ആപ്പ്ജില്ല

'ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിവസം അനുഭവിച്ച അതേ അപമാനം ഇന്നും'; കോടതി വിധിക്കെതിരെ അസദ്ദുദീൻ ഒവൈസി

മസ്ജിദ് പൊളിച്ചതിൽ സംഘ്പരിവാർ കൂടാതെ കോൺഗ്രസിനും പങ്കുണ്ടെന്ന് ഒവൈസി പറഞ്ഞു. സിബിഐ കോടതിയുടെ വിധി അന്തിമമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Samayam Malayalam 30 Sept 2020, 4:57 pm
ബാബറി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളേയും വെറുതേവിട്ട സിബിഐ കോടതിയുടെ ഉത്തരവിനെതിരെ എഐഎംഐഎം നേതാവ് അസദ്ദുദീൻ ഒവൈസി. 1992 ഡിസംബർ ആറിന് അനുഭവിച്ച അതേ അപമാനമാണ് ഇപ്പോഴും അനുഭവിക്കുന്നത്. നീതി നടപ്പായില്ലെന്നും ഒവൈസി പറഞ്ഞു.
Samayam Malayalam Asaduddin Owaisi.
അസദ്ദുദീൻ ഒവൈസി (ഫയൽ ചിത്രം)


"ബാബരി മസ്ജിദ് തകർത്തത് കരുതിക്കൂട്ടിയാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഇത് നിയമത്തിന്റെ ഹീനമായ ലംഘനമല്ലെങ്കിൽ ഡിസംബർ ആറിന് മസ്ജിദ് സ്വയം തകർന്നു വീണ് രക്തസാക്ഷിത്വം വരിക്കുകയായിരുന്നോ? 1949 ഡിസംബർ 28, 29 ദിവസങ്ങളിൽ മസ്ജിദിനുള്ളിൽ വിഗ്രഹങ്ങൾ കൊണ്ടുവെച്ചതും രാജീവ് ഗാന്ധിയുടെ കാലത്ത് മസ്ജിദ് തുറക്കപ്പെട്ടത് മാജിക്കിലൂടെയായിരുന്നോ?" ഒവൈസി ചോദിക്കുന്നു.

"അക്രമം നിങ്ങൾക്ക് പ്രതിഫലം നൽകുന്നു, രഥയാത്ര എവിടെയൊക്കെ പോയോ അവിടെയെല്ലാം രക്തച്ചൊരിച്ചിലുണ്ടായി. നിഷ്കളങ്കരായ ആളുകൾ കൊല്ലപ്പെട്ടു. വസ്തുവകകൾ അഗ്നിക്കിരയാക്കപ്പെട്ടു." കുടുംബങ്ങളെ പിഴുതുമാറ്റി നശിപ്പിച്ചുവെന്നും ഒവൈസി പറഞ്ഞു.

Also Read: 'ജയ് ശ്രീറാം' വിളിച്ച് അദ്വാനി, 'ഗൂഢാലോചന നടന്നില്ലെന്ന് തെളിഞ്ഞു': സ്വാഗതം ചെയ്ത് അദ്വാനിയും ജോഷിയും

"മസ്ജിദ് തകർത്തതിനു പിന്നിൽ ബിജെപിയും ആർഎസ്എസും ശിവസേനയുമാണെന്ന് ലോകത്തിന് അറിയാം. കോൺഗ്രസിനും പങ്കുണ്ട്. മോസ്കിനുള്ളിൽ വിഗ്രഹങ്ങൾ വെച്ചത് കോൺഗ്രസ് ഭരിക്കുമ്പോഴാണ്. ഇതേത്തുടർന്നാണ് മസ്ജിദ് തകർത്തത്." അദ്ദേഹം പറഞ്ഞു.

"ഡിസംബർ 5 ന് വിനയ് കാത്യാരുടെ വീട്ടിൽ അദ്വാനി ഗൂഢാലോചന നടത്തിയതായി സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നില്ലേ? പള്ളി പൊളിക്കുന്നതു വരെ രാജിവെക്കരുതെന്ന് കല്യാൺ സിങ്ങിനോട് അദ്വാനി പറഞ്ഞില്ലേ? മോസ്കിന് സംരക്ഷണം നൽകുമെന്ന് യുപിയിലെ ബിജെപി സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നില്ലേ?"

ഇന്ന് ഇന്ത്യൻ ജുഡീഷ്യറിയുടെ കറുത്ത ദിനമാണെന്നും സിബിഐ കോടതിയുടെ വിധി അന്തിമമല്ലെന്നും ഒവൈസി പറഞ്ഞു. കോടതിയുടെ വിധി അംഗീകരിക്കാതിരിക്കുന്നത് കോടതി അലക്ഷ്യമല്ല. വിധിക്കെതിരെ സിബിഐ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒവൈസി വ്യക്തമാക്കി. കാശി, മധുര മസ്ജിദുകൾ പൊളിക്കുമെന്ന് പറയുന്നവർക്ക് ഈ വിധി ഒരു സന്ദേശമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്