ആപ്പ്ജില്ല

ഒരു നഗരത്തിൻ്റെ കൂടി പേര് മാറുന്നു; പുതിയ പേര് 'ശ്യാമള'

വിഎച്ച്പിയുടെ ദീര്‍ഘകാലമായുള്ള ആവശ്യം

Samayam Malayalam 21 Oct 2018, 3:39 pm
രാജ്യത്ത് പുതുതായി ഒരു നഗരത്തിന്‍റെ കൂടി പേര് മാറുന്നു. ബ്രിട്ടീഷ് ഭരണത്തിന്‍റെ പ്രതീകങ്ങള്‍ നിര്‍മാര്‍ജനം ചെയ്യണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ പേരുമാറ്റവും. 'ശ്യാമള' എന്ന പുതിയ പേര് സ്വീകരിക്കുന്നത് ഹിമാചൽ പ്രദേശിന്‍റെ തലസ്ഥാനമായ ഷിംലയാണ്.
Samayam Malayalam shimla-featured


ബ്രിട്ടീഷുകാര്‍ എത്തുന്നതിനു മുൻപ് ഷിംലയുടെ പേര് ശ്യാമള എന്നായിരുന്നു. ഷിംലയുടെ പേര് മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടുമെന്ന് മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അലഹാബാദിന്‍റെ പേര് മാറ്റി പ്രയാഗ്‍‍രാജ് എന്നാക്കാൻ തീരുമാനമെടുത്തതിനു ശേഷം ഷിംലയുടെ പേരുമാറ്റാനും ആവശ്യം ഊര്‍ജിതമായിട്ടുണ്ട്. പേരുമാറ്റുന്നതുകൊണ്ട് അപകടമൊന്നുമില്ലെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിപിൻ സര്‍ക്കാരും പറഞ്ഞിട്ടുണ്ട്.

വിഎച്ച്പിയുടെ ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഷിംലയുടെ പേരുമാറ്റം. എന്നാൽ അന്താരാഷ്ട്രതലത്തിൽ ടൂറിസം രംഗത്ത് പേരുകേട്ട ഷിംലയുടെ പേരുമാറ്റില്ലെന്നായിരുന്നു മുൻമുഖ്യമന്ത്രി വീരഭദ്ര സിങിന്‍റേത്.

അതേസമയം, ശ്യാമള എന്ന പേര് ബ്രിട്ടീഷുകാര്‍ക്ക് ഉച്ഛരിക്കാൻ കഴിയാത്തതുകൊണ്ടാണ് ഷിംല എന്നു പേര് മാറ്റിയതെന്ന് വിഎച്ച്പി വാദിക്കുന്നു. ഹിമാചൽ ടൂറിസം വകുപ്പിന്‍റെ 'പീറ്റര്‍ഹോഫ്' ഹോട്ടലിന്‍റെ പേര് 'വാൽമീകി' എന്നാക്കണമെന്ന ആവശ്യവും വിഎച്ച്പിയ്ക്ക് ഉണ്ട്.

ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയിമാരുടെയും ഗവര്‍ണര്‍മാരുടെയും വസതിയായിരുന്ന പീറ്റര്‍ഹോഫ് മന്ദിരത്തിൽ സ്വാതന്ത്ര്യാനന്തരം പഞ്ചാബ് ഹൈക്കോടതി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഗവര്‍ണറുടെ വസതിയായി. തീപിടുത്തത്തിൽ നശിച്ചതിനെത്തുടര്‍ന്ന് 1991ൽ കെട്ടിടം പുനര്‍നിര്‍മിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്