Please enable javascript.Face Mask Maharashtra,മഹാരാഷ്ട്ര മാസ്ക് ഒഴിവാക്കുന്ന ആദ്യ സംസ്ഥാനമാകുമോ? - maharashtra covid numbers down state may do away with compulsory face mask rule - Samayam Malayalam

മഹാരാഷ്ട്ര മാസ്ക് ഒഴിവാക്കുന്ന ആദ്യ സംസ്ഥാനമാകുമോ?

Maharashtra mask
മഹാരാഷ്ട്ര മാസ്ക് ഒഴിവാക്കുമോ? - TOI
| 13 Feb 2022, 12:32 pm

ഇനിയും കൊവിഡിനെ പേടിക്കേണ്ടതില്ലെന്നാണ് മഹാരാഷ്ട്ര കരുതുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലേക്ക് താഴ്ന്നതോടെ നിർബന്ധിത മാസ്ക് നിയമം വേണ്ടെന്ന് വെക്കാമെന്നാണ് മഹാരാഷ്ട്ര സർക്കാർ നി​ഗമനം. പക്ഷേ, ഇത് നടപ്പാക്കുന്നത് എളുപ്പമാകില്ല.

മുംബൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനെ തുർന്ന് മഹാരാഷ്ട്രയെ മാസ്‌ക് രഹിതമാക്കാനൊരിങ്ങി അധികൃതർ. ഇതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത് എന്നതിനെ കുറിച്ച് സംസ്ഥാന സർക്കാർ, കേന്ദ്ര - സംസ്ഥാന കൊവിഡ് ടാസ്‌ക് ഫോഴ്സുകളിൽ നിന്ന് വിവരങ്ങൾ തേടിയതായി മഹാരാഷ്ട്രയിലെ ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു.

25 ശതമാനം വരെ ഉയർന്നിരുന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇപ്പോൾ വെറും ഒരുശതമാനമാണ്. 56 ദിവസങ്ങൾക്ക് ശേഷമാണ് മുംബൈ നഗരം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മാത്രമല്ല കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് പല രാജ്യങ്ങളും മാസ്‌കിൽ നിന്ന് ജനങ്ങളെ മുക്തരാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

"ടി.പി.ആർ കുറയുമ്പോഴെല്ലാം സംസ്ഥാനത്തെ ജനങ്ങളെ മാസ്‌കിൽ നിന്ന് മുക്തരാക്കണമെന്നുള്ള അഭിപ്രായങ്ങൾ ഉയർന്നുവരാറുണ്ടായിരുന്നു. അടുത്തിടെ നടന്ന ക്യാബിനറ്റ് യോഗത്തിലും ഇക്കാര്യത്തെ കുറിച്ചുള്ള ചർച്ചകൾ ഞങ്ങൾ നടത്തി. യൂറോപ്യൻ യൂണിയനിലെ നിരവധി രാജ്യങ്ങൾ മാസ്‌ക് ധരിക്കുന്നത് നിർത്താൻ തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത് നമുക്ക് മാതൃകയാണ്. അവർ അത് എങ്ങനെ സാധ്യമാക്കി എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഞങ്ങൾ കേന്ദ്ര - സംസ്ഥാന ടാസ്‌ക് ഫോഴ്സുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്." -- അദ്ദേഹം പറഞ്ഞു.

മാത്രമല്ല കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതിനാൽ സംസ്ഥാന സർക്കാർ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അവലോകനം ചെയ്ത്, ഉടൻ തന്നെ കൂടുതൽ ഇളവുകൾ നൽകുമെന്ന് ബി.എം.സി കമ്മീഷണർ ഐ ചാഹൽ പറഞ്ഞു. ഇപ്പോൾ റെസ്റ്റോറന്റുകൾ, തിയേറ്ററുകൾ എന്നിവ ഭാഗീകമായി തുറന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ മറ്റ് പൊതു ഇടങ്ങളിലും ഇളവുകൾ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

