ആപ്പ്ജില്ല

ഒരു കോടി ആരോഗ്യപ്രവർത്തകർക്ക് ആദ്യം വാക്സിൻ; ഇന്ന് മുഖ്യമന്ത്രിമാരുമായി മോദിയുടെ സുപ്രധാന യോഗം

വാക്സിൻ നൽകേണ്ട ആരോഗ്യപ്രവര്‍ത്തകരുടെ പട്ടിക മുൻപ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 92 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും ഇതിനോടം വിവരം കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Samayam Malayalam 24 Nov 2020, 10:47 am
ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധ വാക്സിൻ വിതരണത്തിൽ ആദ്യപരിഗണന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്. അടുത്ത വര്‍ഷം ആരംഭത്തോടെ അനുമതി ലഭിച്ച് വിപണിയിൽ ലഭ്യമാകുന്നത് ഏതു വാക്സിനാണെങ്കിലും രാജ്യത്തെ ഒരു കോടിയോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദ്യഘട്ടത്തിൽ വാക്സിൻ നല്‍കുമെന്നാണ് മുതിര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞത്.
Samayam Malayalam modi
നരേന്ദ്ര മോദി Photo: The Times of India/File


വാക്സിൻ വിതരണം സംബന്ധിച്ച സുപ്രധാന യോഗത്തിനു മുന്നോടിയായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് യോഗം. നോവൽ കൊറോണ വൈറസിനെതിരായ വാക്സിനുകളുടെ ഗവേഷണം അന്തിമഘട്ടത്തിലാണെന്നാണ് ഉദ്യോഗസ്ഥര്‍ ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞത്. ഒരു വാക്സിൻ പരീക്ഷണം പൂര്‍ത്തിയാക്കി വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിന് അനുമതി നല്‍കിയ ശേഷമായിരിക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്യുക.

Also Read: നിവാര്‍ കരതൊടാന്‍ മണിക്കൂറുകള്‍ മാത്രം; ആശങ്കയില്‍ തമിഴ്‌നാട്, 120 കിമീ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

വാക്സിൻ നൽകേണ്ട ആരോഗ്യപ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ 92 ശതമാനം സര്‍ക്കാര‍് ആശുപത്രികളും 56 ശതമാനം സ്വകാര്യ ആശുപത്രികളും ജീവനക്കാരുടെ വിശദാംശങ്ങള്‍ നല്‍കിക്കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വാക്സിൻ നല്‍കേണ്ട മൊത്തം മുൻനിര കൊവിഡ് പോരാളികളുടെ എണ്ണം ഒരു കോടിയോളം വരുമെന്നാണ് സര്‍ക്കാരിൻ്റെ കണക്ക്. ചൊവ്വാഴ്ച രാവിലെ യോഗം തുടങ്ങുന്നതിനു മുൻപായി ഇതിൻ്റെ ഡേറ്റാബേസ് തയ്യാറാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read: 'ചെയ്യേണ്ടത് ചെയ്യൂ'; ഒടുക്കം ബൈഡന് അധികാര കൈമാറ്റത്തിന് തയ്യാറായി ട്രംപ്

നീതി ആയോഗ് അംഗം വി കെ പോള്‍, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എന്നിവര്‍ വാക്സിനേഷൻ സംബന്ധിച്ച ഉന്നതതല യോഗത്തിൽ പ്രസൻ്റേഷൻ അവതരിപ്പിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ രാജ്യത്തെ 20 - 25 കോടിയോളം ആളുകള്‍ക്ക് രണ്ട് ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ നല്‍കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.

വാക്സിൻ നല്‍കാനായി വിവിധ വിഭാഗങ്ങളിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ വിശദമായ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോഡേൺ മെഡിസിൻ ഡോക്ടര്‍മാര്‍, ആയുഷ് ഡോക്ടര്‍മാര്‍, ആശുപത്രികളിലെ നഴ്സുമാര്‍, ആശ പ്രവര്‍ത്തകര്‍, എഎൻഎംമാര്‍ എന്നിങ്ങനെയുള്ളവര്‍ക്കാണ് വാക്സിൻ ലഭിക്കുക. എന്നാൽ ഈ പ്രധാന ലിസ്റ്റിൽ മറ്റു വേര്‍തിരിവുകളോ മുൻഗണനകളോ ഉണ്ടാകില്ലെന്നും വാക്സിൻ വിതരണം ആരംഭിച്ചു കഴിഞ്ഞാൽ ഒരു കോടി ആളുകള്‍ക്ക് പൂര്‍ണമായും വാക്സിൻ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എംബിബിഎസ് വിദ്യാര്‍ഥികളെയും നഴ്സിങ് വിദ്യാര്‍ഥികളെയും വാക്സിൻ വിതരണത്തിൽ പങ്കെടുപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്