ആപ്പ്ജില്ല

വിദേശഫണ്ട് വാങ്ങാൻ ഇനി ആധാർ നിർബന്ധം;​ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കി

ബിൽ ഭേദഗതി പ്രകാരം സ്വകാര്യ സന്നദ്ധ സംഘടനകൾ ഇനി മുതൽ വിദേശ രാജ്യങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കണമെങ്കിൽ ആധാർ നിർബന്ധമാണ്. ലോക്സഭ തിങ്കളാഴ്ച പാസാക്കിയ ബില്ലാണ് രാജ്യസഭയും പാസാക്കിയിരിക്കുന്നത്

Samayam Malayalam 23 Sept 2020, 3:33 pm
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുന്നതിനുള്ള വിദേശസംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ പാർലമെന്‍റ് പാസാക്കി. വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് എൻജിഒകൾക്ക് ആധാർ നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട ബില്ലാണ് പാർലമെന്‍റ് ബുധനാഴ്ച പാസാക്കിയിരിക്കുന്നത്. എംപിമാരുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്ന വേളയിലാണ് എഫ്സിആർഎ (FCRA) ഭേദഗതി ബിൽ 2020 സഭ പാസാക്കിയത്.
Samayam Malayalam rajya sabha
പ്രതീകാത്മക ചിത്രം


ബിൽ ഭേദഗതി പ്രകാരം സ്വകാര്യ സന്നദ്ധ സംഘടനകൾ ഇനി മുതൽ വിദേശ രാജ്യങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കണമെങ്കിൽ ആധാർ നിർബന്ധമാണ്. നിയമം ഒരു സംഘടനയ്ക്കും എതിരല്ലെന്നും സുതാര്യത നിലനിർത്താനുള്ള ശ്രമമാണിതെന്നും ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. രാജ്യത്ത് മികച്ച പ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്ന എൻ‌ജി‌ഒകളുടെ താൽ‌പ്പര്യത്തിനുസരിച്ചാണ് ഈ ഭേദഗതിയെന്നും അദ്ദേഹം പറയുന്നു.


'ദേശീയവും ആഭ്യന്തരവുമായ സുരക്ഷയ്ക്കുള്ള നിയമമാണിത്. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക വ്യവഹാരങ്ങളിൽ വിദേശ ഫണ്ടുകൾ ആധിപത്യം പുലർത്തുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം' നിത്യാനന്ദ് റായ് പറഞ്ഞു. പല സംഘടനകളും തങ്ങളുടെ ഐഡന്‍റിറ്റി മറയ്ക്കാൻ ശ്രമിച്ചെന്നാണ് മുൻകാല അനുഭവത്തിൽ നിന്ന് വ്യക്തമാകുന്നെന്നും സംഘടനകളെ തിരിച്ചറിയുന്നതിനുള്ള ഭാഗമായാണ് ആധാർ കാർഡ് കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read : കാ‍ര്‍ഷിക ബില്ലുകള്‍ക്കെതിരെ കേരള സര്‍ക്കാര്‍; സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ തീരുമാനം

ലോക്സഭ തിങ്കളാഴ്ച പാസാക്കിയ ബില്ലാണ് രാജ്യസഭയും പാസാക്കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബിൽ അയച്ചിരിക്കുകയാണ്. വിദേശത്തു നിന്ന് സംഭാവന വരുമ്പോൾ സന്നദ്ധ സംഘടനകൾ സ്വീകരിക്കുകയാണെങ്കിൽ അതിന്റെ 20 ശതമാനം മാത്രമേ അവരുടെ ചെലവുകൾക്കായി ഉപയോഗിക്കാൻ കഴിയൂ എന്നതാണ് ഇന്ന് പാസ്സായ നിയമഭേദഗതിയിലെ പ്രധാന കാര്യം. ബാക്കി തുക സന്നദ്ധ പ്രവർത്തനങ്ങൾക്കായാണ് വിനിയോഗിക്കേണ്ടത്.

Also Read : വിദേശ സംഭാവനയ്ക്ക് ഇനി പുതിയ നിയമഭേദഗതി: ബിൽ പാസാക്കി രാജ്യസഭയും

വിദേശ ധനസഹായം ലഭിക്കുന്ന എൻജിഒകളുടെ ചെലവ് 50 ശതമാനത്തിൽ നിന്നാണ് 20 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ബാക്കി തുക സംഘടനകളുടെ പ്രധാന ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നവെന്ന് ഉറപ്പാക്കാനാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്