ആപ്പ്ജില്ല

ഇന്ത്യയും അമേരിക്കയും നിർണായക സൈനിക കരാറിൽ ഒപ്പുവെച്ചു

ഇന്ത്യക്ക് നിർണായകമായ പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭിക്കും.

Samayam Malayalam 6 Sept 2018, 5:16 pm
ന്യൂഡൽഹി: തന്ത്രപ്രധാനമായ സൈനിക കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും അമേരിക്കയും. ഇന്ത്യ -യുഎസ് ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോംകാസ((COMCASA - Communications Compatibility and Security Agreement) അഥവാ സമ്പൂര്‍ണ സൈനിക ആശയവിനിമയ സഹകരണ കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഈ കരാർ ഒപ്പുവെച്ചതിലൂടെ ഇന്ത്യക്ക് നിർണായകമായ പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭിക്കും.
Samayam Malayalam COMCASA


ഇന്ത്യ-യുഎസ് ബന്ധത്തിന്റെ പുതുയുഗം പിറന്നെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അമേരിക്കയെ പ്രതിനിധീകരിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രതിരോധം, വാണിജ്യം, എച്ച് 1 ബി വിസ, സഹകരണം തുടങ്ങിയ മേഖലകൾ ടു പ്ലസ് ടു ചർച്ചയിൽ വിഷയമായി.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെക്കുന്ന അഫ്‌ഗാൻ നയം ഇന്ത്യ അംഗീകരിക്കും. ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കാനും തീരുമാനമായി. 2019ൽ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് സൈനികാഭ്യാസം നടത്താനും ചർച്ചയിൽ തീരുമാനമായി. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദസംഘടനകൾ ഏറെ ആശങ്ക ഉയർത്തുന്നുണ്ടെന്ന് ഇരു രാജ്യങ്ങളും സമ്മതിച്ചു. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയുടെ ഓഫീസും യുഎസ് പ്രതിരോധ സെക്രട്ടറിയുടെ ഓഫീസും തമ്മിൽ ഹോട്ട്ലൈന്‍ ബന്ധം സ്ഥാപിക്കാനും ചർച്ചയിൽ തീരുമാനമായി.

പുതിയ കരാറിൽ ഒപ്പുവെച്ചതോടെ റഷ്യയിൽ നിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തുന്ന ഉപരോധത്തിൽ നിന്ന് തിൽ ഇന്ത്യക്ക് ഇളവ് ലഭിക്കുമെന്നാണ് സൂചന. റഷ്യയിൽ നിന്ന് എസ്-400 മിസൈൽ വേധ സംവിധാനം വാങ്ങാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഉറി,പത്താൻകോട്ട് മേഖലകളിലെ ആക്രമണത്തിന് കരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഇരു രാജ്യങ്ങളും പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്