ആപ്പ്ജില്ല

കടലിൽ കുടുങ്ങിയവർക്ക് തുണയായത് ദേവ്‍ഗഢ് തീരം

ദക്ഷിണേന്ത്യയിൽ നാശം വിതച്ച ശേഷമാണ് കാറ്റ് ഇന്ത്യയുടെ വടക്ക് ഭാഗത്തേക്ക് നീങ്ങിയത്

TNN 7 Dec 2017, 1:58 pm
ദേവ്‍ഗഢ്: ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ കുടുങ്ങിപോയ 300 ഓളം മൽസ്യബന്ധന ബോട്ടുകൾക്ക് തുണയായത് മഹാരാഷ്ട്രയിലെ ദേവ്‍ഗഢ് ഗ്രാമവും അവിടുത്തെ ജനങ്ങളും. ദക്ഷിണേന്ത്യയിൽ നാശം വിതച്ച ശേഷമാണ് കാറ്റ് ഇന്ത്യയുടെ വടക്ക് ഭാഗത്തേക്ക് നീങ്ങിയത്. 15000 ജനങ്ങൾ മാത്രം താമസിക്കുന്ന ദേവ്‍ഗഢ് തീരത്ത് മൽസ്യബന്ധന ബോട്ടുകൾ എത്തിയപ്പോൾ നിവാസികള്‍ക്ക് ആദ്യം കൗതുകവും അത്ഭുതവും തോന്നിയിരുന്നു.
Samayam Malayalam devgad port supported ockhi hit fishermen from south
കടലിൽ കുടുങ്ങിയവർക്ക് തുണയായത് ദേവ്‍ഗഢ് തീരം


ലൂർദ് മാത ബോട്ടിലുണ്ടായിരുന്ന ഫ്രാൻസിസ് അൽഫോൺസ് രക്ഷപ്പെട്ടവരിൽ ഒരാളാണ്. ജിപിഎസ് ഘടിപ്പിച്ച ബോട്ടിൽ ഓഖി അറിയിപ്പ് കിട്ടിയപ്പോഴേക്കും തങ്ങൾ കേരള തീരം വിട്ട് ദൂരേക്ക് പോയിരുന്നെന്ന് ഫ്രാൻസിസ് പറയുന്നു. തങ്ങളുടെ വലകൾ കടലിൽ ഉപേക്ഷിച്ചാണ് പിന്നീട് രക്ഷപെടാനായി നീങ്ങിയതെന്നും ഫ്രാൻസിസ് ഓർക്കുന്നു. 40 ലക്ഷം രൂപയോളം വില വരുന്ന ആറ് കിലോമീറ്ററോളം വ്യാപ്തിയില്‍ കടലിൽ വിരിക്കാൻ കഴിയുന്ന വലകളാണ് കടലിൽ ഉപേക്ഷിച്ചതെന്നും ഫ്രാൻസിസ് പറയുന്നു.

ഗോവ തീരത്ത് അടുക്കാൻ ആദ്യം ശ്രമിച്ചെങ്കിലും മറ്റൊരു സംസ്ഥാനപരിധിയിൽ കടക്കുന്നതിന് വേണ്ട അനുമതി ലഭിക്കാൻ സമയമെടുക്കുമെന്ന് കേരളത്തിൽ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് കൊങ്കൺ തീരത്തേക്ക് നീങ്ങിയതെന്ന് ഫ്രാൻസിസ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള ചിലർ രത്‌നഗിരി, ചിപ്‍ലുന്‍ തീരങ്ങളിൽ അഭയം പ്രാപിച്ചെന്നും ഫ്രാൻസിസ് വ്യക്തമാക്കി.ആദ്യ ദിവസം കേരളത്തിൽ നിന്ന് 58 ഉം തമിഴ്‌നാട്ടിൽ നിന്ന് മൂന്നും കർണാടകയിൽ നിന്ന് രണ്ടും ബോട്ടുകൾ കൊങ്കണ്‍ തീരത്തെത്തി.

ഓരോ ബോട്ടിലും 15 തൊഴിലാളികളോളം ഉണ്ടായിരുന്നു. 850 മൽസ്യത്തൊഴിലാളികൾ വിവിധ ബോട്ടുകളിലായി കൊങ്കൺ തീരത്തെത്തി. മൊബൈൽ സിഗ്നലുകൾ കിട്ടിയപ്പോഴേക്കും ബന്ധുക്കളിൽ നിന്നും മിത്രങ്ങളിൽ നിന്നും തങ്ങൾ ജീവനോടെ ഉണ്ടോ എന്ന് അറിയാനുള്ള വിളികളായിരുന്നു എന്നും ഫ്രാൻസിസ് പറയുന്നു. ദേവ്‍ഗഢ് ഭരണകൂടത്തോട് അഭയം ചോദിക്കാൻ തങ്ങൾക്ക് ഭാഷയായിരുന്നു ഏറ്റവും വലിയ കടമ്പ എന്ന് ഫ്രാൻസിസ് വ്യക്തമാക്കി. ആദ്യ ദിവസം തങ്ങൾക്ക് ഭക്ഷണമോ മറ്റ് അവശ്യവസ്തുക്കളോ ലഭിച്ചില്ല.

രണ്ടാമത്തെ ദിവസം തങ്ങളെ കാണാൻ ദേവ്‍ഗഢ് നിവാസികൾ കൂട്ടമായി എത്തി. അവിടെയുള്ള ആർഎസ്എസ് പ്രവർത്തകരാണ് തങ്ങൾക്ക് സഹവുമായെത്തിയതെന്ന് ഫ്രാൻസിസ് പുനെ മിററിനോട് പറഞ്ഞു. കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് കേരള സർക്കാർ സമയബന്ധിതമായ സഹായം ചെയ്തു. എന്നാൽ തമിഴ്‌നാട് സ്വദേശികൾ ഇപ്പോഴും അനിശ്ചിതാവസ്ഥയിൽ തുടരുകയാണ്. കേരളത്തിലെ ജനപ്രതിനിധികൾ തങ്ങൾക്ക് ഭക്ഷണവും മറ്റും എത്തിക്കാൻ സഹായിച്ചെന്നും രക്ഷപ്പെട്ടവർ പറയുന്നു. നൂറ് കണക്കിന് ജനങ്ങളാണ് വാഹനങ്ങളിലും കാൽനടയായും രക്ഷപെട്ട മത്സ്യത്തൊഴിലാളികളെ നേരിട്ട് കാണാൻ എത്തിയത്.

ദേവ്‍ഗഢ് തുറമുഖ ഉദ്യോഗസ്ഥർക്കായി പുതിയതായി പണികഴിപ്പിച്ച കെട്ടിടമാണ് തൊഴിലാളികൾക്ക് തങ്ങാനായി തുറന്ന് കൊടുത്തത്. കേരള ഫിഷറീസ് വകുപ്പിൽ റജിസ്റ്റർ ചെയ്ത ബോട്ടുകളാണ് തീരത്തെത്തിയിരിക്കുന്നതെന്ന് കേരള സർക്കാർ കൃത്യസമയത്ത് ഉറപ്പ് നൽകിയത് കൊണ്ടാണ് അവർക്ക് വേണ്ട ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാൻ കഴിഞ്ഞതെന്ന് തഹസിൽദാർ വിനിത പാട്ടിൽ പറഞ്ഞു. എന്നാൽ, തമിഴ്‌നാട് സർക്കാർ തങ്ങൾക്ക് അങ്ങനെയൊരു ഉറപ്പും നൽകിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്