ആപ്പ്ജില്ല

'നീതികേടിനു മുന്നിൽ തല കുനിക്കില്ല': ഹാഥ്രസ് സംഭവത്തിൽ ഗാന്ധിജിയെ ഓർമിപ്പിച്ച് രാഹുൽ ഗാന്ധി

ഹാഥ്രസ് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി പുറപ്പെട്ട രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെ യുപി പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. യുവതി മരിച്ച സംഭവത്തിൽ യുപി പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്.

Samayam Malayalam 2 Oct 2020, 9:34 am
ന്യൂഡൽഹി: ഹാഥ്രസ് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായുള്ള കാൽനട യാത്രയ്ക്കിടെയുണ്ടായ പോലീസ് അതിക്രമത്തിന് ഒരു ദിവസത്തിനു ശേഷം മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ച് രാഹുൽ ഗാന്ധി. ഒരു തരത്തിലുമുള്ള നീതികേടുകള്‍ക്കു മുന്നിലും തല കുനിക്കില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. അതിക്രൂരമായ പീഡനത്തിനിരയായി മരിച്ച യുവതിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി പോയ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Samayam Malayalam Rahul Gandhi
രാഹുൽ ഗാന്ധിയെ യുപി പോലീസ് നേരിട്ടപ്പോൾ (ചിത്രം: എഎൻഐ)


"ഞാൻ ഈ ലോകത്ത് ആരെയും പേടിക്കില്ല. ഒരു തരത്തിലുമുള്ള നീതികേടുകള്‍ക്കു മുന്നിലും തല കുനിക്കില്ല. സത്യത്തിൻ്റെ ശക്തി കൊണ്ട് ഞാൻ നുണകളെ പരാജയപ്പെടുത്തും. അസത്യത്തിനെതിരായ പോരാട്ടത്തിനിടെ എല്ലാ പ്രതിസന്ധികളും ഞാൻ നേരിടും... ഹൃദയം നിറ‍ഞ്ഞ ഗാന്ധി ജയന്തി ആശംസകള്‍." രാഹുൽ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. 151-ാം ഗാന്ധിജയന്തിയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ ആശംസ.

Also Read: ഹാഥ്രസ് സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്; സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി

ഹാഥ്രസിൽ സെപ്റ്റംബര്‍ 14ന് അതിക്രൂരമായ പീഡനത്തിനിരയായ 20കാരിയായ ദളിത് യുവതി ചൊവ്വാഴ്ചയാണ് ഡൽഹിയിലെ ആശുപത്രിയിൽ വെച്ച് മരിച്ചത്. യുവതിയുടെ മൃതദേഹം കുടുംബത്തിൻ്റെ സമ്മതമില്ലാതെ പോലീസ് ഇടപെട്ട് അര്‍ധരാത്രി സംസ്കരിച്ചതിനെതിരെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. തങ്ങളുടെ സാന്നിധ്യമില്ലാതെയാണ് മകളെ സംസ്കരിച്ചതെന്നും ഈ സമയം കുടുംബത്തെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകായിരുന്നുവെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. ഇതിനു പിന്നാലെയാണ് കുടുംബത്തെ സന്ദര്‍ശിക്കാനായി രാഹുലും പ്രിയങ്ക ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കള്‍ പുറപ്പെട്ടത്.

എന്നാൽ രാഹുലിൻ്റെ സംഘത്തെ പോലീസ് തടഞ്ഞതിനു പിന്നാലെ നാടകീയമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. രാഹുൽ ഗാന്ധിയെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പിന്നിലേയ്ക്ക് തള്ളുന്നതും അദ്ദേഹം വഴിയരികിലേയ്ക്ക് വീഴുന്നതിൻ്റെയും ദൃശ്യങ്ങള്‍ വാര്‍ത്താ ഏജൻസിയായ എഎൻഐ പുറത്തു വിട്ടിരുന്നു. "എന്നെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്? എന്തിൻ്റെ പേരിലാണ് ഈ അറസ്റ്റ്? ഏതു നിയമമാണ് ഞാൻ ലംഘിച്ചത്?" എന്ന് രാഹുൽ ഗാന്ധി പോലീസ് ഉദ്യോഗസ്ഥരോട് ചോദിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

Also Read: ഹാഥ്രസ്: 'യുപി പോലീസിൽ വിശ്വാസമില്ല'; സിബിഐ അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം, രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ കേസ്

തുടര്‍ന്ന് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഐപിസി 188-ാം വകുപ്പ് ചുമത്തി നേതാക്കളെ കസ്റ്റഡിയിലെടുത്ത പോലീസ് അൽപസമയത്തിനു ശേഷം വിട്ടയച്ചു. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം നേതാക്കള്‍ക്കെതിരെ യുപി പോലീസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 150 പേരുടെ പേരുകള്‍ എഫ്ഐആറിലുണ്ടെന്നാണ് എൻഡിടിവി റിപ്പോര്‍ട്ട്.

രാഹുൽ ഗാന്ധിയ്ക്കെതിരായ പോലീസ് നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ അപലപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം രാഷ്ട്രീയ നാടകമാണെന്നാണ് യുപി സര്‍ക്കാരിൻ്റെ നിലപാട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്