ആപ്പ്ജില്ല

'ട്രാക്ടർ റാലി വൻവിജയം': നാലു സംസ്ഥാനങ്ങളിലേയ്ക്കു കൂടി രാഹുൽ ഗാന്ധി എത്തണമെന്ന് കോൺഗ്രസ് നേതൃത്വം

ഹരിയാനയിലെ ട്രാക്ടര്‍ റാലി നാല് സംസ്ഥാനങ്ങളിൽ കൂടി ആവര്‍ത്തിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. രാജ്യതലസ്ഥാനത്തും റാലി നടത്താൻ പദ്ധതിയുണ്ടെന്നും കെ സി വേണുഗോപാൽ അറിയിച്ചു.

Samayam Malayalam 8 Oct 2020, 7:53 am
ന്യൂഡൽഹി: പഞ്ചാബിലും ഹരിയാനയിലും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തിയ പ്രക്ഷോഭത്തിന് വൻപിന്തുണ ലഭിച്ചെന്ന വിലയിരുത്തലിൽ നാല് സംസ്ഥാനങ്ങളിലേയ്ക്കു കൂടി രാഹുൽ ഗാന്ധി ട്രാക്ടര്‍ റാലിയ്ക്ക് എത്തണമെന്ന് കോൺഗ്രസ് നേതൃത്വത്തിൻ്റെ ആവശ്യം. രാജസ്ഥാൻ, ഛത്തീസ്ഗഡ്, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് രാഹുൽ ഗാന്ധി സമരത്തിനെത്താൻ നേതൃത്വം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
Samayam Malayalam Rahul Gandhi
രാഹുൽ ഗാന്ധി. Photo: Maharashtra Times/File


ഹരിയാനയിലെ കുരുക്ഷേത്രയിൽ ഹൊവ്വാഴ്ച അവസാനിച്ച ട്രാക്ടര്‍ റാലി വൻവിജയമാണെന്ന് നേതൃത്വം വിലയിരുത്തിയതായും ഈ സാഹചര്യത്തിൽ നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഘടകങ്ങള്‍ രാഹുൽ ഗാന്ധിയ്ക്കു മുന്നിൽ ആവശ്യമുന്നയിക്കുകയായിരുന്നുവെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ഉദ്ധരിച്ചുള്ള മാതൃഭൂമി റിപ്പോര്‍ട്ടിൽ പറയുന്നത്. വിഷയത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്നും മുതിര്‍ന്ന കോൺഗ്രസ് നേതാവ് അറിയിച്ചു.

Also Read: മഹാരാഷ്‌ട്രയിൽ 14,578 കൊവിഡ് കേസുകൾ; കർണാടകയിൽ 10,947 രോഗബാധയും 113 മരണവും

പാര്‍ലമെന്‍റിൻ്റെ വര്‍ഷകാല സമ്മേളനത്തിൽ പാസായ മൂന്ന് ബില്ലുകള്‍ക്കെതിരെ ഏറ്റവും രൂക്ഷമായ സമരം നടക്കുന്നത് പഞ്ചാബിലും ഹരിയാനയിലുമാണ്. കോൺട്രാക്ട് ഫാമിങ് അനുവദിക്കുകയും പരമ്പരാഗത കര്‍ഷക സഹകരണവിപണികള്‍ക്ക് ബദലായി കര്‍ഷകര്‍ക്ക് വിളകള്‍ ആര്‍ക്കു വേണമെങ്കിലും വിൽക്കാൻ അനുവദിക്കുകയും ചെയ്യന്ന പുതിയ നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാൽ പരമ്പരാഗത മന്തി സംവിധാനത്തിന് തിരിച്ചടിയാകുന്ന നീക്കം 'കര്‍ഷകരുടെ മരണവാറണ്ട്' ആണെന്നും അവരെ 'കോര്‍പ്പറേറ്റുകളുടെ അടിമകളാക്കുമെന്നുമാണ് കോൺഗ്രസിൻ്റെ ആരോപണം.

Also Read: മുൻ ഗവർണറും സിബിഐ ഡയറക്‌ടറുമായിരുന്ന അശ്വനി കുമാർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഷിംലയിലെ വസതിയിൽ

നവംബര്‍ 14ന് രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിയ്ക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. ഇതിനു മുന്നോടിയായി ഡൽഹിയിൽ റാലി നടത്താൻ ആലോചനയുണ്ടെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ഇതിനൊപ്പം ഹാഥ്രസ് സംഭവത്തിൽ നീതി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളും നടത്തും.

ഇതിനിടെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചു. കേന്ദ്രനിയമങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുൻപ് കൃഷിമന്ത്രി വി എസ് സുനിൽകുമാര്‍ പറഞ്ഞിരുന്നു. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്