ആപ്പ്ജില്ല

ക്രിസ്ത്യൻ വിശ്വാസികളുടെ പ്രാർഥന വിലക്കി കർണാടക പോലീസ്; പ്രതിഷേധിച്ച് അന്താരാഷ്ട്ര സംഘടനകൾ

തങ്ങള്‍ ക്രിസ്ത്യാനികളാണെന്നതിൻ്റെ തെളിവു കാണിക്കണമെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനധികൃതമായി കൈപ്പറ്റുകയാണെന്നും പോലീസ് പറഞ്ഞതായി അവര്‍ ആരോപിച്ചു.

Samayam Malayalam 11 Jan 2021, 10:23 am
ഹസ്സൻ: കര്‍ണാടകയിൽ ക്രിസ്ത്യൻ വിഭാഗത്തിൻ്റെ പ്രാര്‍ഥനായോഗങ്ങള്‍ സര്‍ക്കാര്‍ വിലക്കിയതായി റിപ്പോര്‍ട്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഇവരുടെ ആരാധന സര്‍ക്കാര്‍ അനിശ്ചിത കാലത്തേയ്ക്ക് വിലക്കിയതെന്നാണ് വിവരം. അതേസമയം, ഏതു നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല.
Samayam Malayalam christians
പ്രതീകാത്മക ചിത്രം Photo: AP/File


അൻപതോളം പേര്‍ വരുന്ന സംഘത്തിലെ ആരും ജനിച്ചത് ക്രിസ്ത്യാനികളായല്ലെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവരെ നിര്‍ബന്ധപൂര്‍വമോ തട്ടിപ്പിലൂടെയോ മതം മാറ്റിയതാകാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഹസ്സൻ ജില്ലയിലുള്ള ബന്നിമാര്‍ദത്തി ഗ്രാമത്തിലെ പതിനഞ്ചോളം ക്രിസ്ത്യൻ കുടുംബങ്ങള്‍ക്കാണ് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതെന്ന് ഇന്‍റര്‍നാഷണൽ ക്രിസ്ത്യൻ കൺസേൺ എന്ന സംഘടന തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിൽ പറയുന്നു.

Also Read: ആശ്വാസമേകി പ്രതിദിന കൊവിഡ് കണക്കുകൾ വീണ്ടും കുറഞ്ഞു; ആക്ടീവ് കേസുകൾ 2.22 ലക്ഷം

ജനുവരി നാലിന് ഈ കുടുംബങ്ങളോട് ഡിഎസ്‍പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നിൽ ഹാജരാകാൻ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് തങ്ങള്‍ ക്രിസ്ത്യാനികളാണെന്നതിൻ്റെ തെളിവ് കാണിക്കാൻ ഇവരോട് ആവശ്യപ്പെട്ടു. ഹിന്ദുക്കളെന്ന നിലയിലും ക്രിസ്ത്യാനികളെന്ന നിലയിലും ഇവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്ന് പോലീസ് ആരോപിച്ചതായും ഇവര്‍ പറഞ്ഞു. ഇതിനു ശേഷമായിരുന്നു കുടുംബങ്ങള്‍ക്ക് ആരാധനാവിലക്ക് ഏര്‍പ്പെടുത്തിയത്.

എന്നാൽ ഈ കുടുംബങ്ങളിലെ ആരും ക്രിസ്ത്യാനികളായല്ല ജനിച്ചതെന്നും നിര്‍ബന്ധിച്ചോ തട്ടിപ്പിലൂടെയോ ഇവരെ ക്രിസ്ത്യാനികളായി മതം മാറ്റുകയായിരുന്നുവെന്ന് അവകാശപ്പെടുകയാണെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Also Read: കൊവിഡ് വാക്സിൻ വിതരണം: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ നിർണായക ചർച്ച ഇന്ന്

അതേസമയം, ഈ നടപടിയ്ക്ക് പിന്നിൽ തീവ്രഹിന്ദു സംഘടനകളാണെന്നാണ് പ്രദേശത്തെ ഒരു ക്രിസ്ത്യൻ വിശ്വാസിയെ ഉദ്ധരിച്ച് ഐസിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളെ പിന്തിരിപ്പിക്കാനായി മര്‍ദ്ദനവും ഭൃഷ്ടും അടക്കം നടത്തി നോക്കിയെങ്കിലും പിന്മാറാത്തതിനെ തുടര്‍ന്നാണ് ഇവര്‍ പോലീസിനെ ദുരുപയോഗിക്കുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

അതേസമയം, ഭരണഘടനയിൽ ആരാധനാ സ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 25ന് എതിരാണ് കര്‍ണാടക പോലീസ് നടപടിയെന്നാണ് അന്താരാഷ്ട്ര ക്രിസ്ത്യൻ സംഘടന ആരോപിക്കുന്നത്. ഇന്ത്യയിൽ ഭരണഘടന പ്രകാരം ഏതു മതത്തിൽ വിശ്വസിക്കാനും മതം പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ടെന്നും സംഘടനയുടെ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പോലീസ് തങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നാണ് സ്ഥലത്തെ ഒരു പാസ്റ്റര്‍ പറയുന്നത്.

മതപരിവര്‍ത്തനം തടയാനായി സംസ്ഥാനത്ത് പുതിയ നിയമനിര്‍മാണം നടത്തുമെന്ന് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശ്, അസം, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളും സമാനമായ നടപടികള്‍ ആലോചിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശിൽ ലൗ ജിഹാദ് തടയാനായി നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം വലിയ വിവാദമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്