ആപ്പ്ജില്ല

'ചൈനയുമായി ഞങ്ങൾ ബന്ധപ്പെട്ട് വരികയാണ്'; ഇന്ത്യ- ചൈന തർക്കത്തിൽ ട്രംപിന്‍റെ വാഗ്ദാനം തള്ളി ഇന്ത്യ

ഇന്ത്യ- ചൈന അതിർത്തി വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നായിരുന്നു ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്. ഈ സഹായ വാഗ്ദാനമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിരസിച്ചത്

Samayam Malayalam 28 May 2020, 10:01 pm
Samayam Malayalam ഇന്ത്യ- ചൈന തർക്കം (ഫയൽ ചിത്രം)
ഇന്ത്യ- ചൈന തർക്കം (ഫയൽ ചിത്രം)

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന വിഷയത്തില്‍ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാഗ്ദാനം തള്ളി ഇന്ത്യ. 'നിലവിലെ സ്ഥിതി സമാധാനപരമായി പരിഹരിക്കാന്‍ ചൈനയുമായി ബന്ധപ്പെട്ട് വരികയാണെന്ന്' വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് വ്യക്തമാക്കിയത്.

ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് ശ്രീവാസ്തവ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈ വാഗ്ദാനവുമായി യുഎസ് ഇന്ത്യയെ സമീപിച്ചിട്ടുണ്ടോ, അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്രം ട്രംപുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളോട് ശ്രീവാസ്തവ പ്രതികരിച്ചില്ല.

Also Read: Fact Check: ശശി തരൂർ പങ്കുവെച്ച വീഡിയോ വ്യാജമോ?



ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ട്രംപ് കഴിഞ്ഞദിവസമായിരുന്നു ട്വീറ്റ് ചെയ്തത്. അയല്‍ക്കാരായ രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‍നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ യുഎസ് തയ്യാറാണെന്നായിരുന്നു അമേരിക്കൻ പ്രസിഡന്‍റിന്‍റെ ട്വീറ്റ്. അതിര്‍ത്തി പ്രശ്‍നത്തില്‍ മധ്യസ്ഥതയ്ക്ക് യുഎസ് തയ്യാറാണെന്ന് ഇന്ത്യയെയും ചൈനയെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ല‍ഡാക്കിലെ നിയന്ത്രണ രേഖ പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വടക്കന്‍ സിക്കിമിലും ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്. സിക്കിമിലും ലഡാക്കിലും ഇന്ത്യന്‍ സൈനികര്‍ പട്രോളിങ് നടത്തുന്നത് ചൈനീസ് സൈനികര്‍ തടയുന്നുവെന്നാണ് ഇന്ത്യയുടെ ആരോപണം. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ ചൈനീസ് പ്രദേശത്ത് കടന്നുകയറിയതിനാലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് ചൈന ചൂണ്ടിക്കാട്ടുന്നത്.

Also Read: കുവൈറ്റിലിന്ന് 208 ഇന്ത്യക്കാർക്ക് കൂടി കൊവിഡ്; ഗൾഫ് രാജ്യങ്ങളിലെ വിശദവിവരങ്ങൾ

സംഘർഷാവസ്ഥയെത്തുടർന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യയും സേനാ വിന്യാസം വികസിപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്