ആപ്പ്ജില്ല

അലൂമിനിയം കോച്ചുകൾ വരും, 200 കിമി വേഗത പിടിക്കും; പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ ഐസിഎഫ്

വന്ദേഭാരത് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 200 കിലോമീറ്ററിലേക്ക് ഉയർത്താനാണ് ശ്രമം നടക്കുന്നത്. ഇതിനായി ബഹുമുഖമായ പദ്ധതികൾ റെയിൽവേ നടപ്പാക്കി വരുന്നു.

Authored byസന്ദീപ് കരിയൻ | Samayam Malayalam 27 May 2023, 6:17 pm
വന്ദേഭാരത് ട്രെയിനുകളുടെ നിലവിലെ വേഗത മണിക്കൂറിൽ 163 കിലോമീറ്ററാണ്. രാജ്യത്തെ നിലവിലെ റെയിൽവേ ട്രാക്കുകൾക്ക് ഈ വേഗത തന്നെ അധികമാണ്. കേരളമടക്കം പലയിടത്തും വന്ദേഭാരത് ട്രെയിനുകൾ വേഗം കുറച്ചാണ് ഓടുന്നത്. കാലക്രമേണ ട്രാക്കുകൾ വളവ് നിവർത്തുകയും ബലപ്പെടുത്തുകയും ചെയ്ത്, ട്രെയിനുകളുടെ വേഗം കൂട്ടിക്കൊണ്ടു വരികയെന്ന സമീപനമാണ് സർക്കാരിനുള്ളത്.
Samayam Malayalam Integral Coach Factory vande bharat speed


വന്ദേഭാരതിന്റെ വേഗത 163 കിലോമീറ്ററിൽ നിന്ന് 200 കിലോമീറ്ററായി വർദ്ധിപ്പിക്കണമെന്നാണ് ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയോട് റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ സാങ്കേതിക വിദ്യ കുറെക്കൂടി പരിഷ്കരിക്കേണ്ടതുണ്ട് ഇതിന്. ട്രെയിനുകളുടെ ശേഷി വർദ്ധിപ്പിച്ചതുകൊണ്ട് മാത്രമായില്ല. അവ ഓടുന്ന ട്രാക്കുകൾ ബലപ്പെടുത്തണം. സിഗ്നലിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കണം.

പതിനെട്ടാമത്തെ വന്ദേഭാരത് ട്രെയിൻ മെയ് 29നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുക. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന 17 വന്ദേഭാരത് ട്രെയിനുകളിൽ രണ്ടെണ്ണം മാത്രമേ പരമാവധി വേഗതയിൽ ഓടുന്നുള്ളൂ. ന്യൂഡൽഹി-വാരാണസി, ന്യൂഡൽഹി കാത്ര റൂട്ടുകളിലോടുന്ന വന്ദേഭാരത് ട്രെയിനുകൾക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വേഗത പിടിക്കാൻ കഴിയുന്നുണ്ട്. മറ്റ് ട്രെയിനുകൾക്ക് ഈ വേഗത പിടിക്കാനാകാത്തതിനു കാരണം ട്രാക്കുകളുടെ പോരായ്മയാണ്. ഏപ്രിൽ മാസത്തിൽ ഒരു വിവരാവകാശ പ്രവർത്തകൻ (ചന്ദ്രശേഖർ ഗൗർ) പുറത്തുകൊണ്ടു വന്ന വിവരങ്ങൾ പ്രകാരം രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ ശരാശരി വേഗത 83 കിലോമീറ്റർ മാത്രമാണ്.

ട്രാക്കുകളുടെ മോശം സ്ഥിതി കാരണം വന്ദേഭാരത് ട്രെയിനുകൾ 130 കിലോമീറ്റർ വേഗതയിൽ ഓടിക്കാമെന്നാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതും സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

എന്താണ് പരിഹാരം?

സാങ്കേതികമായി ട്രെയിനുകളെ കൂടുതൽ സജ്ജീകരിക്കുക എന്നതാണ് പരിഹാരങ്ങളിലൊന്ന്. നിലവിലെ വന്ദേഭാരത് ട്രെയിനുകളെ സാങ്കേതികമായി കൂടുതൽ മെച്ചപ്പെട്ട സ്ഥിതിയിലേക്ക് ഉയർത്തേണ്ടതുണ്ട്.

ട്രാക്കുകൾ വളവ് നിവർത്തുകയും ബലപ്പെടുത്തുകയും ചെയ്യുകയെന്നതാണ് മറ്റൊന്ന്. വളവ് നിവർത്തുന്ന പ്രക്രിയ വളരെ വർഷങ്ങളെടുക്കുന്ന ഒന്നാണ്. സ്ഥലമേറ്റെടുപ്പും മറ്റ് നൂലാമാലകളുമായി വർഷങ്ങൾ കുറച്ച് പോകും. സിഗ്നലിങ് സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നത് താരതമ്യേന വേഗത്തിൽ നടക്കും.

വന്ദേഭാരത് ട്രെയിനുകളെ നിർമ്മാണസാമഗ്രികളുടെ കാര്യത്തിൽ കുറെക്കൂടി മെച്ചപ്പെടുത്താൻ റെയിൽവേ ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവില്‍ ഉരുക്കു കൊണ്ടാണ് ട്രെയിനുകളുടെ നിർമ്മാണം. ഇത് കോച്ചുകളുടെ ഭാരം കൂട്ടുന്നതിന് കാരണമാകുന്നു. കാര്യക്ഷമതയും സ്വാഭാവികമായി കൂടും. ട്രെയിനുകളുടെ വേഗത കൂട്ടാൻ ഇത് സഹായകമാകും.

വന്ദേഭാരത് കോച്ചുകൾ അലൂമിനിയത്തിൽ നിർമ്മിക്കാൻ 30,000 കോടി രൂപയുടെ ഒരു പ്രോജക്ട് തയ്യാറായിട്ടുണ്ട്. രണ്ട് വിദേശ കമ്പനികൾ സർക്കാരിന്റെ അലൂമിനിയം ട്രെയിൻ നിർമ്മാണപദ്ധതിയിൽ താൽപര്യം കാണിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. സ്വിസ് കമ്പനിയായ സ്റ്റാഡ്ലറും, ഫ്രാൻസിന്റെ ആൽസ്റ്റമും. 100 സ്ലീപ്പർ ട്രെയിൻ സെറ്റുകളാണ് ടെൻഡർ പ്രകാരം നിര്‍മ്മിക്കേണ്ടത്.
ഓതറിനെ കുറിച്ച്
സന്ദീപ് കരിയൻ
സന്ദീപ് കരിയൻ. മാധ്യമപ്രവർത്തകൻ. പത്തു വർഷത്തിലധികമായി ഡിജിറ്റൽ മാധ്യമരം​ഗത്ത് പ്രവർത്തിക്കുന്നു. വൺ ഇന്ത്യ, വേ2ന്യൂസ്, അഴിമുഖം, ഇന്ത്യാ ടുഡേ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്