകള്‍ തുറക്കാൻ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. സ്കൂളുകള്‍ തുറക്കുന്നത് അനിശ്ചിതകാലത്തേയ്ക്ക് നീളുന്ന പശ്ചാത്തലത്തിൽ 9 മുതൽ 12 വരെ ക്ലാസുകളിൽ 30 ശതമാനത്തോളം സിലബസ് വെട്ടിക്കുറയ്ക്കാൻ ജൂലൈയിൽ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്രധാന പാഠഭാഗങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ പാഠഭാഗങ്ങള്‍ വെട്ടിച്ചുരുക്കാനാണ് കേന്ദ്ര തീരുമാനം. നഷ്ടപ്പെട്ട അധ്യയന ദിവസങ്ങള്‍ക്ക് പകരമായി ഓൺലൈൻ ക്ലാസുകള്‍ നടപ്പാക്കാനാണ് ആലോചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്