ആപ്പ്ജില്ല

കശ്മീരിൽ ഡ്രോൺ ഉപയോഗിച്ച് ആയുധക്കടത്തിന് പാക് ശ്രമം; മൂന്ന് ഭീകരർ പിടിയിലെന്ന് പോലീസ്

വെള്ളിയാഴ്ച വൈകീട്ട് രാജൗരി സെക്ടറിൽ പോലീസും 38 രാഷ്ട്രീയ റൈഫിൾസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെടുത്തതെന്നാണ് പോലീസ് മേധാവി വ്യക്തമാക്കിയത്

Samayam Malayalam 19 Sept 2020, 10:26 pm
ജമ്മു: ജമ്മു കശ്മീരിലെ രജൗരിയിൽ ഡ്രോണുകൾ ഉപയോഗിച്ച് ഭീകരർ ആയുധങ്ങൾ കടത്തുന്നെന്ന് പോലീസ്. ഡ്രോണുകളുപയോഗിച്ച് ഇന്ത്യൻ കറൻസിയും ആയുധങ്ങളും കടത്തുന്നതായി ഡിജിപി ദിൽബാഗ് സിങ്ങാണ് പറഞ്ഞത്. നിയന്ത്രണ രേഖയ്ക്ക് സമീപം അവ എടുക്കാനെത്തിയ മൂന്ന് ഭീകരവാദികളെ അറസ്റ്റ് ചെയ്തതായും അദ്ദേഹത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam Drones
പ്രതീകാത്മക ചിത്രം


വെള്ളിയാഴ്ച വൈകീട്ട് രാജൗരി സെക്ടറിൽ പോലീസും 38 രാഷ്ട്രീയ റൈഫിൾസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെടുത്തതെന്നാണ് പോലീസ് മേധാവി വ്യക്തമാക്കിയത്. അക്രമം വർധിപ്പിക്കാനും കേന്ദ്രഭരണ പ്രദേശത്ത് നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുമുള്ള പാക് ശ്രമം ഇല്ലാതാക്കിയെന്നും ദിൽബാഗ് സിങ്ങ് പറഞ്ഞു.

Also Read : ആന്ധ്രയിൽ ഇന്ന് 8,218 പേർക്ക് കൊവിഡ്; കർണാടകയിൽ 114 മരണം കൂടി

ലഷ്കർ തീവ്രവാദികൾക്കായാണ് ഡ്രോൺ ഉപയോഗിച്ച് ആയുധമെത്തിക്കുന്നതെന്നും പിടിയിലായവർ ലഷ്കറിന്‍റെ പ്രവർത്തകരാണെന്നും പോലീസ് പറയുന്നു. 'ആയുധങ്ങൾ എടുക്കാനെത്തിയ മൂന്ന് ലഷ്കർ ഭീകരവാദികളും കശ്മീർ സ്വദേശികളാണ്.' പോലീസ് ഓഫീസർ മുകേഷ് സിങ് പറഞ്ഞു. സെപ്റ്റംബർ 11 ന് ശേഷം രാജൗരി, പൂഞ്ച് ജില്ലകളിലായി നടന്ന മൂന്നാമത്തെ വിജയകരമായ ദൗത്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, പൂഞ്ചിലെ ബാലകോട്ട് സെക്ടറിൽ രണ്ട് ആളുകളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് 11 കോടി രൂപ വിലമതിക്കുന്ന 11 കിലോ ഹെറോയിൻ രാജൗരിയിൽ നിന്നും പിടികൂടി.

Also Read: എന്താണ് കാര്‍ഷിക ബിൽ? എന്തുകൊണ്ടാണ് ഇതിനെതിരെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്?

ഡ്രോണുകളിലൂടെ തീവ്രവാദ സംഘടനകൾ കാശ്മീരിലേക്ക് ആയുധങ്ങൾ കടത്തുന്നത് വർധിച്ചതോടെ ബിഎസ്എഫ് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. നേരത്തെ അതിർത്തിയിലൂടെ കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കളും അതിർത്തി സുരക്ഷാ സേന പിടികൂടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്