ആപ്പ്ജില്ല

ഡി.കെ ശിവകുമാറിന്‍റെ കസ്റ്റഡി അഞ്ച് ദിവസം കൂടി നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടേക്കും

ഡികെ മകൾ ഐശ്വര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് വഴി അനധികൃത പണമിടപാട് നടത്തിയെന്ന് ഇഡി കണ്ടെത്തിയിരുന്നു. 23 കാരിയായ ഐശ്വര്യയെ ഏഴ് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തു.

Samayam Malayalam 13 Sept 2019, 10:50 am
ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഡി.കെ ശിവകുമാറിന്റെ ഇന്ന് ഉച്ചക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ശിവകുമാറിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
Samayam Malayalam ഡി കെ ശിവകുമാർ
ഡി കെ ശിവകുമാർ


ഡല്‍ഹി റോസ് അവന്യൂ കോടതിയിലാണ് ഡി.കെ ശിവകുമാറിന്റെ ഇന്ന് ഹാജരാക്കുക. ശിവകുമാറിനെ കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായി തുഗ്ലഖ്‌ റോഡ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഈ മാസം മൂന്നാം തീയതിയാണ് കള്ളപ്പണക്കേസിൽ ഡി.കെ ശിവകുമാറിനെ ഡൽഹിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഡികെയുടെ 23 വയസുള്ള മകളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

ഡികെയെ ഇന്നലെ ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, സഹോദരൻ ഡികെ സുരേഷ് എന്നിവർ ആശുപത്രിയിൽ എത്തിയെങ്കിലും ഡികെയെ കാണാൻ അനുമതി ലഭിച്ചില്ല. അതിനു പുറമെ, തന്റെ അഭിഭാഷകരുമായും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്താനുള്ള സമയം കൂട്ടി നൽകണമെന്ന ഡികെ ശിവകുമാറിന്റെ അപേക്ഷ പ്രത്യേക കോടതി തള്ളി.

ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ ഡി കെ ശിവകുമാറിന്റെ പക്കൽ കണക്കിൽപ്പെടാത്ത സ്വത്തുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കേസ്. അതിനിടെ, ഡികെ ശിവകുമാറിന്റെ മകൾ ഐശ്വര്യയെ ഏഴ് മണിക്കൂറോളം എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഐശ്വര്യ നേത്രത്വം നൽകുന്ന ട്രസ്റ്റിലൂടെ ശിവകുമാർ നിയമവിരുദ്ധമായി പണമിടപാടുകൾ നടത്തിയെന്നാണ് കേസ്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന ഡി.കെ ശിവകുമാറിനെ അഞ്ച് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുമെന്നാണ് വിവരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്