ആപ്പ്ജില്ല

തമിഴ്നാട്ടിൽ കത്തുമോ 'കച്ചത്തീവ്'? ദ്വീപ് കൈമാറ്റം ആയുധമാക്കി മോദി; കോൺഗ്രസിന് രൂക്ഷ വിമർശനം

കച്ചത്തീവ് ദ്വീപ് കൈമാറ്റത്തിൽ കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് കച്ചത്തീവ് കൈമാറ്റവുമായി ബന്ധപ്പെട്ട വിവരാവകാശ രേഖയെ ഉദ്ധരിച്ചുള്ള റിപ്പോ‍ർട്ട് ചൂണ്ടിക്കാട്ടി മോദി വിമർശിച്ചു. ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയ്ക്ക് ആണ് ഇതുസംബന്ധിച്ച വിവരാവകാശ രേഖ ലഭിച്ചത്.

Authored byദീപു ദിവാകരൻ | Samayam Malayalam 31 Mar 2024, 1:19 pm

ഹൈലൈറ്റ്:

  • കച്ചത്തീവ് ദ്വീപ് കൈമാറ്റത്തിൽ പ്രധാനമന്ത്രി.
  • കോൺഗ്രസിന് രൂക്ഷ വിമർശനം.
  • കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് മോദി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Narendra Modi on Katchatheevu
കച്ചത്തീവ്, നരേന്ദ്ര മോദി.
ന്യൂഡൽഹി: തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറ്റം ചെയ്ത ഇന്ദിരാ ഗാന്ധി സർക്കാരിൻ്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താത്പ്പര്യങ്ങളും ദുർബലപ്പെടുത്തുന്നത് 75 വർഷമായി കോൺഗ്രസിൻ്റെ പ്രവർത്തനരീതിയാണെന്നും മോദി കുറ്റപ്പെടുത്തി. കച്ചത്തീവ് കൈമാറ്റവുമായി ബന്ധപ്പെട്ട് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയ്ക്ക് വിവരാവകാശ മറുപടി ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ വിമർശനം.
വിവരാവകാശ മറുപടി കണ്ണ് തുറപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. കച്ചത്തീവ് എങ്ങനെയാണ് കൈവിട്ടുപോയതെന്ന് പുതിയ വസ്തുതകൾ വെളിപ്പെടുത്തുന്നു. അത് ഓരോ ഇന്ത്യക്കാരനെയും രോഷാകുലനാക്കുന്നു. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് ജനങ്ങൾ ആവർത്തിച്ച് ഉറപ്പിക്കുന്നു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും താത്പ്പര്യങ്ങളും ദുർബലപ്പെടുത്തുന്നത് 75 വർഷമായി കോൺഗ്രസിൻ്റെ പ്രവർത്തനരീതിയാണെന്നും മോദി വിമർശിച്ചു.


കച്ചത്തീവ് ദ്വീപ് 1975 വരെ ഇന്ത്യയുടേതായിരുന്നുവെന്ന് ബിജെപി വക്താവ് സുധാൻഷു ത്രിവേദി പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുളള മത്സ്യത്തൊഴിലാളികൾ നേരത്തെ ഇവിടേയ്ക്ക് പോകുമായിരുന്നു. എന്നാൽ ഇന്ത്യ ശ്രീലങ്കയുമായി ഒപ്പുവെച്ച കരാറോടെ അത് തടസപ്പെട്ടു. നിർഭാഗ്യവശാൽ, ഡിഎംകെയോ കോൺഗ്രസോ ഈ വിഷയം ഉയർത്തിക്കൊണ്ടുവരുന്നില്ല. രാജ്യത്തോടും ജനങ്ങളോടുമുള്ള പ്രതിബന്ധത മൂലമാണ് മോദി ഇത് ഉയർത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി രേഖകളില്ലാതെ പ്രസ്താവനകൾ നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. എന്തെങ്കിലും രേഖകളുണ്ടെങ്കിൽ അത് ഞങ്ങൾക്കും കാണണം. കഴിഞ്ഞ ഒൻപത് വർഷമായി പ്രധാനമന്ത്രി എന്താണ് ചെയ്തത്?. ഇതുസംബന്ധിച്ച വിവരമുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഇത്രയും കാലം മൗനം പാലിച്ചു. ഇതൊക്കെ ബിജെപിയുടെ സെലക്ടീവ് പ്രചാരണങ്ങളാണ്. എല്ലാം തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ്. എല്ലാ സ‍ർവേകളിലും ബിജെപി തിരിച്ചടി നേരിടുമെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശക്തികാട്ടാൻ ഇന്ത്യ സഖ്യം; ഡൽഹിയിൽ ഇന്ന് മെഗാ റാലി; 28 പ്രതിപക്ഷ പാർട്ടികൾ പങ്കെടുക്കും

കച്ചത്തീവ് ദ്വീപ്


തമിഴ്നാട്ടിലെ രാമേശ്വരത്തിനും ശ്രീലങ്കയ്ക്കും ഇടയിലാണ് കച്ചത്തീവ് ദ്വീപ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ തീരത്തുനിന്ന് 20 കിലോമീറ്റ‍ർ അകലെയാണ് ദ്വീപ്. ആകെ വലുപ്പം 1.9 ചതുരശ്ര കിലോമീറ്റ‍ർ. ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളും ദ്വീപ് ഉപയോഗിച്ചിരുന്നു. ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയ്ക്ക് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം, ദ്വീപിൻ്റെ അവകാശം ഉന്നയിച്ചു ശ്രീലങ്ക രംഗത്തുവന്നിരുന്നതായി പറയുന്നു. എന്നാൽ ഇന്ത്യ ദശാബ്ദങ്ങളോളം എതി‍ർത്തു.
ബോട്ട് വളഞ്ഞ് 'സുമേധയും ത്രിശൂലും', നിൽക്കകള്ളിയില്ലാതെ കടൽകൊള്ളക്കാർ; ഇന്ത്യയ്ക്ക് സിന്ദാബാദ് വിളിച്ച് പാകിസ്താൻ പൗരന്മാ‍ർ

ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യൻ നാവികസേന അനുമതിയില്ലാതെ ദ്വീപിൽ പരിശീലനം നടത്തുന്നത് ശ്രീലങ്ക എതിർത്തു. 1955ൽ ശ്രീലങ്കൻ വ്യോമസേനയുടെ പരിശീലനം ദ്വീപിൽ നടന്നു. ദ്വീപിൻ്റെ അവകാശം ഉപേക്ഷിക്കാൻ പ്രധാനമന്ത്രി ജവഹ‍ർലാൽ നെഹ്റു സന്നദ്ധത അറിയിച്ചിരുന്നതായും രേഖയിലുണ്ട്. 1974ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇൻഡോ - ശ്രീലങ്കൻ മാരിടൈം കരാറിൽ ഒപ്പിട്ടു കച്ചത്തീവ് ദ്വീപ് ശ്രീലങ്കയുടേതാണെന്ന് അംഗീകരിച്ചു നൽകി എന്നുമാണ് വിവരാവകാശ രേഖയിൽ പറയുന്നത്.
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്