ആപ്പ്ജില്ല

ഗ്രാമങ്ങളിലേക്ക് പോകാന്‍ തയ്യാറല്ലെങ്കില്‍ ജയിലില്‍ പോകണമെന്ന് ഡോക്ടര്‍മാരോട് മഹാരാഷ്ട്ര സര്‍ക്കാര്‍

ഗ്രാമങ്ങളിലേക്ക് പോകാന്‍ തയ്യാറുള്ളവര്‍ക്കായി 10 ശതമാനം എം.ബി.ബി.എസ്. സീറ്റും 20 ശതമാനം പി.ജി. സീറ്റും സംവരണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍

Samayam Malayalam 10 Sept 2019, 12:14 pm
മുംബൈ: ഗ്രാമങ്ങളിലെ ഡോക്ടര്‍ - രോഗി ബന്ധം കൂടുതല്‍ മികച്ചതാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പദ്ധതികളൊരുക്കുന്നു. 10 ശതമാനം എം.ബി.ബി.എസ്. സീറ്റും 20 ശതമാനം പോസ്റ്റ് ഗ്രാജ്വേഷന്‍ സീറ്റും ഗ്രാമങ്ങള്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ക്കു വേണ്ടി മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Samayam Malayalam doctor.


എന്നാല്‍ ഈ സീറ്റുകളില്‍ പ്രവേശനം ലഭിക്കാന്‍ കര്‍ശനമായ നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ഈ സീറ്റുകളില്‍ പ്രവേശനം നേടുന്നവര്‍ കോഴ്‍സ് പൂര്‍ത്തിയാക്കിയ ശേഷം ഗ്രാമങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ ജയിലിലടയ്ക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു പുറമെ അവരുടെ ബിരുദം റദ്ദാക്കുകയും ചെയ്യും.

ഈ നിര്‍ദേശങ്ങളടങ്ങിയ ബില്ലിന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ ഉടനെ നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍, എയിഡഡ് മെഡിക്കല്‍ കോളേജുകളിലാണ് സീറ്റ് സംവരണം. ദീര്‍ഘകാലം ഗ്രാമീണ മേഖലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സീറ്റുകളില്‍ പ്രവേശനം ലഭിക്കും.

450-500 എം.ബി.ബി.എസ്. സീറ്റുകളും 300 പി.ജി. സീറ്റുകളുമാണ് ഇത്തരത്തില്‍ സംവരണം ചെയ്യുന്നത്.

ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പിനാവശ്യമായ ഡോക്ടര്‍മാര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു നിയമം കൊണ്ടുവന്നതെന്ന് മഹാരാഷ്ട്ര മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറേറ്റ് തലവന്‍ ഡോ. ടി.പി. ലഹാനെ പറഞ്ഞു.

1300 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് 2018-2019 വര്‍ഷത്തെ ഇക്കണോമിക് സര്‍വേ പ്രകാരം സംസ്ഥാനത്തെ ഡോക്ടര്‍-രോഗി അനുപാതം. ആയിരം പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന അനുപാതം. അതേസമയം, ഗ്രാമീണ മേഖലകളില്‍ 5000 പേര്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ് മഹാരാഷ്ട്രയിലെ സ്ഥിതി. സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 1.5 ലക്ഷം അലോപ്പതി ഡോക്ടര്‍മാരുണ്ട്. ഇതില്‍ 66081 പേര്‍ പി.ജി.യുള്ളവരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്