അതേസമയം കുറച്ച് കാലംകൂടി മാസ്‌ക് ധരിക്കേണ്ടി വരുമെന്നും അത്ര പെട്ടെന്നൊന്നും മാസ്‌കിൽ നിന്ന് മോചിതരാകാൻ മഹാരാഷ്ട്രയിലുള്ള ആളുകൾക്ക് കഴിയില്ലെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപെ അടിവരയിട്ട് പറഞ്ഞു. പല സംസ്ഥാനങ്ങളിൽ നിന്നും എത്തിയിട്ടുള്ള വലിയ ജനസംഖ്യയാണ് അതിന് കാരണം എന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ നിലവിലെ അവസ്ഥ

മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 10ന് 7,142 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നതെങ്കിൽ 11ാം തീയതി ആയപ്പോൾ 5,455 ആയി കുറഞ്ഞു. മാത്രമല്ല സംസ്ഥാനത്തെ മൊത്തം ടെസ്റ്റ് പോസിറ്റീവ് നിരക്ക് വെറും 10.29 ശതമാനമാണ്.

പൂനെ അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ 11ാം തീയതി 1,578 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. സംസ്ഥാനത്തെ മറ്റ് മേഖലകളായ നാസികിൽ 959, നാഗ്പൂരിൽ 812, അകോലയിൽ 719, ഔറംഗബാദിൽ 174, കോലാപൂരിൽ 40, ലാത്തൂർ മേഖലയിൽ 235 കേസുകൾ എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

മുംബൈ നഗരത്തിൽ 367 കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. കൂടാതെ രണ്ട് മരണങ്ങളും അന്നേ ദിവസം ഉണ്ടായിട്ടുണ്ട്. നഗരത്തിൽ ഇതുവരെ 10,52,495 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 16,679 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയതായി കണ്ടെത്തിയ 367 കേസുകളിൽ 316 എണ്ണവും അല്ലെങ്കിൽ 86 ശതമാനവും രോഗലക്ഷണങ്ങളില്ലാത്തവരാണെന്നാണ് അധികൃതർ പറയുന്നത്. അതുമാത്രമല്ല കുറച്ചു ദിവസങ്ങളായി കൊവിഡ് ബാധിതരായ രോഗികളുടെ ആശുപത്രിവാസത്തിലും ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്.

"കഴിഞ്ഞ 56 ദിവസത്തിനിടെ മുംബൈയിൽ പ്രതിദിനം ശരാശരി 5.5 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ദേശീയ അന്തർദേശീയ തലങ്ങളിൽ സംഭവിക്കുന്ന മരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ ചെറിയ സംഖ്യയാണ്. മൂന്നാം തരംഗത്തിന്റെ പാരമ്യത്തിൽ മറ്റ് നഗരങ്ങളിൽ ഉണ്ടായ മരണങ്ങളേക്കാൾ വളരെ കുറവാണിത്." -- ബി.എം.സി കമ്മീഷണർ ഐ ചാഹൽ പറഞ്ഞു.

കൊവിഡ് പടർന്നുപിടിക്കാൻ സാധ്യത കൂടുതലുള്ള മേഖലയാണ് ധാരാവി. ഒരു ചേരിപ്രദേശമായിതിനാൽ ഒരാൾക്ക് വന്നാൽ ആയിരങ്ങൾക്ക് പടർന്നു പിടിക്കും. എന്നാൽ ഏറെ ആശ്വാസകരമായ വാർത്തയാണ് ധാരാവിയിൽ നിന്ന് ജനുവരി അവസാന വാരത്തിൽ വന്നത്. മുംബൈയിൽ കൊവിഡിന്റെ മൂന്നാം തരംഗം വർധിച്ചപ്പോൾ ധാരാവി സുരക്ഷിതയായിരുന്നു. മാത്രമല്ല ആദ്യമായി ധാരാവി പ്രദേശത്ത് സീറോ കൊവിഡ് കേസുകൾ രേഖപ്പെടുത്തുകയും ചെയ്തു.

