ആപ്പ്ജില്ല

ക്ലാസ് ഓൺലൈനിൽ; സിഗ്നൽ ലഭിക്കാൻ മരത്തിന് മുകളിൽ കയറി വിദ്യാർഥികൾ

'എല്ലാ ദിവസവും രാവിലെ ഈ മരത്തിനടുത്തേക്ക് ഞങ്ങൾ പോകും, ഒരാൾ സിഗ്നൽ ലഭിക്കാനായി മുകളിലേക്ക് കയറും. അയച്ച അസൈൻമെന്റുകളെക്കുറിച്ച് മരത്തിനടിയിൽ ഇരിക്കുന്ന മറ്റുള്ളവർക്ക് അയാൾ നിർദേശം നൽകും'

Samayam Malayalam 20 Sept 2020, 12:10 pm
പഞ്ച്കുള: കൊവിഡ് വ്യാപനം കാരണം സ്കൂളുകൾ തുറക്കാൻ കഴിയാതെ വന്നതോടെ രാജ്യത്ത് ക്ലാസുകളെല്ലാം ഓൺലൈനിലായിരിക്കുകയാണ്. എന്നാൽ ഹരിയാനയിലെ മോർനി ഗ്രാമത്തിലെ വിദ്യാർഥികൾക്ക് തങ്ങളുടെ മൊബൈലിൽ സിഗ്നൽ ലഭിക്കണമെങ്കിൽ ഫോണുമായി മരത്തിൽ കയറേണ്ട സ്ഥിതിയിലാണുള്ളത്. ഹരിയാനയിലെ ഹിൽ സ്റ്റേഷനുകളിലൊന്നായ മോർനിയെ ലോകോത്തര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ വരെയില്ലെന്ന വാർത്ത പുറത്ത് വരുന്നത്.
Samayam Malayalam സിഗ്നലിനായി മരത്തിന് മുകളിൽ കയറിയ കുട്ടി
സിഗ്നലിനായി മരത്തിന് മുകളിൽ കയറിയ കുട്ടി


മരത്തിന് മുകളിൽ ഫോണുമായിരുന്ന് താഴെയുള്ള സഹപാഠികൾക്ക് നിർദേശം നൽകുന്ന ഒരു വിദ്യാർഥിയുടെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. സ്കൂളിൽ നിന്ന് അയക്കുന്ന പാഠഭാഗങ്ങളുടെയും ഹോം വർക്കിന്‍റെയും വിവരങ്ങളാണ് മരത്തിന് മുകളിലുള്ള കുട്ടി താഴെയുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത്.


Also Read: മുഖ്യമന്ത്രിമാരുമായി ചർച്ചയ്ക്കൊരുങ്ങി മോദി; നിർണായക തീരുമാനം ഉണ്ടാകുമോ

'എല്ലാ ദിവസവും രാവിലെ ഈ മരത്തിനടുത്തേക്ക് ഞങ്ങൾ പോകും, ഒരാൾ സിഗ്നൽ ലഭിക്കാനായി മുകളിലേക്ക് കയറും. അയച്ച അസൈൻമെന്റുകളെക്കുറിച്ച് മരത്തിനടിയിൽ ഇരിക്കുന്ന മറ്റുള്ളവർക്ക് അയാൾ നിർദേശം നൽകും' ദപ്ന ഗ്രാമത്തിലെ ഒരു കുട്ടി പറഞ്ഞു.

രാവിലെ മരത്തിനടുത്തെത്തി അസൈമെന്‍റുകൾ എഴുതിയെടുക്കുന്ന കുട്ടികൾ വൈകീട്ട് ഇതേ സ്ഥലത്തേക്ക് തിരിച്ചെത്തിയാണ് ഹോം വർക്ക് തിരികെ സമർപ്പിക്കുക.'ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതുമുതൽ ഞങ്ങൾ ഇതുപോലെയാണ് പ്രവർത്തിക്കുന്നത്. പ്രശ്നത്തെക്കുറിച്ച് സ്കൂളിനോട് പറഞ്ഞിട്ടുണ്ട്' മറ്റൊരു വിദ്യാർത്ഥി പറഞ്ഞു.

Also Read: കേരളത്തിലേത് വര്‍ധിച്ച വ്യാപനശേഷിക്കു കാരണമായേക്കാവുന്ന വൈറസ്; ശ്രദ്ധിച്ചില്ലെങ്കിൽ ദുരന്ത സാധ്യത

90 ശതമാനവും വനമേഖലയാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ മോർനിയിൽ നെറ്റ്‍വർക്ക് പ്രശ്നങ്ങളുണ്ടെന്നാണ് ഹരിയാന നിയമഭ സ്പീക്കറും പഞ്ച്കുള എംഎൽഎയുമായ ഗിയാൻ ചന്ദ് ഗുപ്ത പറയുന്നത്. തന്‍റെ സന്ദർശന വേളയിൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ പഞ്ച്കുള ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നെറ്റ്‍വർക്ക് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൻവർപാൽ ഗുജ്ജാറും വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്