ആപ്പ്ജില്ല

സംഘർഷ സാധ്യത: അമിത് ഷായുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചു

ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍

Samayam Malayalam 6 Dec 2018, 9:07 pm
കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പശ്ചിമ ബാംഗാളിൽ നടത്താനിരുന്ന രഥയാത്രയ്ക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു. രഥയാത്ര വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കിയേക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി രഥയാത്രയുടെ അനുമതി നിഷേധിച്ചത്.
Samayam Malayalam amit-shah


വെള്ളിയാഴ്ചയ കൂച്ച് ബെഹാറിൽ രഥയാത്രയ്ക്ക് തുടക്കമിടാനായിരുന്നു തീരുമാനം. എന്നാൽ പരിപാടിയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കൂച്ച് ബെഹാര്‍ പോലീസ് സൂപ്രണ്ട് അഡ്വക്കേറ്റ് ജനറൽ കിഷോര്‍ ദത്ത കോടതിയെ അറിയിച്ചു. അതേസമയം, അനുമതി നിഷേധിച്ച വിധിയ്ക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് ബിജെപിയുടെ നീക്കം.

കൂച്ച് ബെഹാറിൽ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും പരിപാടിയ്ക്കിടെ അക്രമമുണ്ടാകാൻ സാധ്യതയുണ്ടെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട്. രഥയാത്രയ്ക്കായി മുതിര്‍ന്ന ബിജെപി നേതാക്കളും മറ്റു കേന്ദ്രങ്ങളിൽ നിന്നുള്ള പ്രവര്‍ത്തകരും സ്ഥലത്തെത്തുന്നത് സംഘര്‍ഷത്തിനിടയാക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു.

മൂന്ന് റാലികള്‍ക്ക് അനുമതി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രഥയാത്ര സമാധാനപരമായിരിക്കുമെന്ന് ബിജെപി അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ സംഘര്‍ഷം ഉണ്ടായാൽ ആര്‍ക്കാണ് ഉത്തരവാദിത്തമെന്ന് ചോദിച്ച കോടതി ക്രമസാമാധാനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ചുമതലാണെന്ന് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്