ആപ്പ്ജില്ല

ഹൈദരാബാദിൽ മതിൽ തകർന്നു വീണ് രണ്ട് മാസം പ്രായമുള്ള കുട്ടിയടക്കം 9 പേർ മരിച്ചു

കനത്ത മഴയെത്തുടർന്നാണ് അപകടം.

Samayam Malayalam 14 Oct 2020, 8:52 am
ഹൈദരാബാദ്: ചുറ്റുമതിൽ തകർന്നു വീണതിനെത്തുടർന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞടക്കം ഒമ്പതുപേർ മരിച്ചു. മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Samayam Malayalam Hyderabad rain
പ്രതീകാത്മക ചിത്രം |Samayam Malayalam



"മതിൽ തകർന്നു വീണതിനെത്തുടർന്ന് 9 പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്." ഹൈദരാബാദ് എംപി അസദ്ദുദീൻ ഒവൈസി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മൂന്ന് ദിവസമായി തെലങ്കാനയിലും ആന്ധ്രാ പ്രദേശിലും ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടയിൽ 12 പേർക്കാണ് തെലങ്കാനയിൽ ജീവൻ നഷ്ടമായത്. കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങി. വെള്ളപ്പൊക്കത്തെത്തുടർന്ന് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

ഹൈദരാബാദിൽ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കതെത്തുടർന്ന് ഗതാഗത തടസ്സമുണ്ടായി. തെലങ്കാനയിലെ 14 ജില്ലകളെയാണ് കനത്ത മഴ ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ഹൈദരാബാദിലേക്ക് വെള്ളം എത്തിക്കുന്ന ഹിമായത്ത് സാഗറിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഷട്ടറുകൾ തുറന്നു.

കനത്ത മഴയുള്ളതിനാൽ ആളുകൾ വീടുകളിൽ തന്നെ കഴിയണമെന്ന് അധികൃതർ വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദ്ദമാണ് തെലങ്കാന, ആന്ധ്രാ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ കനത്ത മഴയ്ക്ക് കാരണം.ആന്ധ്രാ പ്രദേശിലെ നൂറിലധികം സ്ഥലങ്ങളിൽ 11-24 സെന്റീമീറ്റർ മഴയാണ് പെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്