ആപ്പ്ജില്ല

സംഘംചേർന്ന് ലൈംഗികാക്രമണം; പോലീസ് കേസെടുത്തില്ല; യുവതി ആത്മഹത്യ ചെയ്തു

മെയ് 15ന് ഭർത്താവിന് സുഖമില്ലെന്നു തെറ്റിദ്ധരിപ്പിച്ച് അകന്ന മൂന്ന് ബന്ധുക്കൾ ചേർന്ന് തെലങ്കാനയിലെ സെക്കന്തരാബാദിലേക്ക് കൊണ്ടുപോയെന്നും അവിടെവെച്ച് ഒരാഴ്ചയോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതി.

Samayam Malayalam 18 Jun 2019, 6:48 pm
ന്യൂഡൽഹി: ഉത്തർപ്രദേശിൽ ലൈംഗികാക്രമണത്തിൽ കേസെടുക്കാത്തതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. പോലീസ് കേസെടുക്കാത്തതിനെത്തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് യുവതി ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. യുപിയിലെ ദതാഗഞ്ചിൽ 24 കാരിയായ യുവതിക്കെതിരെയാണ് ലൈംഗികാക്രമണം ഉണ്ടായത്. ശനിയാഴ്ച യുവതി പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല.
Samayam Malayalam rape


ഞായറാഴ്ചയാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആത്മഹത്യയെത്തുടർന്ന് ദതാഗഞ്ച് സ്റ്റേഷൻ ഓഫീസർ അമൃത് ലാലിനെ സസ്പെന്റ്ചെയ്തു. ആക്രമണം നടന്നത് സെക്കന്തരാബാദിലായതിനാൽ യുവതിയോട് അവിടെ പരാതി നൽകാനാണ് ദതാഗഞ്ച് പോലീസ് നിർദ്ദേശിച്ചത്. എന്നാൽ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് കേസ് രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

യുവതി ബറെയ്‌ലി മേഖലാ എഡിജിപി അവിനാശ് ചന്ദ്രയ്ക്ക് പരാതി നൽകിയിരുന്നെങ്കിലും അദ്ദേഹവും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. കുറച്ചു വർഷങ്ങൾക്കുമുമ്പ് വിവാഹിതയായ യുവതി ഭർത്താവുമായി വേർപിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചുവന്നിരുന്നത്.

മെയ് 15ന് ഭർത്താവിന് സുഖമില്ലെന്നു തെറ്റിദ്ധരിപ്പിച്ച് അകന്ന മൂന്ന് ബന്ധുക്കൾ ചേർന്ന് തെലങ്കാനയിലെ സെക്കന്തരാബാദിലേക്ക് കൊണ്ടുപോയെന്നും അവിടെവെച്ച് ഒരാഴ്ചയോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി ആത്മഹത്യ കുറിപ്പിൽ പറഞ്ഞു. അവിടെനിന്നും ഡൽഹിയിലേക്ക് കൊണ്ടുപോകവെ റെയിൽവേ സ്റ്റേഷനിൽവെച്ച് തന്റെ പിതാവിനെ കാണുകയും അവരിൽനിന്നും രക്ഷപെടുകയായിരുന്നുവെന്നും യുവതി കുറിപ്പിൽ വ്യക്തമാക്കി.

യുവതിയുടെ മൂന്ന് ബന്ധുക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്