ആപ്പ്ജില്ല

പൗരത്വ നിയമത്തെ എതിർത്ത മകളെ തള്ളി ഗാംഗുലി; ദാദയ്‍ക്കെതിരെ സോഷ്യൽ മീഡിയ

പൗരത്വ നിയമത്തിനെതിരെ സംസാരിച്ച മകൾ ചെറിയ കുട്ടിയാണെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. രാഷ്ട്രീയത്തെക്കുറിച്ച് അവൾക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് സോഷ്യൽമീഡിയ രംഗത്തെത്തിയിരിക്കുന്നത്.

Samayam Malayalam 19 Dec 2019, 6:20 pm

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിയ്‍ക്കെതിരെ പ്രതിഷേധിച്ച മകളുടെ നിലപാടിനെ തള്ളിയ ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയ്‍ക്കെതിരെ സോഷ്യൽമീഡിയ. തങ്ങൾ മകളുടെ നിലപാടിനൊപ്പമാണെന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു പൗരത്വ നിയമ ഭേദഗതിയ്‍ക്കെതിരെ സന ഗാംഗുലി രംഗത്തെത്തിയത്.

പ്രശസ്ത എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ്ങിന്‍റെ 'ദി എൻഡ് ഓഫ് ഇന്ത്യ' എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചായിരുന്നു സന ഇന്‍സ്റ്റഗ്രാമിലൂടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതികരിച്ചത്. സനയുടെ അഭിപ്രായം സോഷ്യൽ മീഡിയ സ്വീകരിച്ചതിനു പിന്നാലെയാണ് പോസ്റ്റിനു വിശദീകരണവുമായി ഗാംഗുലിയെത്തുന്നത്.

Also Read: പ്രതിഷേധം; ഡൽഹിയിൽ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചു; വൻ ഗതാഗതക്കുരുക്ക്

'ഈ വിഷയങ്ങളിൽ നിന്ന് സനയെ മാറ്റി നിർത്തു. ആ പോസ്റ്റ് ശരിയല്ല, അവൾ വളരെ ചെറിയ കുട്ടിയാണ് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ല' എന്നായിരുന്നു ഗാംഗുലി മകളുടെ പോസ്റ്റിനെക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാൽ മുൻ ക്രിക്കറ്റ് ടീം നായകന്‍റെ അഭിപ്രായത്തെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

സനയ്ക്ക് 18 വയസായെന്നും വോട്ടവകാശമുള്ള ഇന്ത്യൻ പൗരയായെന്നും പറയുന്നവർ സ്വന്തമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്രവും സനയ്ക്കുണ്ടെന്നും ദാദയ്ക്ക് മറുപടി നൽകുന്നു. മകളെയോർത്ത് അഭിമാനിക്കുകയാണ് വേണ്ടതെന്നാണ് ഷെഹ്‍ല റാഷിദ് ഗാംഗുലിയ്ക്ക് മറുപടി നൽകിയത്. മുതിർന്നവരെപ്പോലെ തനെന പെൺകുട്ടികൾക്കും രാഷ്ട്രീയമായ അവകാശങ്ങളുണ്ടെന്നും ഷെഹ്ല ഗാംഗുലിയോട് പറഞ്ഞു.

കളിക്കളത്തിൽ നിങ്ങൾ സഹതാരങ്ങൾക്ക് അനുവദിച്ച അതേ സ്വാതന്ത്രൃം മകൾക്കും നൽകണമെന്നാണ് സൗരഭ് ശ്രീവാസ്തവ പ്രതികരിച്ചത്. തങ്ങളെക്കാൾ സാമൂഹികപരമായും വിദ്യാഭ്യാസപരമായും തങ്ങളുടെ മക്കൾ ഈ കാലത്ത് മാറുന്നുണ്ടെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഇര്‍ഫാന്‍ പഠാനും സഞ്ജയ് മഞ്ജരേക്കറും മാത്രമാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ഇതുവരെ പൗരത്വ ബില്ലിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്