ആപ്പ്ജില്ല

അ‍ഞ്ചിലൊന്ന് വോട്ടർമാരും അവർ; 30 വയസ്സിന് താഴെയുള്ളവർ തീരുമാനിക്കും വിധി; ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത

ലോക്സഭാ തെരഞ്ഞെടുപ്പ് 2024: ആകെ വോട്ടർമാരിൽ അഞ്ചിലൊന്നു പേരും 30 വയസ്സിന് താഴെയുള്ളവരാണ്. 19.47 കോടി യുവ വോട്ടർമാർ. ഇതിൽ ആദ്യമായി വോട്ടു ചെയ്യുന്ന കന്നി വോട്ടർമാർ 1.82 കോടിയാണ്. ഇതിൽ 85 ലക്ഷം പെൺകുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ തവണത്തേക്കാളും 23 ശതമാനത്തിലധികം വർധന കന്നി വോട്ടർമാരിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടിയും കിഴിച്ചും രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കളത്തിൽ.

Authored byപിൻ്റു പ്രകാശ് | Samayam Malayalam 16 Mar 2024, 7:04 pm

ഹൈലൈറ്റ്:

  • 30 വയസിന് താഴെ 19.47 കോടി വോട്ടർമാർ
  • ആദ്യമായി വോട്ടു ചെയ്യുന്നവർ 1.82 കോടി
  • കൂട്ടിയും കിഴിച്ചും രാഷ്ട്രീയ പാർട്ടികൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Lok Sabha Election Voter Analysis
പ്രതീകാത്മക ചിത്രം
പതിനെട്ടാം ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ തീയതികൾ‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏഴു ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. ഒന്നാം ഘട്ടം ഏപ്രിൽ 19-നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ഫലപ്രഖ്യാപനം ജൂൺ നാലിനാണ്. അതേസമയം വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ആകെ 96.88 കോടി വോട്ടർമാർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാം. ഇതിൽ ശ്രദ്ധേയമാകുക യുവ വോട്ട‌ർമാരും കന്നിവോട്ടർമാരുമാണ്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 20 - 29 വയസ്സിനിടയിലുള്ള യുവ വോട്ടർമാരുടെ എണ്ണം 19.47 കോടിയാണ്. ഇത്തവണത്തെ മൊത്തം വോട്ടർമാരുടെ 20.1 ശതമാനത്തിനു തുല്യമാണിത്. അതായത് ഓരോ അഞ്ചിലൊന്ന് വോട്ടർമാരും യുവാക്കളിൽ നിന്നാണെന്ന് സാരം.


യുവാക്കളുടെ കൂട്ടത്തിൽ നിന്നും 1.82 കോടി വോട്ടർമാരാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് രേഖപ്പെടുത്താൻ എത്തുമെന്ന് കരുതപ്പെടുന്നത്. ഇതിൽ 85 ലക്ഷം പെൺകുട്ടികളും ഉൾപ്പെടുന്നു. ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ള കന്നിവോട്ടർമാരിലെ ഗണ്യമായ ഭാഗവും പശ്ചിമ ബംഗാൾ, ഒഡീഷ, മഹാരാഷ്ട്ര, കേരള, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ്: വീട്ടിലിരുന്നും വോട്ട് ചെയ്യാം; ആർക്കൊക്കെ അനുവാ​ദം ലഭിക്കും?
യുവ വോട്ടർമാരുടെ പ്രാധാന്യം?

ഇന്ത്യൻ ജനസംഖ്യയുടെ നിലവിലെ ശരാശരി പ്രായം 28.2 വയസ്സാണെന്നാണ് വിവിധ സന്നദ്ധ സംഘടനകളുടെ റിപ്പോർട്ട്. അതുപോലെ 60 ശതമാനത്തിലധികം വോട്ടർമാരും 35 വയസ്സിന് താഴെയുള്ളവരാണ്. ഇതൊക്കെകൊണ്ടു തന്നെ യുവാക്കളുടെ വോട്ടിനും ചിന്താഗതിക്കും രാജ്യത്തെ തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനവുമുണ്ടെന്ന് വ്യക്തമാണ്.

അതുപോലെ രാഷ്ട്രീയ രംഗത്ത് പുത്തൻ കാഴ്ചപ്പാട് നിറയ്ക്കുന്നതിനും അതിലൂടെ മാറ്റത്തിനുള്ള കാഹളമോതാനും യുവവോട്ടർമാരുടെ പങ്കാളിത്തത്തിലൂടെ കഴിയും. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം പോലെയുള്ള വിഷയങ്ങളിലേക്ക് ഭരണ നേതൃത്വത്തിന്റെ ശ്രദ്ധയാകർഷിക്കാനും യുവ വോട്ടർമാരുടെ സാന്നിധ്യം ഉപകരിക്കും. അതുകൊണ്ട് വോട്ടർമാരിൽ ഗണ്യമായ സ്വാധീനശക്തിയായി യുവാക്കൾ മാറിയാൽ മൊത്തം കാഴ്ചപ്പാടിലും പുരോഗതിയുടെ വെളിച്ചം വീശാൻ പ്രേരണയേകും. അതിലൂടെ രാജ്യത്തിന്റെ ഭാവിയും അരക്കിട്ടുറപ്പിക്കാം.

വോട്ടർ പട്ടിക: ഇനിയും പേര് ചേർക്കാൻ കഴിയുമോ? പേര് ഉണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?
ലോക്സഭാ തെരഞ്ഞെടുപ്പ് - 2019

ഏഴ് ഘട്ടങ്ങളിലായി നടന്ന 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്യപ്പെട്ട 91.2 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 61.5 കോടി വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തി (പോളിങ് ശതമാനം 67.4). കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 34 വയസ്സിന് താഴെയുള്ള യുവ വോട്ടർമാരിൽ 61.1 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2019ൽ ഒന്നരക്കോടി പേരായിരുന്നു കന്നി വോട്ടർമാർ. 2024ൽ കന്നി വോട്ടർമാരുടെ എണ്ണത്തിൽ 23 ശതമാനമാണ് വർധന.
ഓതറിനെ കുറിച്ച്
പിൻ്റു പ്രകാശ്
പിന്റു പ്രകാശ്, 2014 മുതൽ മലയാള മാധ്യമ മേഖലയിൽ സജീവമാണ്. സാമ്പത്തികം (സ്റ്റോക്ക് മാർക്കറ്റ്), ദേശീയ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അതീവ താത്പര്യം. നിലവിൽ ടൈംസ് ഗ്രൂപ്പിന്‍റെ ഭാ​ഗമായി പ്രവർത്തിക്കുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്