ആപ്പ്ജില്ല

ആദ്യം മടങ്ങിയെത്തുന്നത് ആരൊക്കെ?; സാധ്യതകളും ഒരുക്കങ്ങളും ഇങ്ങനെ, നടപടിയാരംഭിച്ച് കേന്ദ്രം

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നീക്കം വേഗത്തിലാക്കി കേന്ദ്ര സർക്കാർ. മേയ് മൂന്നിന് ശേഷമാകും പ്രവാസികളെ തിരിച്ചെത്തിക്കുക.

Samayam Malayalam 29 Apr 2020, 12:46 pm
ന്യൂഡൽഹി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികളെ മടക്കിയെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചത്. കേന്ദ്ര സർക്കാർ തീരുമാനമെടുത്താൽ മാത്രമേ ഇക്കാര്യത്തിൽ നടപടിയുണ്ടാകു. പ്രവാസികൾ മടങ്ങിയെത്തിയാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്രം സംസ്ഥാന സർക്കാരുകളോട് ചോദിച്ചറിഞ്ഞു. പ്രവാസികൾ മടങ്ങിയെത്തുമ്പോൾ സ്വീകരിക്കുന്ന നടപടികൾ എന്താണെന്ന് കേരളം വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് പ്രത്യേക മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്‌തു. ഇതിനിടെ പ്രവാസികളെ മടക്കി കൊണ്ടുവരുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നീക്കം വേഗത്തിലാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Samayam Malayalam indian government planning for a evacuation migrant workers after coronavirus lockdown
ആദ്യം മടങ്ങിയെത്തുന്നത് ആരൊക്കെ?; സാധ്യതകളും ഒരുക്കങ്ങളും ഇങ്ങനെ, നടപടിയാരംഭിച്ച് കേന്ദ്രം


കേന്ദ്ര സർക്കാരിൻ്റെ നടപടികൾ ഇങ്ങനെ

മുൻഗണന പട്ടിക തയ്യാറാക്കിയാണ് പ്രവാസികളെ മടക്കി കൊണ്ടുവരുക. ഇതിനായി കേന്ദ്ര സർക്കാർ കരട് പട്ടിക തയ്യാറാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വിശദമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. പ്രവാസികളെ എത്തിക്കുന്നതിലെ ക്രമീകരണങ്ങൾ കാര്യക്ഷമമായി നടത്തുക വിദേശകാര്യ മന്ത്രാലയമാകും. മടക്കി കൊണ്ടുവരേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ചാകും. മടങ്ങിയെത്താൻ ആഗ്രഹിക്കുന്നവരുള്ള രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ടാണ് പട്ടിക തയ്യാറാക്കുക. ആദ്യം മടക്കി കൊണ്ടുവരേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നതും ഈ സംവിധാനത്തിലൂടെയായിരിക്കും.

മുൻഗണന അനുസരിച്ച് ആദ്യം മടങ്ങിയെത്തുന്നത് ആരൊക്കെ?

ആദ്യഘട്ടത്തിൽ മടക്കിയെത്തിക്കേണ്ടത് ആരെയൊക്കെ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് വ്യക്തതയുണ്ട്. ഗൾഫ് നാടുകളിൽ കുടിയേറ്റ തൊഴിലാളികളായി പോയവരാകും ആദ്യം മടങ്ങിയെത്തുക. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കാകും രണ്ടാമത്തെ മുൻഗണന. 40000ത്തോളം വിദ്യാർഥികൾ മടങ്ങിയെത്താൻ തയ്യാറായി കഴിയുന്നുണ്ടെന്നാണ് കണക്ക്. പ്രായം ചെന്നവർ, ഗർഭിണികൾ, വീസാ കാലാവധി കഴിഞ്ഞവർ, വീസിറ്റിങ് വിസയിൽ പോയവർ, ചികിൽസയ്‌ക്കായി പോയവർ എന്നിങ്ങനെ പട്ടിക തിരിച്ചാകും മുൻഗണനാ പട്ടിക തയ്യാറാക്കുക. ഇത് സംബന്ധിച്ചുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോർട്ട്. അതാത് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ടാണ് പട്ടിക തയ്യാറാക്കിയത്.

മടക്കിയെത്തിക്കുന്നത് വിശദമായ പരിശോധനകൾക്ക് ശേഷം

വിശദമായ പരിശോധനകൾക്ക് ശേഷമാകും പ്രവാസികളെ മടക്കിയെത്തിക്കുക. ഇന്ത്യയിലേക്ക് വിമാനം കയറും മുൻപ് ഓരോ വ്യക്തിയെയും പ്രത്യേക പരിശോധനയ്‌ക്ക് വിധേയമാക്കും. ഇതിന് ശേഷമാകും ക്വാറൻ്റൈൻ ചെയ്യണോ ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുക. വിമാനത്താവളത്തിന് സമീപം തയ്യാറാക്കുന്ന ക്വാറൻ്റൈൻ കേന്ദ്രങ്ങളിലാകും ആളുകളെ പാർപ്പിക്കുക. അതിന് സൗകര്യമില്ലെങ്കിൽ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ലയിലെ ഏതെങ്കിലും ക്വാറൻ്റൈൻ കേന്ദ്രത്തിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച വിശദമായ തയ്യാറെടുപ്പുകൾ അധികൃതർ ആരംഭിച്ചു കഴിഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ സജ്ജീകരണങ്ങൾ തയ്യാറാക്കി കഴിഞ്ഞു.

മേയ് മൂന്നിന് ശേഷം പ്രവാസികൾ എത്തുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗൺ അവസാനിക്കുന്ന മേയ് മൂന്നിന് ശേഷം മാത്രമാകും പ്രവാസികളെ മടക്കിയെത്തിക്കുക എന്നാണ സൂചന. എല്ലാവിധ മുന്നൊരുക്കങ്ങളും ഒരുക്കിയ ശേഷമാകും ആളുകളെ മടക്കിക്കൊണ്ടുവരുക. സംസ്ഥാന സർക്കാരുകളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച ശേഷമാകും നടപടി. നാവികസേനയുടെ സഹായവും ഉണ്ടാകും. പ്രത്യേകമായി സജ്ജീകരിച്ച മൂന്ന് കപ്പലുകളാണ് ഇതിനായി തയ്യാറെടുത്തിരിക്കുന്നത്. ആവശ്യമെങ്കിൽ, വ്യോമസേനയുടെ ട്രാൻസ്പോർട്ട് എയർക്രാഫ്‌റ്റും ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ പ്രത്യേക വിമാനം എപ്പോൾ അനുവദിച്ചാലും അതിന് മുന്നോടിയായി എല്ലാവിധ സൗകര്യങ്ങളും തയ്യാറാക്കി കാത്തിരിക്കാനാണ് സംസ്ഥാന സർക്കാരുകളുടെ തീരുമാനം. പ്രവാസികൾ മടങ്ങിയെത്തുമ്പോൾ യാതൊരു തരത്തിലുമുള്ള പ്രതിസന്ധികൾ ഉണ്ടാകരുതെന്ന കർശന നിർദേശമാണ് സർക്കാർ ബന്ധപ്പെട്ട അധികൃതർക്ക് നൽകിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്