ആപ്പ്ജില്ല

അയോധ്യ വിധി: 'അനാവശ്യ പ്രസ്താവനകൾ ഒഴിവാക്കണം,'മന്ത്രിമാർക്ക് മുന്നറിയിപ്പുമായി മോദി

നവംബര്‍ 17 ന് മുമ്പായി അയോധ്യ കേസിൽ സുപ്രീംകോടതി വിധി പറയുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി, ആർഎസ്എസ് നേതൃത്വം പ്രവർത്തകരോട് പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Samayam Malayalam 7 Nov 2019, 10:19 am
Samayam Malayalam Modi



ന്യൂഡൽഹി: അയോധ്യ വിധി പ്രസ്താവിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും രാജ്യത്തിൻ്റെ ഐക്യം നിലനിർത്തണമെന്നും മന്ത്രിമാര്‍ക്ക് മോദി നിര്‍ദ്ദേശം നൽകിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും രാജ്യത്തിൻ്റെ ഐക്യം നിലനിര്‍ത്തണമെന്നും മോദി യോഗത്തിൽ നിര്‍ദ്ദേശിച്ചു. വിധിയെ വിജയത്തിന്റെയും തോൽവിയുടെയും കണ്ണിലൂടെ കാണരുതെന്നും മോദി പറഞ്ഞു.

രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ബിജെപി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. സമാധാനം ഉറപ്പുവരുത്താൻ ഓരോ മണ്ഡലങ്ങളിലും എംപിമാര്‍ സന്ദര്‍ശിക്കണമെന്നും ബിജെപി നിര്‍ദ്ദേശിച്ചു. ആര്‍എസ്എസ് നേതൃത്വവും പ്രചാരകന്മാര്‍ ഉള്‍പ്പെടെയുള്ളവരോട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിജെപി, ആര്‍എസ്എസ് നേതൃത്വവും മുസ്ലീം സംഘടനകളിലെ നേതൃത്വവും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ വസതിയിലാണ് യോഗം നടന്നത്.

അയോധ്യ കേസിൻ്റെ അന്തിമവിധി വരാനിരിക്കെ പ്രക്ഷുബ്ധമായതും, വിദ്വേഷം പ്രചരിപ്പിക്കുന്നതും, തീവ്രവികാരമുണർത്തുന്നതുമായ യാതൊരുവിധ വാർത്തയും സംപ്രേക്ഷണം ചെയ്യരുതെന്ന് കേന്ദ്ര വാർത്താപ്രഷേപണ അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നു. വിവിധ സുരക്ഷാ-അന്വേഷണ വിഭാഗങ്ങൾ അതീവ ജാഗ്രതയോടെ സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം സുപ്രീംകോടതി നവംബര്‍ 17 ന് മുമ്പായി അയോധ്യ കേസിൽ വിധി പറയുമെന്നാണ് റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ കാലാവധി നവംബര്‍ 17 നാണ് അവസാനിക്കുന്നത്. പുതിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ 18 ന് സത്യപ്രതിജ്ഞ ചെയ്യും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്