ആപ്പ്ജില്ല

മഹാരാഷ്ട്രയിൽ മാറ്റി നിർത്തി, ജാർഖണ്ഡിൽ പരാജയപ്പെടുത്തി; ബിജെപിയെ കടന്നാക്രമിച്ച് ചിദംബരം

ജാർഖണ്ഡിൽ ബിജെപി പരാജയം ഉറപ്പാക്കിയതിനു പിന്നാലെ പാർട്ടിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. എല്ലാ ബിജെപി ഇതര പാർട്ടികളും ഭരണഘടനയെ സംരക്ഷിക്കാൻ ഒന്നിക്കണമെന്നും ആഹ്വാനം.

Samayam Malayalam 23 Dec 2019, 6:51 pm

ന്യൂഡൽഹി: ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതിനു പിന്നാലെ പാർട്ടിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് പി ചിദംബരം. മഹാരാഷ്ട്രയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ബിജെപിയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാതെ വന്നതും ജാർഖണ്ഡിൽ ദയനീയ പരാജയമേൽക്കേണ്ടി വന്നതും ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തിന്‍റെ വിമർശനം.

'ഹരിയാനയിൽ വഴങ്ങി, മഹാരാഷ്ട്രയിൽ മാറ്റിനിർത്തി, ജാർഖണ്ഡിൽ പരാജയപ്പെടുത്തി. ഇതാണ് 2019 ലെ ബിജെപിയുടെ കഥ. എല്ലാ ബിജെപി ഇതര പാർട്ടികളും ഭരണഘടനയെ സംരക്ഷിക്കാൻ കോൺഗ്രസിനൊപ്പം അണിനിരക്കണം.' ചിദംബരം പറഞ്ഞു. മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യകക്ഷിയായിരുന്ന ശിവസേനയെ കൂടെചേർത്തായിരുന്നു കോൺഗ്രസും എൻസിപിയും സർക്കാർ രൂപീകരിച്ചത്.

Also Read: പ്രചരണം നയിച്ചത് മോദിയും അമിത് ഷായും; എന്നിട്ടും ബിജെപിയ്ക്ക് പിഴച്ചതെവിടെ ?

'മോദിയുടെയും അമിത് ഷായുടെയും ബിജെപിയുടെയും അഹങ്കാരമാണ് ജാർഖണ്ഡിലെ ജനങ്ങൾ തകർത്തത്. ജനാധിപത്യം വിജയിച്ചു.' എന്നായിരുന്നു ജനവിധിയ്ക്ക് പിന്നാലെ എൻസിപി വക്താവ് നവാബ് മാലിക് ട്വീറ്റ് ചെയ്തത്. ജാർഖണ്ഡ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തിയപ്പോൾ മഹാസഖ്യം വിജയം ഉറപ്പിച്ചിരിക്കുകയാണ്.

ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുമെന്നുമുറപ്പാണ്. അതേസമയം നിലവിലെ മുഖ്യമന്ത്രി രഘുബർദാസ് കനത്ത പരാജയത്തിലേക്കാണ് നീങ്ങുന്നത്. ജംഷദ്പൂർ ഈസ്റ്റ് മണ്ഡലത്തിൽ സരയൂ റോയിയാണ് ലീഡ് ചെയ്യുന്നത്. നേരത്തെ വോട്ടെണ്ണൽ പുരോഗമിക്കവെ തങ്ങൾ തന്നെ സർക്കാർ രൂപീകരിക്കുമെന്നായിരുന്നു രഘുബർ ദാസ് പറഞ്ഞിരുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ തന്നെയാകും അധികാരത്തിലെത്തുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്