ആപ്പ്ജില്ല

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയെ ഗവർണർ ക്ഷണിച്ചു

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക് ക്ഷണം. ബിജെപി സർക്കാർ രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗവർണർ ശിവസേനയെ ക്ഷണിച്ചത്.

Samayam Malayalam 10 Nov 2019, 8:51 pm
Samayam Malayalam Uddhav Thackeray

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവർണർ ക്ഷണിച്ചു. കേവല ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരിക്കാനില്ലെന്ന് ബിജെപി അറിയിച്ചതിന് പിന്നാലെയാണ് ഗവർണർ ഭഗത് സിങ് കോഷിയാരി ശിവസേന നിയമസഭാ കക്ഷി നേതാവ് ഏക്നാഥ് ഷിൻഡെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്.

നാളെ രാത്രി 7.30 നകം സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രിയായിരുന്നു ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചിരുന്നത്. ഇന്ന് വൈകീട്ടോടെ ബിജെപി നിയമസഭാ കക്ഷി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ട് കേവല ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരിക്കാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിരിക്കുന്നത്.


undefinedAlso Read:

288 അംഗ നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാൻ വേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 105 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. സഖ്യകക്ഷിയായ ശിവസേനയ്ക്കൊപ്പം ചേർന്നാൽ ഭൂരിപക്ഷം ലഭിക്കുമായിരുന്നെങ്കിലും മുഖ്യമന്ത്രിപദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുന്നണിയ്ക്ക് സമവായത്തിലെത്താൻ കഴിയാതെ വന്നതാണ് പ്രസിസന്ധിയ്ക്കിടയാക്കിയത്.

പ്രതിപക്ഷത്തായിരുന്ന എൻസിപിയ്ക്കും കോൺഗ്രസിനുമൊപ്പം ചേർന്നാകും ശിവസേന സർക്കാർ രൂപീകരിക്കുക. സർക്കാർ രൂപീകരിക്കുമെന്ന സൂചനകൾ നേരത്തെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് നൽകിയിരുന്നു. ശിവസേനയിൽ നിന്ന് മുഖ്യമന്ത്രിയുണ്ടാകുമെന്ന ഉദ്ധവ് താക്കറുടെയും പ്രസ്താവന മുൻ നിർത്തിയായിരുന്നു റാവത്തിന്‍റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പിൽ 56 സീറ്റുകളായിരുന്നു ശിവസേനയ്ക്ക് ലഭിച്ചത്. എൻസിപിയ്ക്ക് 54 സീറ്റുകളും കോൺഗ്രസിന് 44 സീറ്റുകളും ഉണ്ട്. മൂന്ന് പാർട്ടികൾക്കും കൂടിചേർന്നാൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്