കൂടാതെ നേരത്തെ ഒക്ടോബർ 17ന് സീറോ കൊവിഡ് മരണം എന്ന നേട്ടവും മുംബൈ നഗരം സ്വന്തമാക്കിയിരുന്നു. 2020 മാർച്ചിന് ശേഷം ആദ്യമായാണ് പൂജ്യം മരണം നഗരത്തിൽ രേഖപ്പെടുത്തുന്നത്. അവസാനമായി പൂജ്യം മരണം റിപ്പോർട്ട് ചെയ്തത് 2020 മാർച്ച് 26നാണ്.

കൊവിഡിന്റെ രണ്ട് തരംഗങ്ങളിലും രാജ്യത്തെ ഏറ്റവും മോശം ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായിരുന്നു മഹാരാഷ്ട്ര. ചില ദിവസങ്ങളിൽ മൂന്നക്ക മരണങ്ങൾ വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഒക്ടോബർ രണ്ടാം വാരത്തിൽ ചേരികൾ ഉൾപ്പടെയുള്ള സംസ്ഥാനത്തെ പല പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് മാറ്റിയിട്ടുണ്ടായിരുന്നു. മഹാരാഷ്ട്രക്ക് പുറമെ ഡൽഹി, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിലും മരണസംഖ്യ പൂജ്യത്തിലെത്തിയിരുന്നു.

മഹാരാഷ്ട്രയെയും മുംബൈ നഗരത്തേയും ഏറ്റവും കൂടുതൽ പിടിച്ചുലച്ചത് ഡെൽറ്റാ വൈറസിന്റെ വ്യാപനമായിരുന്നു. തുടർന്ന് വൈറസിനെ തടയാൻ അധികൃതർ വലിയ രീതിയിലുള്ള ശ്രമങ്ങളും സംസ്ഥാനത്തുടനീളം നടത്തിയിരുന്നു. അങ്ങനെയാണ് ഒക്ടോബറിൽ മുംബൈയിൽ പൂജ്യം മരണം രേഖപ്പെടുത്തിയത്. എന്നാൽ പൂജ്യം മരണം എന്നുള്ള നേട്ടം 'പെട്ടെന്നുള്ള സംഭവവികാസമായി കാണുന്നില്ലെന്നാണ്' ബി.എം.സി അഡീഷണൽ കമ്മീഷണർ സുരേഷ് കക്കാനി പറഞ്ഞത്. രണ്ടാമത്തെ തരംഗത്തിലുടനീളം സമയബന്ധിതമായ ചികിത്സ രോഗികൾക്ക് നൽകിയിരുന്നു. മാത്രമല്ല, മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാണെന്ന് നിരന്തരം ഉറപ്പുവരുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുംബൈയിൽ കൊവിഡ് മരണങ്ങൾ പൂജ്യത്തിലെത്തിക്കുക എന്നത് തന്നെയാണ് തുടക്കം മുതലുണ്ടായിരുന്ന തങ്ങളുടെ ലക്ഷ്യമെന്ന് ഡോ. ശശാങ്ക് ജോഷി പറഞ്ഞു. ചികിത്സാ രീതികൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നിട്ടുപോലും ആദ്യ തരംഗത്തിൽ മരണങ്ങൾ കൂടുതലായിരുന്നു. എന്നാൽ അതിനെ താരതമ്യം ചെയ്യുമ്പോൾ രോഗികൾ കൂടുതൽ രണ്ടാം തരംഗത്തിലായിരുന്നെങ്കിലും മരണനിരക്ക് കുറവായിരുന്നെന്നും കൊവിഡ് സംബന്ധിച്ച മഹാരാഷ്ട്ര സർക്കാരിന്റെ ടാസ്‌ക് ഫോഴ്‌സ് അംഗം കൂടിയായ ഡോ. ശശാങ്ക് ജോഷി വ്യക്തമാക്കി.

****

Source: Agencies | Compiled by Bhadra Chandran